Sunday, April 28, 2024
HomeEditorialഞാൻ കണ്ട മാതൃകാസ്ത്രീകൾ

ഞാൻ കണ്ട മാതൃകാസ്ത്രീകൾ

സ്ത്രീകളെപ്പറ്റി പ്രത്യേകമായി സ്മരിക്കുന്നതിനും അവരുടെ മികവുകളെയും കഴിവുകളെയും, കാര്യനിർവ്വഹണത്തിലുള്ള  അവരുടെ സാമർഥ്യത്തെയും  അംഗീകരിക്കാൻ  വേണ്ടിയാണല്ലോ മാർച്ചുമാസവും  സ്ത്രീകളുടെ ദിവസമായി മാർച്ച് എട്ടും നീക്കിവച്ച് അവരെ ആദരിക്കുന്നത്. ഈ അവസരത്തിൽ വനിതകളുടെ പ്രത്യേകിച്ച് അമ്മമാരുടെ ആത്മാർപ്പണത്തെയും നിസ്വാർത്ഥമായ സ്നേഹത്തെയുംപ്പറ്റി അല്പമെങ്കിലും കുത്തിക്കുറിക്കുന്നത് അവസരോചിതവും ഉചിതവുമെന്നു കരുതുന്നു.

ഒരിക്കൽ ഒരു രാജാവ് തന്റെ  പ്രജകളിൽ ഏറ്റവും നൈപുണ്യവും സമൂഹത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ചതുമായ ഒരു വ്യക്തിയെ രാജകീയ ബഹുമതികളോടെ ആദരിക്കുവാൻ തീരുമാനിച്ചു. ആ അതുല്യമായ ബഹുമതിക്ക് അർഹരാകുവാൻ യോഗ്യതയുള്ളവരെ കൊട്ടാരത്തിൽ തന്റെ മുമ്പാകെ ഹാജരാക്കുവാൻ രാജകല്പന പുറപ്പെടുവിച്ചു. സേവകർ നാല് പേരെ രാജസമക്ഷം  ഹാജരാക്കി. ഇതിൽ ഏറ്റവും അർഹരായ ഒരാളെ രാജാവ് തന്നെ തിരഞ്ഞെടുക്കുവാൻ പ്രജകൾ ഉണർത്തിച്ചു.

ഒന്നാമത്തെ വ്യക്തി വളരെ ധനികനായിരുന്നു. അദ്ദേഹം സമൂഹത്തിൽ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പരോപകാരതല്പരൻ. (Philanthropist)     തികഞ്ഞ ഒരു മനുഷ്യസ്നേഹി. അദ്ദേഹം   തന്റെ സ്വത്തുക്കൾ മുഴുവൻ വിറ്റ് പാവപ്പെട്ടവരെയും അനാഥരെയും ആലംബഹീനരെയും ഉദ്ധരിക്കുന്നതിനു  ചിലവാക്കിയിരുന്നു. എന്തുകൊണ്ടും ഇദ്ദേഹമാണ് രാജാവ് വിളംബരം ചെയ്ത   ബഹുമതിക്ക് യോഗ്യൻ എന്ന് ജനം വിധി എഴുതി.

രണ്ടാമത്തെ വ്യക്തി ഒരു ഡോക്ടർ ആയിരുന്നു. അദ്ദേഹവും ദയാലുവും മനുഷ്യസ്നേഹിയും മറ്റുള്ളവരുടെ നന്മമാത്രം ആഗ്രഹിച്ചു പ്രവർത്തിച്ചിരുന്ന അറിയപ്പെട്ട ഭിഷഗ്‌വരൻ   ആയിരുന്നു. അദ്ദേഹം തന്റെ വിദഗ്ദ്ധ ചികിത്സയിലൂടെ അനേകം ജീവനുകളെ രക്ഷിച്ചിട്ടുണ്ട്. തന്നെയുമല്ല, അദ്ദേഹം  രോഗികളിൽ നിന്നും ഒരു ഫീസും ഈടാക്കിയിരുന്നില്ല. ചികിൽസിച്ച ഒരു വ്യക്തിയിൽ നിന്നും പോലും ഡോക്ടരെപ്പറ്റി ഒരു പരാതിയും ഉണ്ടായിട്ടില്ല. പൊതുജന സമ്മതനായ ഇദ്ദേഹം രാജബഹുമതിക്ക് എന്തുകൊണ്ടും യോഗ്യനെന്നു കരുതി രാജസദസ്സിൽ കൊണ്ടുവന്നു.

രാജസദസ്സിൽ വന്ന മൂന്നാമത്തെ വ്യക്തി ഒരു ന്യായപാലകനായിരുന്നു. (Judge) അദ്ദേഹം നിഷ്പക്ഷമായി ന്യായപാലനം നടത്തുകയും സത്യത്തിനും നീതിക്കും വേണ്ടി പൊരുതുകയും ചെയ്യുന്ന  വ്യക്തികൂടിയായിരുന്നു. അദ്ദേഹത്തിന്റെ ന്യായപാലനത്തിൽ ഒരു കേസുപോലും തെറ്റായി വിധിക്കപ്പെട്ടിട്ടില്ല. അദ്ദേഹവും ഈ രാജപദവിക്ക് യോഗ്യനെന്നു കരുതി പരിഗണിക്കപ്പെടാൻ രാജസേവകന്മാർ രാജസമക്ഷം ഹാജരാക്കി.

നാലാമത് പരിഗണനയ്ക്കായി വന്നത് ഒരു സവിശേഷതയും എടുത്തുപറയാനില്ലാതിരുന്ന പേരും പ്രശസ്തിയും ഒന്നും ഇല്ലാതിരുന്ന ഒരു അധ്യാപികയായിരുന്നു. രാജാവ് ആ സ്ത്രീയോട് ഇപ്രകാരം ചോദിച്ചു. “എന്ത്  യോഗ്യതയാണ് രാജസമക്ഷം നിങ്ങൾക്ക് ഈ ബഹുമതിക്കുവേണ്ടി സമർപ്പിക്കാനുള്ളത് “എന്ന്.   ആ സ്ത്രീ വിനയത്തോടും എളിമയോടുംകൂടി പറഞ്ഞു “അല്ലയോ മഹാരാജാവ്, എനിക്ക് മുമ്പേ അങ്ങയുടെ മുമ്പാകെ ഈ ബഹുമതിക്കായി പരിഗണിക്കാൻ  ഹാജരാക്കിയ മൂന്നുപേരേയും പഠിപ്പിച്ച വ്യക്തിയാണ് ഞാൻ.
ഞാൻ അവരെ നല്ല പാഠങ്ങൾ പഠിപ്പിച്ചതുകൊണ്ട് അവരെല്ലാം പ്രശസ്തരായി.”

ഇതുകേട്ട രാജാവ് ആശ്ചര്യഭരിതനായി വിളംബരം ചെയ്ത ആ രാജകീയ ബഹുമതി ആ അധ്യാപികയ്ക്ക് നൽകി ആദരിച്ചു. ഒരു വനിതയിലെ സവിശേഷതകളും ഗുണങ്ങളും തിരിച്ചറിയുവാൻ രാജാവിന് സാധിച്ചു.

കുറഞ്ഞ പക്ഷം വനിതാമാസമായി ആഘോഷിക്കുന്ന മാർച്ച് മാസത്തിലെങ്കിലും സ്ത്രീകളെ ബഹുമാനിക്കുന്നത് പ്രശംസനീയമാണ്. ഇ-മലയാളിക്ക് അക്കാര്യത്തിൽ അഭിമാനിക്കാം.
ഒരു സ്ത്രീ എന്ന് പറയുന്നത്, അവൾ ഭാര്യയാണ്, അമ്മയാണ്, തന്റെ ഭർത്താവിനും മക്കൾക്കും സ്നേഹവും വാത്സല്യവും പകർന്നുകൊടുക്കുന്നവൾ കൂടിയാണ്.  കവി ഇപ്രകാരം  സ്ത്രീയ്പ്പറ്റി പാടി” പൂമുഖവാതിൽക്കൽ പുഞ്ചിരിയുമായി നിൽക്കുന്ന പൂന്തികളാകുന്നു ഭാര്യ. കുടുംബത്തിന് വിളക്കാണവൾ, സമൂഹത്തിനു മാതൃകയാണവൾ.

സലോമോൻ രാജാവ് തന്റെ സദൃശ്യവാക്യങ്ങളിൽ (Proverbs 31 :10 -31 ) വനിതകളെപ്പറ്റി വിവരിക്കുന്നത് അവർണ്ണനീയമാണ്. സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും, ഉത്തമയായ സ്ത്രീയുടെ മുപ്പത് സവിശേഷതകൾ തുടർന്ന് പ്രതിപാദിക്കുന്നു. “ധാർമികമായി പൂർണ്ണതയുള്ളവൾ വിലമതിക്കാനാവത്തവൾ, വിശ്വാസയോഗ്യയായവൾ, സഹജമായി നന്മയും സത്യവും ഉള്ളവൾ, നൈപുണ്യം ഉള്ളവൾ, കഠിനാദ്ധ്വാനം ചെയ്യുന്നവൾ,  മറ്റുള്ളവരോടുള്ള തന്റെ കടമ നിർവ്വഹിക്കുന്നവൾ, കാര്യബോധവും ബഹുമുഖചിന്തയുമുള്ളവൾ, ക്ഷീണിതയാകാതെ, ആരോഗ്യമുള്ളവൾ, ഉത്സാഹവും, കാര്യപ്രാപ്തിയുമുള്ളവൾ, ജാഗ്രത്തുള്ളവൾ, മിതവ്യയശീലമുള്ളവൾ, കാരുണ്യപ്രവർത്തികൾ ചെയ്യുന്നവൾ, ഔദാര്യവും കാരുണ്യവും ഉള്ളവൾ, ഭയരഹിതയും മുൻകരുതലുമുള്ളവൾ, അലങ്കാരപ്പണികളിൽ വിദഗ്ധയായവൾ, ജനമധ്യേ ബഹുമാനിക്കപ്പെടുന്നവൾ, സ്ഥിരോൽസാഹ സമൃദ്ധിയുള്ളവൾ, ആശ്രയിക്കാവുന്നവൾ, സത്യസന്ധതയുള്ളവൾ, മനോധൈര്യവും, പ്രത്യാശയുമുള്ളവൾ, ജ്ഞാനവും വിവേകവുമുള്ളവൾ, സൂക്ഷ്മദൃഷ്ടിയും  പ്രായോഗികതയുമുള്ളവൾ, മാതൃകഭാര്യയും അമ്മയുമായവൾ, കുടുംബാംഗങ്ങളാൽ ബഹുമാനിക്കപ്പെടുന്നവൾ, സൽഗുണങ്ങളിൽ വർദ്ധിച്ചുവരുന്നവൾ, ദൈവഭക്തയും താഴ്മയുമുള്ളവൾ, അദ്ധ്വാനഫലത്തിനു അർഹതായുള്ളവൾ, പൊതുജനത്താൽ ബഹുമാനിക്കപ്പെടുന്നവൾ,” മേലുദ്ധരിച്ച സവിശേഷതകൾ ഇന്നും വനിതകളിൽ  കാണപ്പെടുന്നവയാണ്.

തന്റെ ഓമനപുത്രനോട്സ്നേഹം മൂലം ആ കുഞ്ഞിന്റെ ജീവൻ ശത്രുക്കളിൽ നിന്നും രക്ഷിക്കുവാൻ തത്രപ്പെടുന്ന ഒരു മാതാവ്. തന്റെ പുത്രനായ മോശയെ രക്ഷിക്കുവാൻ വേണ്ടി വളരെയധികം സാഹസപ്പെടുന്ന സ്ത്രീ വനിതകൾക്ക് മാതൃകയാണ്. മിസ്രയെമിലെ  രാജാവായ ഫറവോൻ എബ്രായർക്ക് ജനിക്കുന്ന സകല ആൺകുട്ടികളെയും നദിയിൽ ഇട്ടു കൊന്നുകളയണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ സംരക്ഷിക്കണമെന്നും കല്പന പുറപ്പെടുവിച്ചു അനേകം ആൺകുഞ്ഞുങ്ങളെ നിർദാക്ഷിണ്യം അവർ കൊന്നൊടുക്കി. എന്നാൽ മോശയുടെ അമ്മ അവൻ ജനിച്ചപ്പോൾ സൗന്ദര്യമുള്ളവൻ എന്ന് കണ്ടു. മൂന്നുമാസം കുഞ്ഞിനെ ഒളിപ്പിച്ചുവച്ച്. പിന്നീട് കഴിയാതെ വന്നപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി പൈതലിനെ അതിൽ കിടത്തി നദിയുടെ അരികിൽ ഞാങ്ങണ ചെടികൾക്കിടയിൽ വച്ചു.പൈതലിനു എന്ത് സംഭവിക്കുമെന്ന് ഉത്കണ്ഠയോടെ നോക്കി നിന്നു. പൈതൽ സുരക്ഷിതമായ കൈകളിൽ എത്തി എന്ന് മനസിലായപ്പോൾ അവൾ ദൈവത്തെ സ്തുതിച്ച്. സ്നേഹവതിയായ, ത്യാഗവതിയായ ആ മാതാവിന്റെ പ്രവർത്തി സ്ളാഘനീയമാണ്. തന്റെ മകനെ രക്ഷിക്കുവാൻ വേണ്ടിയുള്ള അവളുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ആ മാതാവിന്റെ സ്നേഹം ഇന്നും സ്മരിക്കപ്പെടുന്നു.

ഒരു സ്ത്രീയെന്ന നിലയിൽ എന്റെ ജീവിതത്തെ വളരെയധികം സ്വീധീനിച്ച ഒരു വ്യക്തിയാണ് പ്രശസ്തനായ സാമുവേൽ  പ്രവാചകന്റെ മാതാവ് ഹന്നാ. വിവാഹത്തിനുശേഷം സന്താനഭാഗ്യമില്ലാതിരുന്നതിനാൽ വളരെയധികം നിന്ദയും പരിഹാസവും അപമാനവും ഏൽക്കേണ്ടിവന്നവളാണ് ഹന്നാ. ഹന്നാ ഒരു വന്ധ്യയായിരുന്നു. അവൾക്ക് മക്കളില്ലാതിരുന്നതുകൊണ്ട് അവളുടെ പ്രതിയോഗി അവളെ നിരന്തരം പ്രകോപിച്ചുകൊണ്ടിരുന്നു. മക്കളില്ലാതിരുന്നതുകൊണ്ട് യഹോവയുടെ സന്നിധിയിൽ ഉപവസിച്ചും കരഞ്ഞും  അനുദിനം പ്രാര്ഥിച്ചുവന്നു. അവളുടെ കഷ്ടതയിൽ അവളെ ആശ്വസിപ്പാനും സഹായിപ്പാനും അവളുടെ ഭർത്താവ് ഏൽക്കാന അങ്ങേയറ്റം ശ്രമിച്ചിരുന്നു. ഹന്നാ മനോവ്യസനത്തോടെ കണ്ണുനീരോടെ പ്രത്യാശയോടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞു. അവൾ തന്റെ ഹൃദയം യഹോവയിങ്കൽ പകർന്നു. ഒരു കുഞ്ഞിനുവേണ്ടിയുള്ള അവളുടെ പ്രാർത്ഥനയും കണ്ണുനീരും യഹോവയുടെ സന്നിധിയിലെത്തി. ഹന്നയുടെ പ്രാർത്ഥന യഹോവ കേട്ടു. സാമുവൽ ബാലനെ ലഭിച്ചു. പ്രാർത്ഥനക്ക് മറുപടി ഉണ്ടായി. ഹന്നയുടെ പ്രാർത്ഥന, കണ്ണുനീര്, നിരാശപ്പെടാതെ പ്രത്യാശകൈവിടാതെയുള്ള മനോഭാവം, പ്രതിയോഗിയോട് പ്രതികരിക്കാതെ, ക്ഷമിക്കുവാനുള്ള മനസ്സ്, തന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്നുള്ള വിശ്വാസവും, പ്രത്യാശയും, അവളുടെ നിശ്ചയദാർഢ്യവും, നിന്ദതയിലൂടെയും കഷ്ടതയിലൂടെയും കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു ഉത്തമ ഉദാഹരണമാണ്. ചഞ്ചലിച്ചുപോകാതെ ധൈര്യമായി മുന്നോട്ടുപോയ ആ ധീരവനിതയുടെ കണ്ണുനീരും പ്രാർത്ഥനയും ഏവർക്കും മാതൃകയായിരിക്കട്ടെ.

എന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച ഏതാവശ്യങ്ങൾക്കും സഹായിക്കാൻ സന്നദ്ധതയുള്ള എനിക്ക് വേണ്ടി അനുദിനം പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ പ്രത്യേകമായി ആദരിക്കുവാനും ബഹുഃമാനിക്കുവാനും ഞാൻ ഇത്തരുണത്തിൽ ആഗ്രഹിക്കുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങളായി  ഒരിക്കൽപോകും പിണങ്ങാത്ത, എന്നെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറയാത്ത എന്റെ ഉത്തമസ്നേഹിത  തങ്കമ്മ (A friend in need is a friend indeed) എന്ന് പറയപ്പെടുന്ന ആപ്തവാക്യം തങ്കമ്മയെ സംബന്ധിച്ചെടത്തോളം അക്ഷരാർത്ഥത്തിൽ ശരിയാണ്. തങ്കമ്മ ഒരു ഉത്തമസ്നേഹിത എന്നതിലപ്പുറം എനിക്ക് ഉടപ്പിറക്കാത്ത എന്റെ സഹോദരിയാണ്. എന്റെ ക്ഷേമം അന്വേഷിക്കാത്ത ഒരൊറ്റ ദിനമില്ല. തങ്കമ്മയുടെ ദൈവസ്നേഹവും അർപ്പണമനോഭാവവും  മാതൃകാപരമായ ജീവിതവും, മറ്റുള്ളവരുടെ നന്മമാത്രം ആഗ്രഹിക്കുന്ന മനസ്ഥിതിയും എന്നെയും അതുപോലെ മറ്റനേകരെയും ഹഠാദാകർഷിച്ച  സവിശേഷതകളാണ്. പ്രത്യേകമായി വനിതകളെ ആദരിക്കുവാനായി മാറ്റി വച്ചിരിക്കുന്ന ഈ മാർച്ച്  മാസത്തിൽ ഞാൻ തങ്കമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അതോടൊപ്പം തങ്കമ്മയുടെ ജീവിതം വഴി അനേകർ അനുഗ്രഹിക്കപ്പെടട്ടെ എന്ന് ആശംസിക്കുകായും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വനിതാമാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ എല്ലാവർക്കും ഞാൻ എന്റെ ഭാവുകങ്ങൾ നേരുന്നു. ഈ ബഹുമതിക്ക് സ്ത്രീകൾ തികച്ചും അർഹരാണ്. പലപ്പോഴും അവരിലെ കഴിവുകളും, നന്മകളും നാം മനസ്സിലാക്കാതെ പോകുന്നു. ലോകചരിത്രത്തിൽ അനേകവനിതകൾ ഉന്നതപദവികൾ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ശരിയായ പ്രോത്സാഹനവും അഭിനന്ദങ്ങളും അർഹിക്കുന്ന രീതിയിൽ വനിതകൾക്ക് കൊടുത്താൽ അവർ സമൂഹത്തിലെ തിളങ്ങുന്ന താരങ്ങളാകും. ഇങ്ങനെ ഒരു ചൊല്ലുണ്ട് There is a woman behind every successful man.  ഒരു പുരുഷന്റെ ജീവിത വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീയുടെ അദ്ധ്വാനമുണ്ടായിരിക്കും. ചരിത്രം പരിശോധിച്ചാൽ ഇത് പരമാർത്ഥമാണെന്ന് മനസ്സിലാകും. ഓരോ വനിതക്കും അവർ അർഹിക്കുന്ന സ്ഥാനവും ബഹുമാനവും പരിഗണനയും, പ്രോത്സാഹനവും, സമൂഹം നൽകി ആദരിക്കട്ടെ  എന്ന് ഞാൻ ആശംസിക്കുന്നു. സർവർക്കും എന്റെ ഭാവുകങ്ങളും പ്രാർത്ഥനയും നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular