Saturday, May 4, 2024
HomeEditorialചാന്തുപൊട്ടല്ല, ദൈവത്തിൻറെ സൃഷ്ടിയാണ്!

ചാന്തുപൊട്ടല്ല, ദൈവത്തിൻറെ സൃഷ്ടിയാണ്!

സ്വയം ശോഭിക്കുന്ന സൂര്യനെയും, അതിനു ചുറ്റും കറങ്ങുന്ന ചന്ദ്രനെയും വെവ്വേറെ സൃഷ്ടിച്ച ദൈവം, ഇവയിൽ ഓരോന്നിൻ്റെയും പകുതിയെടുത്ത് പുതിയൊരു ആകാശഗോളത്തിനു ജന്മം നൽകിയാൽ, അത് സ്രഷ്‌ടാവിൻറെ സർഗ്ഗവൈഭവമോ?
തീർന്നില്ല; സൂര്യരൂപമുള്ള ചന്ദ്രികയെയും ദൈവം സൃഷ്ടിക്കുന്നു. നേർ വിപരീതവുമുണ്ട് — ബാഹ്യരൂപത്തിൽ തിങ്കളും, അന്തർലീനമെല്ലാം ആദിത്യനും! സൂര്യൻ്റെയും ചന്ദ്രൻ്റെയും പകുതിയെടുത്തുണ്ടാക്കിയ മൂന്നാമത്തെ ഗോളത്തിൻറെ കഥയല്ലിത്. സൂര്യാർദ്ധവും ചന്ദ്രാർദ്ധവും, വിളക്കിച്ചേർത്തപ്പോൾ, ഏതു മുകളിൽ, ഏതു താഴെയെന്നൊരു ഉത്‌കണ്‌ഠ മാത്രമേ മുന്നെ ഉണ്ടായിരുന്നുള്ളൂ. ചന്ദ്രാർദ്ധത്തിനു ചുവടെ സൂര്യാർദ്ധമുള്ളവരെ Shemale എന്നും, മറിച്ചുള്ളവരെ Hefemale എന്നും പാശ്ചാത്യർ വിളിയ്ക്കുന്നു.

എന്നാൽ, രൂപത്തിൽ പൂർണ്ണമായും സൂര്യനോ ചന്ദ്രനോ ആണെന്നു വരികിലും, അവയുടെ ഗുണവിശേഷങ്ങൾ പരസ്പരം മാറിവരുന്നതാണ് രണ്ടാമതു പ്രതിപാദിച്ചത്. സൂര്യനിൽ ചന്ദ്രഹൃദയവും, ചന്ദ്രനിൽ സൂര്യഹൃദയവും!

ജന്മനാൽ പുരുഷനും, ഹൃദയം സ്ത്രീയുടേതുമെങ്കിൽ, Transwoman. മറിച്ചാണെങ്കിൽ Transman. പൊതു നാമമാണ് Transgender. ജെൻഡർ ഡിസ്ഫോറിയ (Gender Dysphoria) എന്ന ലിംഗ സ്വത്വ മനോവൈഷമ്യം ഇവരെ സദാ അലട്ടിക്കൊണ്ടിരിയ്ക്കുന്നു.

ജന്മനാലുള്ള ലിംഗ സ്വത്വവുമായി ജൈവപരമായ വൈകാരികത പൊരുത്തപ്പെടാത്ത അവസ്ഥയാണ് ഒരു ട്രാൻസ്ജെൻഡറിൻ്റേത്. മനുഷ്യ DNA-യിലെ 23 ജോഡി ക്രോമോസോമുകളിൽ, അവസാനത്തെയാണ് ഒരു വ്യക്തിയുടെ ലിംഗഭേദം നിർണ്ണയിക്കുന്നത്. രൂപവും, വലിപ്പവും, സ്വഭാവവും, സാധാരണ ഓട്ടോസോമിൽ നിന്നു വിഭിന്നമായ, ഈ സെക്സ് ക്രോമസോമുകൾ രണ്ടും X ആണെങ്കിൽ, ആ വ്യക്തി സ്ത്രീയാണ് (XX). ഒന്ന് X-ഉും, അടുത്തത് Y-യും ആണെങ്കിൽ, ആ വ്യക്തി പുരുഷനാണ് (XY).

രണ്ടു ക്രോമസോമുകളും X ആണെങ്കിൽ പോലും, താൻ സ്ത്രീയെന്ന് തോന്നാതിരിയ്ക്കുന്നവരും, ഒന്ന് X-ഉും, അടുത്തത് Y ആയിട്ടും സ്ത്രൈണവമായ വൈകാരികത തോന്നുന്നവരുമാണ് ട്രാൻസ്ജെൻഡറുകൾ. ക്രോമസോം യുഗ്മം XX സാന്നിദ്ധ്യമുള്ള വ്യക്തികളിൽ സ്ത്രൈണവ അവയവങ്ങളും, XY വ്യക്തികളിൽ പുരുഷ അവയവങ്ങളും ദൃശ്യമാണ്. വ്യക്തം, Transwoman ജന്മനാ പുരുഷനും, Transman ജന്മനാ സ്ത്രീയുമാണ്. പക്ഷെ, Transwoman എന്നാൽ ഷീമേലോ, Transman എന്നാൽ ഹീഫിമേലോ അല്ല.
ആണ്, പെണ്ണ് എന്നീ പൊതു പദവികൾക്കപ്പുറത്ത്, വീണ്ടും നാലു ലിംഗ വകഭേദങ്ങൾ കൂടിയോ? സൃഷ്ടികർത്താവിനോട് സവിനയം ചോദ്യങ്ങളേറെ…

ഉത്തരങ്ങളെന്തായാലും ശരി, നിങ്ങളും ഞാനും ശ്വസിക്കുന്ന വായുവിൻ്റെയും, പങ്കിടുന്ന പ്രകൃതിയുടെയും, ഇവിടെ കാണുന്ന മറ്റു സർവ്വതിൻ്റെയും തുല്യ അവകാശിയാണ് എൻറെ പ്രിയ സുഹൃത്ത് ശീതൾ ശ്യാം!

കൃതിയുടെയും വികൃതിയുടെയും ഇടയിൽ, പ്രകൃതി എവിടെയോ ചവിട്ടിമെതിക്കപ്പെടുന്നു. അതു സംഭവിച്ചുകൂടാ, പ്രകൃതിയാണ് ആത്യന്തിക സത്യം! നമ്മളിൽ ചിലർക്കെങ്കിലും ശീതളിനെ കൂടെ കൂട്ടാനിഷ്ടമില്ലെങ്കിൽ ഓർക്കുക, നമ്മൾ നമ്മളായത് നമ്മുടെ മഹിമകൊണ്ടല്ലെന്നും, ശീതൾ ശീതളായത് ശീതളിൻറെ തെറ്റുകൊണ്ടല്ലെന്നുമെന്ന്!

ഒരു വ്യക്തിയ്ക്ക് തൻ്റേതല്ലാത്ത കാരണം കൊണ്ടുണ്ടായ ഒരു അസമഗ്രത അറിയേണ്ടത് കരുണാർദ്രമായാണ്. തുല്യത പരിശോധിച്ചോ, താരതമ്യപ്പെടുത്തിയോ അല്ല. മനസ്സിൻറെ നിർണ്ണയങ്ങൾ ആപേക്ഷികമാണ്, ഇന്ദ്രിയങ്ങളുടേത് അഭിരുചിക്കനുസരിച്ചും. ഇവയുടെ അൽപം മുന്നിൽ സഞ്ചരിച്ച്, നമുക്കു പ്രകൃത്യാലുള്ളതിനെ മാനിക്കാൻ ശ്രമിക്കാം.
ട്രാൻസ്‌ജെൻ‍ഡേഴ്‌സിനെതിരെയുള്ള വിവേചനവും, അനിഷ്‌ടവും, അർഥശൂന്യമാണെന്ന തിരിച്ചറിവ് ന്യൂനതകളൊന്നുമില്ലായെന്നു സ്വമേധയാ കരുതുന്ന നമുക്ക് ഉണ്ടാവണമെങ്കിൽ, ആദ്യം വേണ്ടത് ഭിന്നമല്ലാത്തൊരു മനസ്സാണ്. ഭിന്നമായൊരു മാനസത്തേക്കാൾ എത്രയോ നന്ന് വിഭിന്നമായൊരു മേനി!

“അപ്പച്ചൻ്റെയും അമ്മയുടെയും മൂത്ത മകൻ ആയാണ് ഞാൻ ജനിച്ചത്. എൻറെ യഥാർത്ഥ പേര്, ശ്യാം എന്നാണ്,” ശീതൾ വെളിപ്പെടുത്തി.
ജന്മനാ, എല്ലാ നിലയിലും ശീതൾ ഒരാൺകുട്ടി ആയിരുന്നുവോ, ഞാൻ ചോദിച്ചു.

“അതെ, എൻ്റേത് പൂർണ്ണമായും പുരുഷ ശരീരമാണ്.”
“സ്ത്രീ രൂപം ലഭിയ്ക്കുന്നതിനു വേണ്ടിയുള്ള ചില ഹാർമോൺ ചികിത്സകൾ നടക്കുന്നുവെന്നു മാത്രം.”
എപ്പോഴാണ് തനിക്കെന്തോ നൈസർഗ്ഗികമായ വ്യത്യാസമുണ്ടെന്ന് ശീതളിനു ആദ്യമായി തോന്നിത്തുടങ്ങിയത്?
“കുട്ടിക്കാലത്തുതന്നെ എനിക്കൊരു ഒരു സ്ത്രൈണവ മനസ്സായിരുന്നു. അഭിരുചികളും, താത്‌പര്യങ്ങളും, സംസാര രീതിയും, ഭാവങ്ങളും, ചേഷ്‌ടകളുമൊക്കെ,” ശീതൾ മനസ്സു തുറന്നു.

“കൂട്ടുകൂടുന്നത് പെൺകുട്ടികളുടെ കൂടെയായിരുന്നു. ഇടയ്ക്ക് അമ്മയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ എടുത്ത് അണിയും…”
ശീതളിന് ഇതെല്ലാം വളരെ സ്വാഭാവികമായാണ് തോന്നിയത്, അല്ലേ?
“അതെ…”

“അയൽവാസികളും, വഴിയിൽ കാണുന്നവരും, സഹപാഠികളും, അദ്ധ്യാപകരുമെല്ലാം ഞാനൊരു പെൺകുട്ടിയാണെന്ന് നേരിട്ടും അല്ലാതെയും എന്നെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു, എല്ലാത്തിൽനിന്നും എന്നെ അകറ്റി നിർത്തി.”
“ജീവിതത്തിൻറെ എല്ലാ തുറകളിലും പരിഹാസങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു ഞാൻ.”
“ഇത്രയും പൗരുഷമുള്ള തനിയ്ക്കു, ഈ പെൺ സ്വഭാവമുള്ള ചെറുക്കൻ ജനിക്കില്ലെന്നും പറഞ്ഞ് മുഴു മദ്യപാനിയായ അപ്പച്ചൻ അമ്മയെ പലപ്പോഴും തൊഴിച്ചിട്ടുണ്ട്.”
“അവരുടേത് മിശ്രവിവാഹമായിരുന്നു.”

“അപ്പച്ചൻറെ ഉപദ്രവം സഹിക്കാതെ, രാത്രിയിൽ ഞാനും അമ്മയും എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. രാവിലെയേ പുറത്തു വരുകയുള്ളൂ…”

“പുരുഷത്തമുള്ള അനിയനെ മാത്രമേ അപ്പച്ചന് ഇഷ്ടമുണ്ടായിരുന്നുള്ളൂ. എനിക്കു ജീവിക്കാനുള്ള പ്രചോദനം അമ്മ മാത്രമായിരുന്നു.”
നിക്കറും ഷേട്ടുമാണ് ധരിച്ചിരുന്നതെങ്കിൽ കൂടി, ശീതൾ എതിർലിംഗ സ്വഭാവങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഞാനിതിനെ, A female trapped in a male body എന്നു വിളിക്കട്ടെ, ശീതൾ?
“വിളിക്കാം, അതാണ് ശരി, Sir,” ശീതൾ അടിവരയിട്ടു.
“എൻറെ സ്ത്രീ മനസ്സ്, എൻറെ പുരുഷ ശരീരവുമായി സദാ കലഹിക്കുകയായിരുന്നു…”

വിദ്യാഭ്യാസം?
“എൻറെ മാംസളമായ ശരീരഭാഗങ്ങൾ സ്കൂളിലും, വഴിയിലും, പോകുന്നിടത്തൊക്കെയും പലരുടേയും ദൗർബ്ബല്യമായിരന്നു.”
“ട്യൂഷൻ മാഷ് വരെ എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഒമ്പതാം ക്ലാസ്സിൽ വെച്ചു പഠിപ്പു നിർത്തേണ്ടിവന്നു.”
കഷ്ടം! എനിയ്ക്ക് എന്നോടുതന്നെ അവജ്ഞ തോന്നുന്നു, ശീതൾ. ക്ഷമിക്കൂ, എല്ലാം തികഞ്ഞ ഈ ഞങ്ങളോടെല്ലാം…
എന്തെങ്കിലും ജോലിക്കു പോയിരുന്നുവോ?
“പലയിടങ്ങളിലും ജോലിക്കു പോയി. പക്ഷെ, പോയിടത്തെല്ലാം എൻറെ അനുഭവങ്ങൾ തുറന്നുപറയാൻ കൊള്ളാത്ത വിധം മോശമായിരുന്നു.”

ശീതൾ, ഞാൻ നേർക്കുനേർ ഒരിക്കലും കേട്ടറിഞ്ഞിട്ടില്ലാത്തതാണ് ഇവയെല്ലാം…
“ഗത്യന്തരമില്ലാതെവന്നപ്പോൾ, ഇനി ജോലിക്കു പോകുന്നില്ലെന്നു ഞാൻ വീട്ടിൽ പറഞ്ഞു. ആണുങ്ങൾ ചെയ്യുന്ന ജോലി എനിക്ക് ഇഷ്ടമല്ലെന്നും പെണ്ണുങ്ങളുടെ ജോലിക്കേ താൽപര്യമുള്ളുവെന്നും ആയിരുന്നു അപ്പച്ചൻറെ പ്രതികരണം.”
തൊഴിലിടങ്ങളിൽ ശീതളിൻറെ ദൗർഭാഗ്യകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു സൂചന മാത്രം തരാമോ?
“തരാം, Sir…”

ശീതളിൻറെ മുഖത്ത്, അൽപനേരം എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറിയുന്നതു ഞാൻ കണ്ടു. മൗനംകൊണ്ട ആ കൊച്ചു ഇടവേളയിലും ശീതളിൻറെ മിഴികൾ മാത്രമല്ല പുരികങ്ങളും വാചാലമായിരുന്നു.
“ചുവന്ന തെരുവിൽ ചെന്നെത്തിപ്പെട്ട ഒരു പാവം പെണ്ണിനെക്കാളേറെ ദുരിതമായിരുന്നു ജന്മംകൊണ്ടു പുരുഷനായ ഞാൻ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരുന്നത്.”

“എനിയ്ക്ക് അപ്പച്ചനോട് പറയാൻ കഴിയുമായിരുന്നില്ലല്ലൊ ഇതൊന്നും.”
“ഇനി പറഞ്ഞാൽ തന്നെ, അതും എൻറെ കുറ്റം കൊണ്ടാണെന്നേ, അപ്പച്ചൻ പറയുമായിരുന്നുള്ളൂ.”
പുരുഷനോ, സ്ത്രീയോ, പുരുഷ ശരീരത്തിൽ അകപ്പെട്ടുപോയ പെണ്ണോ, ആരുമാവട്ടെ, സമൂഹം അവരെ എന്തു പേരിലെങ്കിലും വിളിക്കട്ടെ, എൻറെ തൊട്ടുമുന്നിലിരുന്ന ആ സഹജീവിയുടെ കണ്ണുകളിൽ തളംകെട്ടിനിന്ന ശോകം, പങ്കിട്ട ജീവിത കഥകൾ, ഈറനണിയിച്ചത് യഥാർത്ഥത്തിൽ എൻറെ ഹൃദയത്തെയാണ്!
സുപ്രീം കോടതിയുടെ Transgender Rights (2014) വിധി പ്രകാരം, ശീതളിനെ പോലെയുള്ളവരെ വിളിക്കേണ്ടത് ‘ട്രാൻസ്‌ജെൻ‍ഡർ’ എന്നു തന്നെയാണ്. ഇലക്ഷൻ ഐ.ഡി, ആധാർ, പാസ്സ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് മുതലായ സർക്കാർ രേഖകളിലും ഇങ്ങനെയാണ് രേഖപ്പെടുത്തേണ്ടത്.

ഒരാൾ ട്രാൻസ്‌ജെൻ‍ഡർ ആണോയെന്ന് തീരുമാനിക്കേണ്ടത് അയാളുടെ ശരീരം പരിശോധിച്ചല്ലെന്നും, മറിച്ചു അയാളുടെ മനസ്സാണ് പരിശോധിക്കേണ്ടതെന്നും ഈ വിധി വ്യക്തമാക്കുന്നു.
Male, Female, Third Gender എന്നിവയിൽ ഏതു തിരഞ്ഞെടുക്കാനും അവർക്ക് അവകാശമുണ്ട്. Sex Reassignment Surgery (SRS), Hormone Treatment മുതലായവയൊന്നും ഈ അവകാശത്തിനു വിഘ്നമാകുന്നില്ല.

ട്രാൻസ്‌ജെൻ‍ഡർ എന്നതിൻറെ പരിഭാഷയായി മലയാളത്തിൽ കണ്ടുവരുന്ന ‘ഭിന്നലിംഗം’, എന്ന പദം അറിയാതെയാണെങ്കിലും, തെറ്റായ അർത്ഥങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘ചാന്ത്‌പൊട്ട്’, ‘ഒമ്പത്’ മുതലായ അനൗപചാരിക സംജ്ഞകളിലെല്ലാം‍ ക്രൂരമായ ആക്ഷേപവും പരിഹാസവും നിറഞ്ഞു നിൽക്കുന്നു.
ജനിച്ചത് പുരുഷനായാണെങ്കിലും, മനസ്സ് സ്ത്രീയുടേതായതിനാൽ, സ്ത്രീയായി മാറിക്കാണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് Transwoman. ഗർഭാവസ്ഥയിൽ ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലനുസരിച്ചു സംഭവിക്കുന്നതാണിതെന്ന് വൈദ്യശാസ്ത്രം പറയുന്നു. എന്നാൽ, ഇതുപോലൊരു അൽപ-ശാസ്ത്രീയമായ, ഒഴുക്കൻ കാരണം പറച്ചിലല്ല ചികിത്സാവിദഗ്‌ദ്ധരിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നത്. ശുശ്രൂഷ മുഖാന്തരം ക്രോമസോമുകളുടെ വിന്യാസത്തിന് അപാകതകൾ ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയാണ്!

വർത്തമാനതലമുറയിൽ മാത്രം, ലോകത്താകെ 10 കോടിയും, ഇന്ത്യയിൽ 25 ലക്ഷവും, കേരളത്തിൽ നാലായിരത്തിലേറെയും Transgenders ഉണ്ട്. ഗർ‍ഭസ്ഥ ശിശുവിൻ്റെ ജീൻ എഡിറ്റു ചെയ്ത് പാരമ്പരാഗത അസുഖങ്ങൾ ഇല്ലായ്മ ചെയ്യുന്നത്രയും വളർന്നു നിൽക്കുന്ന ജനിതക ശാസ്‌ത്രം, ഹതഭാഗ്യരായ ഇത്രയും കുഞ്ഞുങ്ങൾ ഈ ലോകത്തു പിറവികൊള്ളുന്നത് നിസ്സംഗതയോടെ നോക്കി നിന്നുവോ?

അതല്ല, ആണും പെണ്ണും ജനിക്കുന്നതു പോലെ സ്വാഭാവികമായ പ്രതിഭാസമാണ് ഒരു Intersex പെറ്റുവീഴുന്നതുമെങ്കിൽ, പ്രകൃതിയെ തടയാൻ ശാസ്‌ത്രത്തിനാവില്ലെന്നോ, തടയാൻ പാടില്ലാത്തതാണെന്നോ, വ്യക്തമാക്കണമായിരുന്നു!

ശാസ്‌ത്രീയ വശം സ്‌പഷ്‌ടമായിരുന്നുവെങ്കിൽ, സമൂഹത്തിൻറെ കാഴ്ചപ്പാട് എന്നോ മാറുമായിരുന്നു. ഗന്ധർവ്വ-കിന്നരന്മാരെയും, അർദ്ധനാരീശ്വരനായ ഉമാമഹേശ്വരനെയും, രാമായണത്തിലെ നിന്നിടത്തുതന്നെ 14 വർഷം രാമനെ കാത്തുനിന്നവരെയും, മഹാഭാരതത്തിലെ ഇരവനെയും ഇഷ്ടമാകുന്നവർക്കെങ്കിലും ആ ശാസ്‌ത്രീയത പെട്ടെന്ന് ഉൾക്കൊള്ളാനും കഴിയുമായിരുന്നു.
മെഡിക്കൽ സയ്ൻസിൻ്റെ നിലപാട് എന്തായാലും വേണ്ടില്ല, സാമൂഹ്യ നീതി നടപ്പാക്കുന്നതിൻറെ ഭാഗമായി, നമ്മുടെ രാജ്യം two-gender framework-ന് അപ്പുറത്ത് ചിന്തിക്കാൻ തുടങ്ങിയതിൻറെ തെളിവുകളാണ് ആദ്യത്തെ ട്രാൻസ്‌ജെൻഡർ പോലീസ് ഓഫിസർ പ്രിതിക യാഷിനിയും, സിവിൽ കോർട്ട് ജഡ്ജ് ജോയിത മോണ്ടലും, കാളേജ് പ്രിൻസിപ്പ്ൾ മാനബി ബന്ദോപാധ്യായയും, നേവി സൈലർ ഷാബിയും, മെഡിക്കൽ അസിസ്റ്റൻറ് ജിയ ദാസും അവരെപോലെയുള്ള മറ്റു പലരും. അതേ സമയം, മാനബിക്കും, ഷാബിക്കും പിന്നീടുണ്ടായ അനുഭവങ്ങൾ ഉൽകണ്ഠാജനകവുമാണ്.

രാഷ്ട്ര നീതിയിലും, ലോക ശാസ്ത്രത്തിലും ഇനിയും പ്രതീക്ഷയുണ്ട്. പക്ഷെ, ഘടികാരം പിന്നോട്ടു കറങ്ങുമോ? എൻറെ ചങ്ങാതി ശ്യാം, ശീതളായി പരിണമിച്ചുകൊണ്ടിരിക്കുന്നു — Sheethal Shyam is a transwoman! ഒരു സാധാരണ സ്ത്രീക്കും പുരുഷനുമുള്ള എല്ലാ വിധ മൗലിക അവകാശങ്ങളും, ഒട്ടും കുറവില്ലാതെ, ശീതളിനും ഇന്ത്യയുടെ പരമോന്നത നീതിപീഠം ഉറപ്പു നൽകുന്നു. പിന്നെ, എന്താണ് നമ്മുടെ സമൂഹം ഇങ്ങനെയൊക്കെ, ശീതൾ?

“പുരുഷനെപ്പോലെ അവകാശമുണ്ടായിട്ടും, രാത്രിയിൽ റോഡിലിറങ്ങി നടക്കാൻ സ്ത്രീകൾക്കു കഴിയുന്നുണ്ടോ? കോളേജു ഹോസ്റ്റലുകളിൽ, എട്ടു മണിക്ക് പെൺകുട്ടികളെ പൂട്ടിയിടുകയല്ലേ ചെയ്യുന്നത്? അങ്ങനെയുള്ള നമ്മുടെ നാട്ടിൽ ഞങ്ങളുടെ തുല്യമായ അവകാശത്തിനൊക്കെ എന്തു വില?”

“ജോലി തരില്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല, വാടകക്ക് വീട് തരില്ല, ലോഡ്ജിലോ ഹോട്ടലിലോ മുറി തരില്ല, യാത്രാ സമയത്ത് കൂടെ ഇരിക്കാൻപോലും അനുവദിക്കില്ല…”
എന്തെങ്കിലും ജോലി ചെയ്തു മാന്യമായി ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതുകൊണ്ടാണ്, വിശപ്പു സഹിക്കാതെ വരുമ്പോൾ, ചിലർ ശരിയല്ലാത്തതിന് നിർബന്ധിതരാകുന്നതെന്ന് ശീതൾ ഖേദപൂർവം അഭിപ്രായപ്പെട്ടു.

അടുത്ത കാലത്ത് പ്രത്യേകിച്ചെന്തെങ്കിലും വിവേചന അനുഭവം ശീതളിന് ഉണ്ടായിട്ടുണ്ടോ?
“ഈയിടെയാണ്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച്, എന്നെ ട്രൈനിൽ നിന്ന് ഇറക്കിവിടാൻ പോലീസുകാർ ശ്രമിച്ചത്. ഫീമേൽ കമ്പാട്ടുമെൻ്റിലിരുന്ന കുറ്റത്തിന്.”

“വെവ്വേറെ ശൗചാലയങ്ങൾ ഉണ്ടായതുകൊണ്ടാണ് സ്ത്രീയും പുരുഷനും തനിയേയുള്ള സ്ഥലങ്ങളിൽ പോകുന്നത്. എന്നാൽ, ട്രെയിനിലും, ഫ്ളൈറ്റിലും, മറ്റു പലയിടത്തും, ആണും പെണ്ണും ഒരേ toilet-ൽ അല്ലേ പോകുന്നത്! എന്നിരുന്നാലും, ഒരു transwoman-ന് ഫീമേൽ കമ്പാട്ടുമെൻ്റിൽ ഇരിയ്ക്കാൻ പാടില്ല. പിന്നെ, ട്രെയിനിൽ എവിടെയാണ് ഞങ്ങൾ ഇരിക്കേണ്ടത്? ഏതെങ്കിലും ട്രെയിനിൽ Transgender Compartment എന്നതൊന്നുണ്ടോ?”

“ബസ്സിലും അതുതന്നെയാണ് സ്ഥിതി. പെണ്ണിൻ്റെയും ആണിൻ്റെയും, ഭിന്നശേഷിക്കാരുടേയും, മുതിർന്ന പൗരൻ്റെയും സീറ്റിലിരുന്നാൽ ശകാര വർഷമാണ്, എഴുന്നേൽപ്പിക്കും…”

വളരെ ഖേദിക്കുന്നു, ശീതൾ…
ശീതളിന് ഒരു ലോഡ്ജിൽ മുറി നിഷേധിച്ച വാർത്ത വായിച്ചിരുന്നു…
“ഈയ്യിടെ വടകര ഗവർമൻ്റ് കോളേജ് യൂണിയൻ ഉൽഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. താമസത്തിനായി ഭാരവാഹികൾ ബുക്കു ചെയ്ത ലോഡ്ജിൽ ചെന്നപ്പോൾ, എനിയ്ക്കു റൂം തരില്ലെന്നു പറഞ്ഞു.”
“എന്നെ പോലുള്ളവർക്ക് മുറി നൽകരുതെന്ന് പോലീസിൻറെ നിർദ്ദേശമുണ്ടത്രെ. ലോഡ്ജ് ഉടമയും ജോലിക്കാരും ചേർന്ന് എന്നെ അപമാനിച്ച് ഇറക്കി വിട്ടു.”

ഏതു നിലയിൽ ആലോചിച്ചാലും, തലനാരിഴ വ്യത്യാസത്തിനു മാത്രമാണ് ഞാനോ അവരിൽ ഒരാളോ, ഞങ്ങളുടെ മക്കളിൽ ഒരാളോ, ശീതളിനെ പോലെയല്ലാതെ ജനിച്ചത്! അങ്ങനെ കിട്ടിയ വെറുമൊരു ‘പൂച്ചഭാഗ്യ’ത്തിൽ, യദൃശ്ചയാ സംഭവിച്ചൊരു കാര്യത്തിൽ, ഇത്രയും അഹങ്കരിക്കേണ്ടതുണ്ടോ?
“അങ്ങനെ അവരും കൂടി കരുതേണ്ടേ, സാർ…?”

ഇങ്ങനെയൊക്കെയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രാ൯സ്ജെൻ‍ഡേഴ്‌സിനെ ഏറ്റവും കുടുതൽ അംഗീകരിക്കുന്നത് കേരളത്തിലാണെന്ന് വേണം കരുതാൻ. ജയസൂര്യയുടെ ‘ഞാൻ മേരിക്കുട്ടി’ ട്രാൻസിൻ്റെ സന്ദേശം സമൂഹത്തിലെത്തിച്ച നാടാണിത്, മമ്മൂട്ടി-അഞ്ജലി അമീർ Starrer ‘പേരൻപ്’ നു മുന്നെത്തന്നെ.
ഇന്ത്യയിലാദ്യമായി Trans-exclusive സൗന്ദര്യ മത്സരവും, കായിക മത്സരവും കേരളത്തിൽ നടന്നു! വ്യക്തം, ഇവിടെ ട്രാൻസ് ആക്ടിവിസം വളരെ ശക്തമാണ്. Intersex വിഭാഗത്തിൽപ്പെടുന്നവർക്ക് സാമൂഹിക നീതി ഉറപ്പുവരുത്താനായി Transgender Policy രൂപീകരിച്ചു പ്രാബല്യത്തിൽ വരുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് നമ്മുടേത്. എല്ലാം സുദൃഢമാക്കാൻ Transgender Justice Board-ഉം ഉണ്ടിവിടെ.

“എല്ലാം ശരിയാണ്, പക്ഷെ ഞങ്ങളുടെ ജീവിതം ഇപ്പോഴും ഇരുളടഞ്ഞു കിടക്കുന്നു, സാർ…”

എല്ലാം മനസ്സിലാക്കുന്നു, ശീതൾ…
കേരള സർക്കാർ ഒരുപാടു പ്രതീക്ഷയോടെ ആരംഭിച്ച Transgender Justice Board അംഗമാണ് ശീതൾ. വീട്ടുകാരും നാട്ടുകാരും ആട്ടിയിറക്കിയവരുടെ രോദനം അധികൃതരെ നേരിട്ടറിയിക്കാൻ ചുമതലപ്പെട്ടയാൾ.

സ്വന്തം നിലക്ക് celebrity status-ഉം ശീതളിനുണ്ട്.
സുരാജ് വെഞ്ഞാറമൂടും, റീമ കല്ലിങ്ങലും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘ആഭാസ’ത്തിലെ മീര എന്ന കഥാപാത്രത്തിന് ജീവൻ പകർന്നതിന്, Movie Street Film Awards 2019-ലെ പ്രഥമ പുരസ്കാര ജേതാവാണ് ശീതൾ — Special Jury Award for outstanding performance! അതിനു മുന്നെ, ‘അവളോടൊപ്പം’ എന്ന short film-ലെ നായിക. നിഴലാട്ടം ഫിലിം ഫെസ്റ്റിവലിൽ ഇതിലെ അഭിനയം മികച്ച നടിക്കുള്ള സമ്മാനം ശീതളിനു നേടിക്കൊടുത്തു. IFFK-യിൽ പ്രദർശിപ്പിക്കപ്പെട്ട ‘Ka Bodyscapes’-ലും ശീതളിൻറെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഇത്രയൊക്കെയുള്ള ശീതളിനുതന്നെ അനുഭവങ്ങൾ ഇതൊക്കെയാണെങ്കിൽ, മറ്റുള്ളവരുടെ അവസ്ഥ എനിയ്ക്ക് ഊഹിക്കാൻ കഴിയും, ശീതൾ…
“അതെ, സാർ… ഞങ്ങൾക്ക് എവിടെയും രക്ഷയില്ല.”
“രൂപം ഏതായാലും…”

“എൻറെ ഒരു സുഹൃത്ത് അടുത്ത കാലത്ത് സർജറി ചെയ്തു. പുരുഷ ഭാഗങ്ങൾ നീക്കം ചെയ്തു, അവിടെ സ്ത്രീയുടേതാക്കി.”
“ആൺകുട്ടിയായി കോളേജിൽ പഠിക്കുന്ന കാലത്ത്, തോളിൽ കയ്യിട്ടു നടന്നിരുന്ന ഒരുത്തൻ, അവൻ പെണ്ണായിയെന്ന വിവരം അറിഞ്ഞപ്പോൾ, അവളോട് മെസ്സഞ്ചറിൽ എഴുതി ചോദിച്ചു…”
“കിട്ട്വോ…”

പിന്നീട് ഈ ലേഖകൻ കണ്ടത്, സാരിതുമ്പുകൊണ്ട് കണ്ണുകൾ തുടയ്ക്കുന്ന ശീതളിനെയാണ്.
“കഷ്ടപ്പെട്ടു വിശപ്പടക്കാനുള്ളതെന്തെങ്കിലും ഉണ്ടാക്കിയാൽ തന്നെ, ഞങ്ങളെ മാന്യമായി ജീവിക്കാൻ അനുവദിക്കുന്നില്ല…”
“ഒന്നും… ഒന്നും ആശിക്കാൻ അവകാശമില്ലാത്തവരാണ് ഞങ്ങൾ, സാർ…”

എൻ്റെ കണ്ണുകളും നനയാൻ തുടങ്ങിയിരുന്നു. സാന്ത്വന വാക്കുകൾ ഉപയോഗിച്ചു തീർന്നതു പോലെ തോന്നി. അതുവരെ പറഞ്ഞതിൻ്റെയെല്ലാം നിരർത്ഥകത എന്നെ വല്ലാതെ അലട്ടുവാനും തുടങ്ങിയിരുന്നു.

കയ്പ്പ്, കാരസ്കരത്തേക്കാളേറെയുള്ള, വിണ്ടുകീറിയ ജീവിത യാഥാർത്ഥ്യങ്ങൾ, മൂന്നാലു മണിക്കൂർ നേരം എണ്ണിയെണ്ണി പറഞ്ഞയാളുടെ അപ്പോഴത്തെ വൈകാരിക സ്ഥിതി തന്നെയായിരുന്നു അവരുടെ ശ്രോതാവിനുമപ്പോൾ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular