Saturday, May 4, 2024
HomeUSAമണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം'

മണ്ണിക്കരോട്ടിന്റെ ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’

ശ്രീ ജോർജ് മണ്ണിക്കരോട്ടിന്റെ അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം വളരെ കൗതുകത്തോടെ, സന്തോഷത്തോടെ  കൈപ്പറ്റി. കൗതുകത്തോടെ എന്ന് പറയുന്നത് അമേരിക്കൻ മലയാളസാഹിത്യം എന്നൊന്നില്ല, അങ്ങനെ ഒന്ന് വേണ്ട എന്നു  ഇവിടെയുള്ള എഴുത്തുകാർ (ഈ ലേഖകനും, ശ്രീ അബ്ദുൾ  പുന്നയൂർക്കുളവും, ജോൺ മാത്യുവും (ഹൂസ്റ്റൺ) ഒഴികെ) പറയുമ്പോൾ ഈ പുസ്തകത്തിന്റെ പ്രസക്തി ഒരു കാൽ നൂറ്റാണ്ടു കഴിയുമ്പോഴായിരിക്കുമല്ലോ എന്നോർത്തതുകൊണ്ടാണ്. പിന്നെ അമേരിക്കയിൽ ഒരു ആധുനിക സാഹിത്യമുണ്ടോ എന്ന സംശയവും. 2007 ഇൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്നേവരെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നുവെന്നായിരിക്കും ഗ്രന്ഥകർത്താവ് ഉദേശിച്ചത് ഈ ലേഖകനും അമേരിക്കൻ മലയാള സാഹിത്യചരിത്രത്തെപ്പറ്റി മൂന്നു ലേഖനങ്ങൾ എഴുതിയിരുന്നു. അമേരിക്കയിൽ ഒരു മലയാളസാഹിത്യം വേണമെന്ന ഈ ലേഖകന്റെ മൂന്നാമത്തെ ലേഖനത്തിനു ശ്രീ പുന്നയൂർക്കുളവും, ശ്രീ ജോൺ മാത്യുവും മാത്രമാണ് യോജിപ്പ് പ്രകടിപ്പിച്ചത്.

നാട്ടിലുള്ള പ്രശസ്ത എഴുത്തുകാർ  അമേരിക്കൻ മലയാളസാഹിത്യം വേണ്ട എന്നു കൽപ്പിക്കുകയും ഇവിടെയുള്ളവർ അതനുസരിക്കുകയും ചെയ്യുന്നത് അവരുടെ ഇഷ്ടം. മലയാളസാഹിത്യം എവിടെ ഇരുന്നു എഴുതിയാലും അതു മലയാള സാഹിത്യം എന്നു  പറയുന്നത് ശരിയാണ്. ഏതു രാജ്യത്തിരുന്നു ഇംഗളീഷിൽ എഴുതിയാലും അതു ഇംഗളീഷ് സാഹിത്യമായി കണക്കാക്കുമെങ്കിലും അതാതു രാജ്യത്തിൻറെ പേരുകൂടി ചേർത്തു പറയുന്നതു കാണാറുണ്ട്. ഉദാഹരണമായി ഇന്ത്യയിൽ ഇരുന്നു ഇംഗളീഷിൽ എഴുതുമ്പോൾ ഇന്ത്യൻ ഇംഗളീഷ് ലിറ്ററേച്ചർ എന്നാണു പറയുന്നത്. ബ്രിട്ടീഷ്‌കാർ ഇംഗളീഷിൽ എഴുതുന്നത് ബ്രിട്ടീഷ് ലിറ്ററേച്ചർ എന്ന് പറയുന്നുണ്ട്. അപ്പോൾ പിന്നെ അമേരിക്കയിൽ ഇരുന്നു മലയാളത്തിൽ എഴുതുമ്പോൾ അതിനെ അമേരിക്കൻ മലയാളസാഹിത്യം എന്നു പ റയുന്നതു  തെറ്റാകില്ലല്ലോ? അങ്ങനെ ഒരു സാഹിത്യം ഇവിടെ വളരുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ലല്ലോ. ഒരു പക്ഷെ നാട്ടിലെ പ്രശസ്തരായ എഴുത്തുകാർക്ക്  റാൻ മൂളി അമേരിക്കൻ മലയാളസാഹിത്യം എന്നൊന്നില്ലെന്നു പുച്ഛിച്ച് നടക്കുന്നവരെ  കണ്ട് വ്യസനിച്ചിട്ടാകും ഇങ്ങനെ ഒരു പുസ്തകം എഴുതി തലമുറക്ക് കൈമാറാമെന്ന് ശ്രീ മണ്ണിക്കരോട്ട് തീരുമാനിച്ചത്.

അല്ലെങ്കിൽ ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു  അമ്മാത്തു ഒട്ടു എത്തിയുമില്ല എന്ന് പറഞ്ഞ നമ്പൂതിരിയുടെ വിധിയാകും അമേരിക്കൻ മലയാളസാഹിത്യത്തിന്. കാരണം നാട്ടിലെ എഴുത്തുകാർക്ക്  പറ വച്ചുകൊണ്ടു ഇവിടെയുള്ള എഴുത്തുകാർ നിന്നാൽ അവർ  ഇവരെ നാട്ടിലെ മുഖ്യധാരയിൽ ചേർക്കില്ലെന്ന മാത്രമല്ല നാട്ടിലെ എഴുത്തുകാർക്ക് കിട്ടുന്ന അംഗീകാരങ്ങളോ ആനുകൂല്യങ്ങളോ ഒന്നും കൊടുക്കുകയുമില്ല. ഇത് വരെ ഒന്നും കൊടുത്തിട്ടില്ലെന്നു പകൽപോലെ വ്യക്തം. നാട്ടിലെ എഴുത്തുകാർക്ക്  സ്തുതിപാടി അവരുടെ കൂടെ പടം എടുക്കാമെന്നല്ലാതെ ഒരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ലെന്നു മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular