Sunday, April 28, 2024
HomeEuropeആയുധം താഴെവെച്ച്‌ കീഴടങ്ങില്ല; പുതിയ വിഡിയോ സന്ദേശവുമായി യുക്രെയ്ന്‍ പ്രസിഡന്റ്

ആയുധം താഴെവെച്ച്‌ കീഴടങ്ങില്ല; പുതിയ വിഡിയോ സന്ദേശവുമായി യുക്രെയ്ന്‍ പ്രസിഡന്റ്

കിയവ്: പുതിയ വിഡിയോ സന്ദേശം പുറത്തുവിട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. ആയുധം താഴെവെച്ച്‌ കീഴടങ്ങിലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക വസതിക്ക് മുന്നില്‍നിന്നാണ് വിഡിയോ എടുത്തിട്ടുള്ളത്. കീഴടങ്ങുമെന്നത് തെറ്റായ പ്രചാരണമാണ്. റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുനിന്ന് രക്ഷപ്പെടാന്‍​ സെലന്‍സ്കിയെ സഹായിക്കാമെന്ന് യു.എസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സഹായം നിരസിച്ച സെലന്‍സ്കി രാജ്യത്ത് തന്നെ തുടരുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

”അവസാന ശ്വാസംവരെയും ഞങ്ങള്‍ പൊരുതും. ആളും ആയുധങ്ങളും നല്‍കി സഹായിക്കുമെന്ന് പറഞ്ഞവരൊക്കെ എവിടെ? യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കുമെന്ന് ഉറപ്പുതരാന്‍ ആര്‍ക്കു കഴിയും? എല്ലാവര്‍ക്കും ഭീതിയാണ്…” തന്റെ രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിട്ട് ഗാലറിയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളോടുള്ള അമര്‍ഷം കഴിഞ്ഞദിവസം സെലന്‍സ്കി വ്യക്തമാക്കിയിരുന്നു.

പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ യുദ്ധക്കളത്തില്‍ തനിച്ചായ സെലന്‍സ്കിക്ക് വീരയോദ്ധാവിന്റെ പരിവേഷമാണ് സമൂഹമാധ്യമങ്ങളില്‍. 2019ലാണ് അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച്‌ 73 ശതമാനത്തിലേറെ വോട്ടുകള്‍ നേടി 44-കാരനായ സെലന്‍സ്കി യുക്രെയ്നിന്റെ പ്രസിഡന്റായി അധികാരമേറ്റത്. രാഷ്ട്രീയത്തില്‍ ഒട്ടും പാരമ്ബര്യമില്ലാതിരുന്ന അദ്ദേഹത്തെ ഹാസ്യതാരം എന്ന നിലയിലാണ് ജനങ്ങള്‍ക്ക് സുപരിചിതം. ​യുക്രെയ്നിലെ ക്രിവ്വി റീയിലാണ് ജനനം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യവസായനഗരമാണിത്.

അധികാരത്തിലേറിയപ്പോര്‍ കിഴക്കന്‍ യുക്രെയ്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെലന്‍സ്കി മുന്‍കൈയെടുത്തിരുന്നു. അതേ പ്രശ്നമാണിപ്പോള്‍ രാജ്യത്തെ രക്തച്ചൊരിച്ചിലില്‍ എത്തിച്ചത്. മുന്‍ സോവിയറ്റ് രാജ്യമായ യുക്രെയ്നെ സെലന്‍സ്കി പാശ്ചാത്യരാജ്യങ്ങളുമായി അടുപ്പിക്കാന്‍ ശ്രമിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അത്രകണ്ട് രസിച്ചില്ല. കഴിഞ്ഞ വര്‍ഷമാണ് പരിശീലനത്തിനെന്ന പേരുപറഞ്ഞ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചത്.

റഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന് പറഞ്ഞ് ബഹളം കൂട്ടുമ്ബോഴും വെറുതെ തന്റെ ജനങ്ങളെ ഭീതിയിലാഴ്ത്തരുതെന്നായിരുന്നു സെലന്‍സ്കിയുടെ അഭ്യര്‍ഥന. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന് കരുതിയ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളായിരുന്നു സെലന്‍സ്കിയുടെ ആത്മവിശ്വാസം. കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ വഴി റഷ്യന്‍പട യുക്രെയ്നിലേക്ക് ഇരച്ചുകയറുന്നതുവരെയേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ.

തലസ്ഥാനമായ കിയവ് പിടിച്ചെടുത്ത് യുക്രെയ്നെ രാഷ്ട്രീയമായി അസ്ഥിരമാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലന്‍സ്കി പറയുന്നു. താനും കുടുംബവുമാണ് അവരുടെ ഉന്നമെന്നും ഉറപ്പിക്കുന്നു. എന്നിട്ടും ഒളിച്ചോടാനല്ല, രണാങ്കണത്തില്‍ സ്വന്തം ജനതക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം തയാറാകുന്നത്. സ്വന്തം രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആയുധങ്ങളുമായി പ​ങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്യുന്നുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular