Tuesday, May 7, 2024
HomeUSAബന്ദികളെ മോചിപ്പിച്ച്‌ ഗാസ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ഹമാസിനോട് അഭ്യര്‍ഥന

ബന്ദികളെ മോചിപ്പിച്ച്‌ ഗാസ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ഹമാസിനോട് അഭ്യര്‍ഥന

വാഷിംഗ്‌ടണ്‍: ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വഴിയൊരുക്കാൻ എല്ലാ ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാകണമെന്ന് അമേരിക്കയും മറ്റ് 17 രാജ്യങ്ങളും ഹമാസിനോട് അഭ്യർഥിച്ചു.
അമേരിക്കയ്ക്കു പുറമെ അർജന്‍റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, പോളണ്ട്, പോർച്ചുഗല്‍, റുമേനിയ, സെർബിയ, സ്പെയിൻ, തായ്‌ലൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ അഭ്യർഥന നടത്തിയത്.

ഒക്‌ടോബർ ഏഴിന് ഇസ്രയേലില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയശേഷം ഹമാസ് ബന്ദിയാക്കിയവരില്‍ ഈ 18 രാജ്യങ്ങളില്‍നിന്നുമുള്ള പൗരന്മാരുണ്ട്. 253 ബന്ദികളില്‍ ഇപ്പോള്‍ ഹമാസിന്‍റെ കസ്റ്റഡിയിലുള്ളത് 129 പേരാണ്. ചിലർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനുമാനം.

ബന്ദികളെ മോചിപ്പിക്കുക വഴി ഗാസയില്‍ വെടിനിർത്തല്‍ സംജാതമാകുമെന്നും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുമെന്നും ഗാസക്കാർക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതിനു വഴിയൊരുങ്ങുമെന്നും രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, അന്താരാഷ്‌ട്ര സമ്മർദത്തിനു വഴങ്ങില്ലെന്ന് ഹമാസ് വ്യക്തമാക്കി.

ഗാസയിലെ അധിനിവേശം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രയേലില്‍ സമ്മർദം ചെലുത്തുകയാണു വേണ്ടതെന്നും പന്ത് ഇനി അമേരിക്കയുടെ കോർട്ടിലാണെന്നും മുതിർന്ന ഹമാസ് നേതാവ് സാമി അബു സുഹ്‌രി പറഞ്ഞു.

അതേസമയം, സംയുക്ത പ്രസ്താവനയെക്കുറിച്ചു വിവരിക്കവെ, ബന്ദികളുടെ മോചനകാര്യത്തില്‍ ചില ധാരണകള്‍ ഉരുത്തിരിഞ്ഞുവരുന്നുണ്ടെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular