Tuesday, May 7, 2024
HomeEditorialഒരായിരം വർഷങ്ങൾ ഈ ഭൂമിയിലെ വസന്തം ആസ്വദിക്കണം

ഒരായിരം വർഷങ്ങൾ ഈ ഭൂമിയിലെ വസന്തം ആസ്വദിക്കണം

സുന്ദരവും നയന മനോഹരവുമായ  ഒരു വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട്  സുന്ദരികളായ റോബിൻ പക്ഷികളെ   രണ്ട് ദിവസങ്ങൾ ആയി ന്യൂ യോർക്കിൽ കാണുന്നുണ്ട്  . റോബിൻ എത്തിയാൽ സ്പ്രിംഗിന്റെ വരവ് എന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ട് തന്നെ ശൈത്യകാലത്ത്  റോബിൻ പക്ഷിയെ കാണുന്നത് വളരെ സന്തോഷമാണ്.

ഏതോ വരപ്രസാദത്തിന്റെ ഓർമ്മയിൽ അനുഭൂതികളുടെ ലോകം സ്വപ്നം കണ്ടുകൊണ്ട്  കഴിയുന്ന മലയാളികളായ  നാം ഏവരും ആഗ്രഹിക്കുന്നതാണ് അമേരിക്കൻ വസന്തകാലം. ഒരു മണിക്കൂർ  മുന്നേ ഉണർത്തിക്കൊണ്ടാണ് ഇവിടുത്തെ വസന്തകാലം ആരംഭിക്കുന്നത്. നമ്മൾ കേരളക്കാരെ സംബന്ധിച്ചടത്തോളം   മിക്കവരും  ജനിച്ചതും വളർന്നതും വേനൽ കാലാവസ്ഥയിൽ ആയതുകൊണ്ട് നാമെല്ലാം  ഇഷ്‌ടപ്പെടുന്നതും ഈ  വസന്ത കാലം തന്നെ.

അമേരിക്കൻ വൻ‌കരയിൽ സാധാരണ കണ്ടുവരുന്ന ത്രഷ് കുടുംബത്തിൽപ്പെട്ട പക്ഷിയാണ് അമേരിക്കൻ റോബിൻ. കേരളത്തിൽ കാണപ്പെടുന്ന മാടത്തക്കിളിയോട് രൂപത്തിൽ ഏറെ സാമ്യമുണ്ട്. ഹ്രസ്വദേശാടന പക്ഷികളായ ഇവ അലാസ്ക മുതൽ ന്യൂഫൌണ്ട് ലാൻഡ് വരെ ഉഷ്ണകാലത്തിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു. റോബിൻ എത്തിന്നതിനോടൊപ്പം  മറ്റു പക്ഷികളും എത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം വാസസ്ഥലത്തേക്കു തന്നെ മടങ്ങിയെത്താനുള്ള ഇവയുടെ കഴിവും പരിതസ്ഥിതികളും  അതിനോട് അനുബന്ധിച്ചുള്ള  ആളുകളെയും ഓർത്തിരിക്കാനുമുള്ള അവയുടെ   ബുദ്ധിയും  അസാമാന്യം  തന്നെ.

അതിജീവനത്തിനായി ജീവികൾ നടത്തുന്ന സഞ്ചാരമാണ് ദേശാടനം. ചില ജീവികൾ ഒരു വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ കുറച്ചുകാലം ചെലവഴിച്ചശേഷം വീണ്ടും പഴയ സ്ഥലത്തേക്കു തിരിച്ചെത്തുകയും ചെയ്യുന്നു. ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണ് ദേശാടനം.

അമേരിക്കയിൽ എത്തിയ മിക്ക മലയാളീ  കുടുംബങ്ങളും  വേനൽക്കാലത്തു നല്ലത് പോലെ  കൃഷി ചെയുന്നു എന്നത്  വളരെ  സന്തോഷം ഉള്ള കാര്യമാണ്. നാട്ടിൽ ഉണ്ടാവുന്ന മിക്ക വെജിറ്റബിളും   ഒട്ടുമിക്ക  മലയാളിയുടെ വീട്ടിലും സുലഭം. അമേരിക്കൻ മലയാളികളെ സംബന്ധിച്ചടത്തോളം ഒരു കാർഷിക  ഉത്സവകാലമാണ് വേനൽക്കാലം.

വേനൽക്കാലത്തു കൃഷിയേക്കാൾ  ഉപരി   പ്രകൃതിയുടെ സൗന്ദര്യത്തിന്റെ സന്ദേശവാഹകരായ പലതരത്തിൽ ഉള്ള ചിത്രശലഭങ്ങളും , വണ്ടുകളും ,   പക്ഷികളും എല്ലാം നമ്മിൽ  വളരെയധികം സന്തോഷം  നൽകുന്നവയാണ് .  അവിടെ വീശുന്ന ഇളംതെന്നലിനു പോലും ആ  പൂത്തോട്ടത്തിലെ പൂക്കളുടെ  സുഗന്ധം അനുഭവപ്പെടും . കിന്നാരം പറഞ്ഞ് ഓടി കളിച്ചിരുന്ന അണ്ണാൻ കുഞ്ഞുങ്ങളെയും, സദാ ചിലച്ചുകൊണ്ടിരിക്കുന്ന കിളികളുടെ  കൊഞ്ചലുകളും ,  കിളി നാദവും എല്ലാം നമ്മെ മറ്റൊരു ലോകത്തേക്ക്  എത്തിക്കുന്നു.

മിക്ക പക്ഷികളും ദേശാടനം ചെയ്‌തു വരുബോൾ  പലതരത്തിലുള്ള ചിത്രശലഭങ്ങൾ എവിടെനിന്നു എത്തുന്നു  എന്ന് അറിയാൻ കുടി കഴിയൂന്നില്ല. എന്റെ സഹധർമ്മണിയുടെ    ഗാർഡനിൽ വിവിധതരം ചിത്രശലഭങ്ങളും  പലതരത്തിലുള്ള പക്ഷികളും   നിത്യ സന്ദർശകരയി ദിവസവും കാണാറുണ്ട്. അവർ എവിടെനിന്ന് വരുന്നു എന്നോ എങ്ങോട്ട്  പോകുന്നു  എന്നോ  ഒരു അറിവും ഇല്ല. പക്ഷേ അവയുടെ സൗന്ദര്യം നമ്മെ അത്ഭുതപ്പെടുത്തും.

നേരം വെളുക്കുന്നതിനു വളരെ  മുൻപുതന്നെ  ഇവർ മിക്കവരും  എന്റെ സഹധർമ്മിണിയോടൊപ്പം  സന്ദർശകരായി ഗാർഡനിൽ കാണും.  അതിനിടയിൽ എവിടെനിന്നോ  പറന്നുവരുന്ന  ഹമ്മിങ്ങ് പക്ഷികളും നിത്യ സന്ദർശകർ തന്നെ. ഗാർഡനിൽ  നിന്നുയരുന്ന ചിത്രശലഭങ്ങളെക്കണ്ട് പൂക്കൾ ആകാശത്തേക്ക് പറന്നു പോവുകയാണോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

അവളുടെ  പ്രഭാതങ്ങളെ മനോഹരമാക്കുന്നതിൽ ഈ  പുക്കൾക്കുള്ള പങ്ക്  അവൾ പലപ്പോഴും പറയാറുണ്ട്.
പൂക്കളോടും ചെടികളോടുമുള്ള അവളുടെ  ഈ ഭ്രമം അല്ലെങ്കിൽ  അതിനോടുള്ള പ്രണയം ഞാൻ  കുട്ടത്തിൽ  കൂടിയത് മുതൽ കാണുന്നതാണ് . പൂക്കളെയും ചെടികളെയും പ്രണയിച്ചു അവൾ  ഒരു സ്വർഗ്ഗം തീർത്തിരുന്നു. അതിൽ അവൾ കണ്ടിരുന്ന സംതൃപ്തി  ഒന്ന് കണ്ടറിയേണ്ടതായിരുന്നു.

ചിലർ അങ്ങനെയാണ്, നമ്മുടെ ഈ ഭ്രാന്തൻ യാത്രയിൽ ഇടയ്ക്ക് ഏതോ സ്റ്റോപ്പിൽ നിന്നും കയറി കുറേ നേരം നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ചിലപ്പോൾ കരയിച്ചും പൊടുന്നനേ എവിടെയോ മറയുന്നു. പേരിടാൻ അറിയാത്ത ഏതോ ബന്ധങ്ങൾ അവർ വരച്ചുവെക്കുന്നു, പിന്നീട് കണ്ടു മുട്ടുമെന്ന പ്രതീക്ഷയ്ക്കുപോലും വകയില്ലാതെ.

പൂക്കളെയും പുഷ്പങ്ങളും സ്നേഹിക്കുന്ന നമുക്ക്,   അതിന്റെ മനോഹരമായ കാഴ്ചയ്ക്ക് പിന്നിൽ എന്താണ് മറഞ്ഞിരിക്കുന്നത് എന്ന് ചിലപ്പോൾ മനസിലാവില്ല. പ്രകൃതിയുമായുള്ള മനുഷ്യരുടെ സമ്പർക്കം പൂക്കളെയും വൃക്ഷങ്ങളെയും പക്ഷികളെയും ഒരു ജാലകത്തിലൂടെ കാണുന്നതിലൂടെ , അത്തരം സമ്പർക്കത്തിലൂടെ അവരുടെ ആരോഗ്യവും   മാനസിക  സന്തോഷവും മെച്ചപ്പെടുന്നതായി  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അതിനാൽത്തന്നെ പ്രകൃതിസംരക്ഷണം  ആരോഗ്യപരിസ്ഥിതിയുടെ പ്രധാന ജൈവസൂചകങ്ങളാണ്.

തണുപ്പിന് ശേഷം   സ്പ്രിങ്  ആകുബോഴേക്കും  പക്ഷികൂട്ടങ്ങൾ   എത്തിത്തുടങ്ങും.  കഴിഞ്ഞ കുറെ വർഷങ്ങൾ ആയി നിത്യ സന്ദർശകരായ  കുറെ പക്ഷികൾ എല്ലാവർഷവും ഞങ്ങളുടെ പറമ്പിൽ  എത്താറുണ്ട് . അവ എന്റെ മുന്തിരി തോപ്പിൽ കൂടുവെക്കുകയാണ് പതിവ് . അവക്ക്  എന്റെ സഹധർമ്മിണി   തീറ്റികൊടുക്കുന്ന പതിവുണ്ട് . മിക്ക കിളികളും  അവളുടെ വീടിന്  പുറത്തേക്കുള്ള  വരവ്  നോക്കി കാത്തിരിക്കുന്നത് കാണാം.  ഇവരെ ഊട്ടുന്നത്  അവളുടെ ഒരു സന്തോഷം ആയിരുന്നു .

ഈ തണുപ്പ് തീരുന്നതിന് മുൻപ് തന്നെ  അവരെത്തി. ഞാൻ  അവർക്ക്  തീറ്റ കൊടുക്കുവാൻ ശ്രമിച്ചു , പക്ഷേ ആ  കിളികൾ  എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. അവർ  അവരുടെ സ്ഥിരം ആളിനെ നോക്കി രണ്ടു ദിവസം ഇരുന്നു. അതിന് ശേഷം അത്  എങ്ങോട്ടോ പോയി.  ഒരു പക്ഷേ  ആ  കിളികൾ  അറിഞ്ഞു കാണില്ല അവരുടെ  ഗാർഡനറെ   ദൈവം  തന്റെ ഗാർഡൻ പരിപാലിക്കാൻ വേണ്ടി കൊണ്ടുപോയ കാര്യം.

വെള്ളി മേഘങ്ങളുടെ ചില്ലില്‍ സൂര്യന്റെ ചുവന്ന കിരണങ്ങള്‍ തീര്‍ത്ത മഴവില്ലിന്‍ അഴകുള്ള ഒരു പ്രണയമുണ്ടായിരുന്നു അവളുടെ   പ്രകൃതിയോടുള്ള സ്നേഹത്തിന്. ചെടികളോടും പൂക്കളോടുമുള്ള അവളുടെ ഭ്രാന്തമായ സ്നേഹം… അതിനെ നീ പരിപാലിക്കുബോൾ  അവൾക്ക്  ഉണ്ടായിരുന്ന  സന്തോഷങ്ങൾ ഒക്കെയും ഒരാഘോഷമായിരുന്നു……. ഇനി എല്ലാം ഓർമ്മകൾ …

ഇങ്ങനെ എത്രയോ നിറമുള്ള ഓർമ്മകൽ നിറഞ്ഞതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. തിരക്കു പിടിച്ച ഈ യാത്രയിൽ അല്പദൂരം ഒന്നു പുറകോട്ടു സഞ്ചരിച്ചാൽ നമുക്ക് ഈ ഓർമ്മകളെ കണ്ടെത്താം. പൊടി തട്ടിയെടുത്താൽ  ആ ഓർമ്മകൾ തീർച്ചയായും നമുക്ക്  പോയിമറഞ്ഞ  കുറെ നല്ലകാലം  സമ്മാനിക്കും .ഈ  ഓർമ്മകൾ  നമ്മുടെ  മനസ്സിൽ  ഒരു വസന്തകാലം തീർക്കും . നമുക്ക് ഇത്തരത്തിൽ മനോഹരമായ ഒരു കാലം ദാനമായി കിട്ടിയാൽ   കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു  പോകും. ജീവിതത്തിലെ ആ  വസന്ത കാലത്തേക്ക് പോകുവാൻ നമ്മിൽ ആർക്കാണ്  ആഗ്രഹം ഇല്ലാതിരിക്കുക.

ഒരുപുനർജനിക്ക്  വേണ്ടി ഞാൻ കാത്തിരിക്കുന്നു. പോകാൻ കൊതിച്ചയിടങ്ങളിലേക്കെല്ലാം ഒരുമിച്ചു ഒരു യാത്ര.  പറയാൻ ബാക്കി വെച്ച കര്യങ്ങൾ  കണ്ണുകളിൽ നോക്കി പറയണം എന്നെ തോൽപ്പിച്ച വിധിയെ നോക്കി നമുക്കുമൊന്നു പരിഹസിക്കണം. വീണ്ടും  ഒരു  മരണത്തിനു പോലും വിട്ടു കൊടുക്കാതെ ഒരായിരം വർഷങ്ങൾ ഭൂമിയിലെ വസന്തം ആസ്വദിക്കണം!!!! ഒരു ഭ്രാന്തൻ ചിന്തകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular