Thursday, May 2, 2024
HomeCinemaവിൽ സ്‌മിത്തിനു മൂന്നാം ശ്രമത്തിൽ ഓസ്‌കർ വിജയം

വിൽ സ്‌മിത്തിനു മൂന്നാം ശ്രമത്തിൽ ഓസ്‌കർ വിജയം

വിൽ സ്മിത്ത് ഒടുവിൽ ഓസ്‌കർ ജേതാവായി. രണ്ടു തവണ നോമിനേഷനുകൾ വിജയം കൊണ്ടു വരാതിരുന്നെങ്കിൽ മൂന്നാം വട്ടം ‘കിംഗ് റിച്ചാർഡി’ലെ വേഷം ആഫ്രിക്കൻ അമേരിക്കനു മികച്ച നടന്റെ പുരസ്‌കാരം നേടിക്കൊടുത്തു.
ടെന്നീസ് ഇതിഹാസങ്ങളായ സെറീന-വീനസ് വില്യംസ് സഹോദരിമാരുടെ പിതാവായാണ് സ്മിത്ത് (52) ഈ ചിത്രത്തിൽ വേഷമിട്ടത്. ഇക്കുറി ഉറപ്പാണെന്നു സ്മിത്ത് തന്നെ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.
ആഫ്രിക്കൻ അമേരിക്കനായ ഡെൻസെൽ വാഷിങ്ടൺ രണ്ട് ഓസ്‌കറുകളുടെ പശ്ചാത്തലവുമായി ഇക്കുറിയും നോമിനേഷൻ നേടിയിരുന്നു. ഹവിയർ ബാർദെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ് എന്നിവരായിരുന്നു മറ്റു നോമിനികൾ.

അലി, ദ പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സ്മിത്ത് നേരത്തെ നാമനിർദേശം ചെയ്യപ്പെട്ടത്.
ഓസ്‌കർ നിശയുടെ ആഘോഷ രാവിൽ പക്ഷെ സ്മിത്ത് ക്ഷുഭിതനായി അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതു ഞെട്ടലുണ്ടാക്കി. തമാശയാണെന്നു ആദ്യം പലരും കരുതിയെങ്കിലും സ്‌മിത്തിന്റെ ഭാര്യ ജാഡ പിന്കെറ്റിനെ കുറിച്ചു റോക്ക് നടത്തിയ ഒരു പരാമർശമാണ് പ്രശ്‌നമായതെന്നു പിന്നീട് വിശദീകരണം വന്നു.
താൻ വെറും തമാശ പറഞ്ഞതാണ് എന്നു പറഞ്ഞ റോക്ക് അടി സഹിച്ചു.

ട്രോയിയുടെ നേട്ടം

നേരത്തെ, ബധിരനായ ട്രോയ് കോസുർ മികച്ച സഹനടനുള്ള അവാർഡ് നേടി. ‘കോട’ എന്ന ചിത്രത്തിലെ വേഷം. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം കേഴ്വിയുള്ള കഥയാണ് ‘കോട’ പറയുന്നത്.
വികാരഭരിതനായി സംസാരിച്ച ട്രോയ് (53) തന്റെ പിതാവിന് നന്ദി പറഞ്ഞത് അദ്ദേഹത്തെ ‘ഹീറോ’ എന്നു വിശേഷിപ്പിച്ചാണ്. കാർ  അപകടത്തിൽ കഴുത്തിന് താഴേക്കു തളർന്നു പോയ പിതാവിനെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,
തന്റെ ‘ഏറ്റവും വലിയ ആരാധകരായ’ ഭാര്യക്കും മകൾക്കും ട്രോയ്  നന്ദി പറഞ്ഞു.
മൂന്നു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിൽ നേടിയ ആദ്യ  ഓസ്‌കർ  അദ്ദേഹം ബധിരർക്കു സമർപ്പിച്ചു.

ഓസ്‌കർ നേടുന്ന അഭിനേതാക്കളിൽ ബധിരനായ രണ്ടാമനാണ് ട്രോയ്. നടി മാർലി മാറ്റ്ലിൻ ആയിരുന്നു ആദ്യ ജേതാവ്. ‘ചിൽഡ്രൻ ഓഫ് എ ലെസർ ഗോഡ്’ എന്ന അവിസ്മരണീയമായ ചിത്രത്തിലെ വേഷമാണ് 18 മാസം പ്രായമുള്ളപ്പോൾ കേഴ്വി നഷ്ടപ്പെട്ട മാർലിക്ക് അവാർഡ് നേടിക്കൊടുത്തത്. ‘കോട’ യിൽ അവർ ട്രോയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular