Thursday, May 2, 2024
HomeUSAമരിയുപോളില്‍ യുക്രെയ്ന്‍ സൈന്യം കീഴടങ്ങി; റഷ്യ നടത്തുന്നത് വംശഹത്യയെന്ന് ജോ ബൈഡന്‍

മരിയുപോളില്‍ യുക്രെയ്ന്‍ സൈന്യം കീഴടങ്ങി; റഷ്യ നടത്തുന്നത് വംശഹത്യയെന്ന് ജോ ബൈഡന്‍

കിയവ്: തുറമുഖ നഗരമായ മരിയുപോളില്‍ യുക്രെയ്ന്‍ സൈന്യം കീഴടങ്ങിയതായി റഷ്യയുടെ അവകാശവാദം. 162 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1026 സൈനികര്‍ ആയുധം വെച്ച്‌ കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, കീഴടങ്ങലിനെ കുറിച്ച്‌ അറിയില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പ്രതികരിച്ചു. ലക്ഷത്തിലധികം ആളുകള്‍ പുറത്തുകടക്കാനാകാതെ മരിയുപോള്‍ നഗരത്തില്‍ കുടുങ്ങികിടക്കുകയാണെന്ന് മേയര്‍ വാദിം ബോയ്ചെന്‍കോ പറഞ്ഞു. റഷ്യ ഫോസ്ഫറസ് ബോംബ് ഉപയോഗിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി കുറ്റപ്പെടുത്തി.

സിവിലിയന്മാര്‍ക്കെതിരെ മോസ്കോ ഭീകര തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും എസ്തോനിയ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സെലന്‍സ്കി പറഞ്ഞു. ഇടവേളക്കുശേഷം നിശ്ശബ്ദത വെടിഞ്ഞ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, യുക്രെയ്നിലെ അധിനിവേശത്തിനു പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നും വ്യക്തമാക്കി.

ആക്രമണം ശാന്തമായി, മുന്‍കൂടി നിശ്ചയിച്ച പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നാശനഷ്ടങ്ങള്‍ പരാമവധി കുറക്കുകയെന്നതാണ് ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു. അതേസമയം, യുക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. ആദ്യമായാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്.

ഞാന്‍ അതിനെ വംശഹത്യയെന്ന് വിളിക്കും. ഒരു യുക്രെയ്നുകാരന്‍ ആകുക എന്ന ആശയം പോലും തുടച്ചുനീക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular