Tuesday, April 30, 2024
HomeKeralaപ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും തീവ്രമാകുന്നു; മരണ സാധ്യത കൂടുതലെന്നും വിദ​ഗ്ധ സമിതി

പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും തീവ്രമാകുന്നു; മരണ സാധ്യത കൂടുതലെന്നും വിദ​ഗ്ധ സമിതി

തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്‌സിൻ (Covid Vaccine) എടുക്കാത്തവരിലും മറ്റ് രോ​ഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ വകഭേദം (Omicron)  തീവ്രമാകുമെന്ന് സംസ്ഥാന കൊവിഡ് വിദ​ഗ്ധ സമിതി (Covid Expert Committee). ജനസാന്ദ്രത കൂടുതലായതിനാൽ, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. അപകടസാധ്യതയുള്ളവർ (പ്രായാധിക്യമുള്ളവർ, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവർ) കേരളത്തിൽ കൂടുതലാണെന്നും ഓർത്തിരിക്കേണ്ടതാണെന്നും വിദ​ഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ (Dr. B Eqbal)  പറഞ്ഞു.

ഒമിക്രോൺ വകഭേദത്തിന്റെ  കോവിഡ് രോഗ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ശാസ്തീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിതഭീതി ഒഴിവാക്കി ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്.  ഡൽറ്റ അടക്കമുള്ള മുൻ വകഭേദങ്ങളെക്കാൾ രോഗ്വ്യാപന നിരക്ക് ഒമിക്രോണിന് വളരെ കൂടുതലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗതീവ്രത വളരെ കുറവാണെന്നും കാണുന്നു.  പ്രായാധിക്യമുള്ളവരിലും  മറ്റ് രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലുമാണ് ഒമിക്രോൺ തീവ്ര രോഗലക്ഷണങ്ങൾക്കും മരണത്തിനും കാരണമാവുന്നത്. വാക്സിനെടുത്തവരിൽ രോഗം വന്നാലും രൂക്ഷതയും മരണസാധ്യതയും തീരെ  കുറവായിരിക്കും. വാക്സിനെടുക്കാത്തവർ, പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവർ ഇനിയും വൈകാതെ വാക്സിൻ സ്വീകരിക്കേണ്ടതാണ്.

മാസ്ക് ധാരണം, ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കൽ, അടഞ്ഞ മുറികളിലെ (പ്രത്യേകിച്ച് എ സി മുറികളിലെ) വായുസഞ്ചാരം ഉറപ്പാക്കൽ ഇവയാണ് കരുതൽ നടപടികളിൽ പ്രധാനമായും ശ്രദ്ധിക്കാനുള്ളത്.  കഴിഞ്ഞ ഏതാനും ദിവസത്തെ അനുഭവത്തിൽ കാണാൻ കഴിഞ്ഞത് പല സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ പോലും നിരവധി യോഗങ്ങൾ അടഞ്ഞ ഏ സി മുറികളിൽ നടക്കുന്നതായാണ്. ഇതുടൻ അവസാനിപ്പിക്കണം. ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കാൻ കഴിയാത്ത മുറികളിലും ഹോളുകളിലൂമുള്ള മീറ്റിംഗുകളും ചടങ്ങുകളും പൂർണ്ണമായും ഒഴിവാക്കണം.  അത് പോലെ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ ജനാലകളില്ലെങ്കിൽ വാതിലുകളെങ്കിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും വിദ​ഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular