Thursday, May 2, 2024
HomeIndia'എനിക്ക് ഹിന്ദി അറിയില്ല; തമിഴിന് പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പാഠ്യവിഷയമാകുന്നത് അംഗീകരിക്കാനാവില്ല'; അമിത് ഷായുടെ...

‘എനിക്ക് ഹിന്ദി അറിയില്ല; തമിഴിന് പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പാഠ്യവിഷയമാകുന്നത് അംഗീകരിക്കാനാവില്ല’; അമിത് ഷായുടെ നീക്കത്തിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍

ചെന്നൈ: ( 14.04.2022) രാജ്യത്തെ സ്‌കൂളുകളിലെ പാഠ്യവിഷയത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തി.
തമിഴിന് പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പാഠ്യവിഷയമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. ഇന്‍ഡ്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പുരാതന തമിഴ് ഭാഷയ്ക്ക് ദേശീയതയെ കോര്‍ത്തിണക്കാനുള്ള ഭാഷയാകാന്‍ കഴിയുമെന്നും തമിഴിനെ രാജ്യത്തെ ബന്ധിപ്പിക്കുന്ന ഭാഷയാക്കുമ്ബോള്‍ അത് നമ്മുടെ ഏറ്റവും വലിയ അഭിമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലിന് വേണ്ടിയോ മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ക്ക് വേണ്ടിയോ ഒരാള്‍ക്ക് ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാമെന്നും അണ്ണാമലൈയെ ഉദ്ധരിച്ച്‌ പിടിഐ റിപോര്‍ട് ചെയ്തു. എല്ലാ ഇന്‍ഡ്യക്കാരും അവരുടെ പ്രാദേശിക ഭാഷകള്‍ പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ ഹിന്ദി ഐച്ഛികമാണ്. ഏത് പ്രാദേശിക ഭാഷയിലും ഒരാള്‍ക്ക് പഠിക്കാം എന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. ‘എനിക്ക് ഹിന്ദി അറിയില്ല. തമിഴ്‌നാട്ടില്‍ എത്ര പേര്‍ക്ക് ആ ഭാഷ അറിയാം എന്ന് അറിയില്ല. വിദ്യാഭ്യാസത്തിനോ ജോലിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഹിന്ദി പഠിക്കാം, പക്ഷേ അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഏഴിന് നടന്ന 37-ാമത് പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തില്‍, ഹിന്ദി ഇന്‍ഗ്ലീഷിന് പകരമാകുമെന്നും ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാമെന്നും അമിത് ഷാ പ്രസ്താവിച്ചിരുന്നു. ‘ നമ്മുടെ ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഒരു പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്ബോള്‍ അത് ഇന്‍ഡ്യയുടെ ഭാഷയിലായിരിക്കണം,’ അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇതിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷനും രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular