Friday, May 3, 2024
HomeKeralaകത്തി താഴെയിടൂ, ചാകുന്നത് ശത്രുവല്ല, മനുഷ്യൻ, മലയാളി

കത്തി താഴെയിടൂ, ചാകുന്നത് ശത്രുവല്ല, മനുഷ്യൻ, മലയാളി

കേരളരാഷ്ട്രീയം വീണ്ടും കൊലക്കളമായി മാറിയിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പ് കണ്ണൂരായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രധാന ഭൂമികയെങ്കില്‍ ഇന്നത് പ്രത്യേകമായി ഒരു പ്രദേശത്തേയ്ക്ക് മാത്രം ചുരുങ്ങുന്നില്ല. പാലക്കാടും, ആലപ്പുഴയുമെല്ലാമായി ഇടയ്ക്കിടെ അരങ്ങേറുന്ന ഒരു സ്വാഭാവിക സംഭവം പോലെ അത് മാറിയിരിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു സത്യമാണ്.

മുമ്പ് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമായിരുന്നു പതിവെങ്കില്‍ മാറിയ രാഷ്ട്രീയത്തിനൊപ്പം എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷവും, രാഷ്ട്രീയ അക്രമങ്ങളും, കൊലപാതകങ്ങളും മുന്നിലെത്തിയിട്ടുണ്ട്. പാലക്കാട്ടും, ആലപ്പുഴയിലും ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന സംഘര്‍ഷം. ഇരു പാര്‍ട്ടികളും കൊണ്ടും കൊടുത്തും കണക്ക് തീര്‍ക്കുമ്പോള്‍ പോലീസും ആഭ്യന്തരവകുപ്പും കൈയും കെട്ടി നോക്കിനില്‍ക്കുന്നതായേ സാധാരണക്കാര്‍ക്ക് തോന്നാന്‍ വഴിയുള്ളൂ. പാലക്കാട് കഴിഞ്ഞയിടെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍, തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ എന്നിവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുപ്പ്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ കണക്കെടുത്താല്‍ അത് ഇപ്രകാരമാണ്:
(*മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്‌)
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ 35
ഒന്നാം പിണറായി സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ 26
രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതുവരെ 8

ഇതിന് പുറമെ രാഷ്ട്രീയവും, അല്ലാത്തതുമായ ആകെ കൊലപാതകങ്ങള്‍ എട്ട് വര്‍ഷത്തിനിടെ 2629 ആണ് എന്നതും ഞെട്ടിക്കുന്നതാണ്. സമ്പൂര്‍ണ്ണ സാക്ഷരതയും, പ്രബുദ്ധതയും അവകാശപ്പെടുന്ന ഒരു നാടിന് ഭൂഷണമാണോ ഈ കണക്കുകള്‍?

രാഷ്ട്രീയ കൊലപാതകം

രാഷ്ട്രീയമായ എതിരാളികളെ ഇല്ലാതാക്കുക എന്നത് ആദിമകാലം മുതല്‍ മനുഷ്യര്‍ ചെയ്തുപോരുന്ന ഒരു സംഗതിയാണ്. കാലം മാറി, ജനാധിപത്യം വേരുറച്ചപ്പോഴും പല പാര്‍ട്ടികളും ഇത് ചെയ്തുപോരുന്നത് തുടര്‍ന്നു. ഇന്നും തുടരുന്നു. ജനാധിപത്യം എന്ന വാക്കിനെ പോലും ലജ്ജിപ്പിക്കും വിധം ക്രൂരമായ കൊലപാതകങ്ങള്‍ നടത്തി, ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും കാവലാള്‍ ചമയുന്നവരാണ് ഇന്ന് ഇന്ത്യയിലെയും, കേരളത്തിലെയും ഭൂരിപക്ഷം പാര്‍ട്ടികളും. ഈയിടെ രൂപീകരിക്കപ്പെട്ടവയല്ലാതെ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം കൊലപാതകങ്ങളില്‍ നേരിട്ട് തന്നെ പങ്കുണ്ട്.

കൊലപാതകം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ധീരരായി കണ്ടും, ജയിലില്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയും പ്രോത്സാഹിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ഒറ്റക്കെട്ടാണ്. മികച്ച അഭിഭാഷകരെയും അവര്‍ക്കായി പാര്‍ട്ടി ചെലവില്‍ നല്‍കുന്നു. അതോടെ താന്‍ ഈ നാടിന് വേണ്ടിയും, പാര്‍ട്ടിക്ക് വേണ്ടിയും മഹത്തായ എന്തോ ചെയ്തു എന്ന് കൊലപാതകിക്ക് സ്വയം തോന്നുകയും ചെയ്യുന്നു. ഇതിന് പുറമെ അവന് ആവശ്യമുള്ളതെന്തും സാധിച്ച് കൊടുക്കാനും പാര്‍ട്ടി നേതാക്കന്മാര്‍ മുമ്പിലുണ്ടാകും.

ലോകത്തെ വികസിത രാജ്യങ്ങളില്‍ രാഷ്ട്രീയ കൊലപാതകമെന്നാല്‍ അത്രത്തോളം അധമമായ ഒരു പ്രവൃത്തിയായാണ് കണ്ടുവരുന്നത്. സര്‍വ്വസ്വാതന്ത്ര്യവും, ജനങ്ങളാല്‍ നിയന്ത്രിതമാകുന്ന ഭരണകൂടവും വിഭാവനം ചെയ്യുന്ന ഇക്കാലത്ത്, കേവലം രാഷ്ട്രീയമായ വിരോധം തീര്‍ക്കാനായി സമൂഹത്തിലെ മറ്റൊരു വ്യക്തിയെ ഇല്ലായ്മ ചെയ്യുന്നതിനെ, എന്ത് ന്യായീകരണം നിരത്തിയാലും എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക? ഇടതടവില്ലാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന ഒരു നാടിനെ എങ്ങനെ ജനാധിപത്യരാജ്യമെന്ന് വിളിച്ച് ഘോഷിക്കാന്‍ കഴിയും? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

നേതാക്കന്മാരും ഭരണകൂടവും

കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകമുണ്ടായാല്‍ പിന്നെ സംഭവിക്കുന്നത് താഴെ പറയും പോലെയാണ്:

1. കൊല്ലപ്പെട്ട രാഷ്ട്രീയക്കാരന്റെ പാര്‍ട്ടി ഇരവാദമുയര്‍ത്തും. എതിര്‍ പാര്‍ട്ടിക്ക് മേല്‍ ആരോപണമുന്നയിക്കും.

2. പകരത്തിന് പകരമായി എതിര്‍ പാര്‍ട്ടിയിലെ ആരെയെങ്കിലും വകവരുത്തും.

3. സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, മറ്റ് പാര്‍ട്ടിക്കാരാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും, സമന്വയം പാലിക്കണമെന്നും പറഞ്ഞ് ഭരണകൂടം കൈയൊഴിയും. സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ അതിന് വേറെ ന്യായീകരണമുയര്‍ത്തും.

4. പ്രതിപക്ഷവും, മറ്റ് പാര്‍ട്ടികളും കൊലപാതകത്തെ അപലപിക്കുകയും, കൊല നടത്തിയ പാര്‍ട്ടിക്കാരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കും.

5. ഒടുവില്‍ ഒരു സര്‍വ്വകക്ഷി യോഗത്തില്‍ സമാധാനത്തിന് ധാരണയായി ഏവരും പിരിയും.

ഇതിന് ശേഷവും ഇത് തന്നെ ആവര്‍ത്തിക്കും.

എന്നാല്‍ ഇത്തരമൊരു സംഭവം ഭാവിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താനായി ഭരണകൂടമോ, അതില്‍ മാറി മാറിവരുന്നവരോ, അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവരോ ഒന്നും തന്നെ യാതൊരു തരത്തിലുള്ള ഇടപെടലും ആത്മാര്‍ത്ഥമായി നടത്തുന്നില്ല എന്നതാണ് സത്യം. ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും കൊലപാതകം തങ്ങളുടെ അജണ്ടയല്ലെന്നും, തങ്ങളുടെ അണികളാരും തന്നെ അത്തരം പ്രവൃത്തികളില്‍ പങ്കെടുക്കില്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനോ, നടപ്പില്‍ വരുത്താനോ ശ്രമിച്ചിട്ടില്ല. അതിന്റെ കാരണം വളരെ ലളിതമാണ്- ഇന്ത്യ പോലൊരു രാജ്യത്ത് വികസനമോ, സാധാരണക്കാരുടെ പ്രശ്‌നപരിഹാരമോ അല്ല, രക്തസാക്ഷികളെയാണ് പാര്‍ട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനായി നേതാക്കന്മാര്‍ ഉപയോഗിക്കുന്നത്. ഈ ഇരവാദമുന്നയിച്ചാണ് അവര്‍ ജനങ്ങള്‍ക്കിടയില്‍ സഹതാപതരംഗം തീര്‍ത്തും, ഇതര പാര്‍ട്ടിയെ ക്രൂരന്മാരായി ചിത്രീകരിച്ചും വോട്ട് നേടാന്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ നേതാക്കന്മാര്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടാണ് പാര്‍ട്ടിയെ സജീവമായി നിലനിര്‍ത്താനും, പകരത്തിന് പകരം ചോദിച്ച് ശക്തി കാട്ടാനുമൊക്കെയായി വാടകക്കൊലയാളികളെ ഉപയോഗിച്ചും, തന്ത്രപരമായി പദ്ധതിയിട്ടുമെല്ലാം ഇവിടെ കൊപാതകങ്ങള്‍ അരങ്ങേറുന്നത്.

എന്നാല്‍ ഇടതടവില്ലാതെ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു മുതിര്‍ന്ന നേതാവ് കൊല്ലപ്പെടുന്നുണ്ടോ എന്ന ചോദ്യം വര്‍ഷങ്ങളായി നമ്മുടെ രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നതാണ്. കൊല്ലപ്പെടുന്നതെല്ലാം പാര്‍ട്ടിയില്‍ താരതമ്യേന ചെറിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. സാധാരണ ജോലി ചെയ്ത് കുടുംബം പോറ്റുന്ന, പാര്‍ട്ടിക്ക് വേണ്ടി വിയര്‍ത്ത് ജോലി ചെയ്യുന്നവരാണ് ഈ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും. പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കാനോ, രാഷ്ട്രീയ തീരുമാനമെടുക്കാനോ കെല്‍പ്പുള്ള നേതാക്കളാരും കൊല്ലപ്പെടുന്നില്ല. ഇതില്‍ നിന്നു തന്നെ പാര്‍ട്ടി നേതാക്കന്മാര്‍ക്കുള്ള ചോരക്കൊതി മനസിലാക്കാവുന്നതേയുള്ളൂ. ഈ ചോരക്കൊതി ആളിക്കത്തിക്കാനായി നേതാക്കന്മാര്‍ കൊലവിളി പ്രസംഗങ്ങള്‍ നടത്തുന്നതും നാം കാണുന്നതാണ്. ഇത് കേള്‍ക്കുന്ന സാധാരണ അണികള്‍, അവര്‍ കൊല്ലപ്പെട്ടയാളിന്റെ സഹപ്രവര്‍ത്തകരോ, സുഹൃത്തുക്കളോ ഒക്കെയാണെങ്കില്‍ വാളും ബോബുമായി ഇറങ്ങുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ത് ചെയ്യാന്‍ സാധിക്കും?

സാംസ്‌കാരിമായും, വിദ്യാഭ്യാസപരമായുമെല്ലാം ഉന്നതിയില്‍ നില്‍ക്കുന്ന കേരളം പോലെ ഒരു പ്രദേശത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തവയാണ് രാഷ്ട്രീയകൊലപാതകങ്ങള്‍. രാഷ്ട്രീയവിരോധം കൊലപാതകത്തിലേയ്ക്ക് നയിക്കുന്നു എന്നത് നികൃഷ്ടവും, അധമവുമായ ഒരു പ്രവൃത്തിയാണെന്ന് കേരളത്തിലെ രാഷ്ട്രീയബോധമുള്ള, അതേസമയം രാഷ്ട്രീയത്തില്‍ മുങ്ങി വിവേകം നഷ്ടപ്പെട്ട് പോയിട്ടില്ലാത്ത ജനത മനസിലാക്കേണ്ടതുണ്ട്. ‘അവര്‍ കൊന്നിട്ടല്ലേ ഇവരും കൊന്നത്’ എന്ന വെറും കാഴ്ചക്കാരന്റെ നിലപാട് പോലും അപകടരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

രണ്ടാമതായി രാഷ്ട്രീയകൊലപാതകങ്ങള്‍, കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും നല്‍കുന്ന ആഘാതവും േവദനയും എത്രത്തോളമാണെന്ന് രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് നേതാക്കള്‍ മനസിലാക്കേണ്ടതുണ്ട്. അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെ പഠനം ഏറ്റെടുത്ത് നടത്തുന്നതിലൂടെയും, മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് വീട് വച്ചുകൊടുക്കുന്നതിലൂടെയുമൊന്നും ആ നഷ്ടം നികത്താനാകില്ലെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. താന്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടാല്‍ തനിക്ക് പകരമാകുമോ ഇവയെല്ലാം എന്ന് സ്വയം ചോദിക്കുക. പക്ഷേ ഇരയുടെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കുന്ന കീഴ് വഴക്കം പോലും പാര്‍ട്ടിക്ക് വളമാക്കി മാറ്റുന്ന കാഴ്ചയാണല്ലോ ഈ നാട്ടില്‍ സ്ഥിരമുള്ളത്.

മൂന്നാമതായി കേരളത്തിലെ സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേര്‍ന്ന്, കൊലപാതകരാഷ്ട്രീയം ഇനിയുണ്ടാവില്ല എന്ന് സര്‍വ്വകക്ഷി കരാറില്‍ ഒപ്പിടണം. സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുത്ത് മദ്ധ്യസ്ഥം വഹിക്കണം. തങ്ങളുടെ അണികളാരും തന്നെ എതിര്‍ പാര്‍ട്ടിക്കാരെ ഇല്ലായ്മ ചെയ്യാനിറങ്ങില്ല എന്ന ഉറപ്പാണ് ആ കരാറില്‍ പാര്‍ട്ടികള്‍ നല്‍കേണ്ടത്. അത് സംബന്ധിച്ച് താഴെത്തട്ടിലുള്ള അണികള്‍ക്ക് വരെ കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം. അല്ലാത്തപക്ഷം പാര്‍ട്ടി അറിയാതെ പ്രാദേശിക നേതൃത്വം കൊലനടത്തി എന്ന നിലയ്ക്കാകും കാര്യങ്ങള്‍ വരുന്നത്.

ഈ കരാര്‍ ലംഘിക്കുന്ന പക്ഷം ആ പാര്‍ട്ടിക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം വിലക്കിക്കൊണ്ടുള്ള നിയമവും നടപ്പിലാക്കണം. ഇക്കാര്യങ്ങള്‍ കര്‍ക്കശമായും, ആത്മാര്‍ത്ഥതയോടെയും, നല്ലൊരു ഭാവി മുന്നില്‍ കണ്ടും നടപ്പിലാക്കാന്‍ സാധിച്ചാല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അസ്തമിക്കുന്ന പുലരിയിലേയ്ക്ക് കേരളത്തിന് മിഴികള്‍ തുറക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular