Monday, May 6, 2024
HomeIndiaIPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച്‌ കളി ജയിച്ചതെങ്ങനെ? അറിയാം

IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! ‘ദുരന്തം’ ബൗളിങ് വച്ച്‌ കളി ജയിച്ചതെങ്ങനെ? അറിയാം

ഹൈദരാബാദ്: 300 റണ്‍സിനു മുകളില്‍ വാരിക്കൂടി റെക്കോര്‍ഡിടാന്‍ ലക്ഷ്യമിട്ടിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സ്തബ്ധരാക്കിയിരിക്കുകയാണ് അവസാന സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു.

ഒരു വശത്ത് ഈ സീസണിലെ ഏറ്റവും അപകടകരമായ ബാറ്റിങ് ലൈനപ്പുമായാണ് എസ്‌ആര്‍എച്ച്‌ ഇറങ്ങിയതെങ്കില്‍ മറുഭാഗത്ത് ഏറ്റവും ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ടീമായിരുന്നു ആര്‍സിബി. അതുകൊണ്ടു തന്നെ ഫാഫ് ഡുപ്ലെസിക്കും സംഘത്തിനും ഒരാള്‍ പോലും നേരിയ വിജയസാധ്യതയും നല്‍കിയില്ല. എന്നാല്‍ സകല പ്രവചനങ്ങളും കാറ്റില്‍ പറത്തിയാണ് ആര്‍സിബി ജയിച്ചുകയറിയത്.

ആര്‍സിബി നല്‍കിയ 207 റണ്‍സിന്റെ വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എസ്‌ആര്‍എച്ചിനു സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിനു 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പതിവുപോലെ കത്തിക്കയറുമെന്നു കരുതിയ ഓറഞ്ച് ആര്‍മിയുടെ ബാറ്റിങ് ലൈനപ്പ് നനഞ്ഞ പടക്കമായി മാറുകയായിരുന്നു. ഒരാള്‍ പോലും അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി തികച്ചില്ല. പുറത്താവാതെ 40 റണ്‍സെടുത്ത ഷഹബാസ് അഹമ്മദാണ് എസ്‌ആര്‍എച്ചിന്റെ ടോപ്‌സ്‌കോറായത്. അഭിഷേക് ശര്‍മയും നായകന്‍ പാറ്റ് കമ്മിന്‍സും 31 റണ്‍സ് വീതവുമെടുത്തു.

യഥാര്‍ഥത്തില്‍ ആര്‍സിബിക്കു ഈ കളിയില്‍ ഇത്ര ഗംഭീരമായൊരു ജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ മാരക പ്ലാന്‍ തന്നെയാണെന്നു നിസംശയം പറയാം. ടൂര്‍ണമെന്റില്‍ ഇതുവരെ ക്ലിക്കായിട്ടില്ലാത്ത തന്റെ ബൗളിങ് നിരയെ അദ്ദേഹം ഈ കളിയില്‍ വളരെ സമര്‍ഥമായി പ്രയോജനപ്പെടുത്തി. എല്ലാവരും പരിഹസിച്ച ഈ ബൗളിങ് ലൈനപ്പിനെ വച്ചും എസ്‌ആര്‍എച്ചിനെ പോലെയൊരു ടീമിനെ മലര്‍ത്തിയടിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം കാണിച്ചുതന്നു.

മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച്‌ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഡുപ്ലെസി തന്റെ ബൗളര്‍മാരെ ഈ കളിയില്‍ പരീക്ഷിച്ചത്. സാധാരണയായി പേസര്‍മാരെ പവര്‍പ്ലേയില്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന ഡുപ്ലെസി ഇത്തവണ പിച്ചിന്റെ സ്ലോ സ്വഭാവം കൂടി കണക്കിലെടുത്ത് സ്പിന്നര്‍മാരെ കൂടുതലായി തുടക്കത്തില്‍ ഉപയോഗിച്ചു.

ആദ്യ ഓവറില്‍ തന്നെ സ്ലോ ഇടംകൈയന്‍ ബൗളറായ വില്‍ ജാക്ക്‌സിനെ വച്ചുള്ള അദ്ദേഹത്തിന്റെ ചൂതാട്ടം ലക്ഷ്യം കണ്ടു. ഓവറിലെ അവസാന ബോളില്‍ ട്രാവിസ് ഹെഡിനെ (1) ജാക്ക്‌സ് മടക്കിയതോടെ ആര്‍സിബിക്കു തുടക്കത്തില്‍ തന്നെ എതിരാളികളെ വിറപ്പിക്കാന്‍ കഴിഞ്ഞു. പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു ഗുണം ലഭിക്കുന്നുണ്ടെന്നു ബോധ്യമായതോടെ ഡുപ്ലെസി തന്റെ സ്ലോ ബൗളര്‍മാരെയെല്ലാം കയറൂരിവിടുകയായിരുന്നു.

പവര്‍പ്ലേയിലെ ആറോവറില്‍ മൂന്നും ബൗള്‍ ചെയ്തത് സ്പിന്നര്‍മാരായിരുന്നു. നാലു വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ ആര്‍സിബി കടപുഴക്കുകയും ചെയ്തു. നാലില്‍ രണ്ടും വീണത് സ്വപ്‌നില്‍ സിങെറിഞ്ഞ അഞ്ചാം ഓവറിലാണ്. എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച്‌ ക്ലാസെന്‍ തുടങ്ങിയ വമ്ബനടിക്കാരെയാണ് താരം മടക്കിയത്.

200 പ്ലസ് പോലെയൊരു വലിയ ടോട്ടല്‍ പിന്തുടരുമ്ബോള്‍ മികച്ചൊരു തുടക്കം ഹൈദരാബാദിനു ആവശ്യമായിരുന്നു. പക്ഷെ പിച്ചിന്റെ സ്വഭാവം നോക്കാതെ പതിവു ശൈലിയില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച അവര്‍ക്കു നാലു വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായതോടെ റണ്‍ചേസിങ് ദുഷ്‌കരമായി മാറി. പിന്നീട് ടെസ്റ്റ് ശൈലിയിലുള്ള ഫീല്‍ഡെല്ലാം പലപ്പോഴും ക്രമീകരിച്ച്‌ എസ്‌ആര്‍എച്ചിനെ അമിത പ്രതിരോധത്തിലാക്കാന്‍ ഡുപ്ലെസിക്കു കഴിഞ്ഞു.

പവര്‍പ്ലേയ്ക്കു ശേഷവും പേസര്‍മാരേക്കാള്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചതും സ്പിന്നര്‍മാരിലാണ്. നന്നായി റണ്‍സ് വഴങ്ങാറുള്ള ലോക്കി ഫെര്‍ഗൂസനെ ഒമ്ബതാം ഓവറില്‍ മാത്രമേ ഡുപ്ലെസി കൈാണ്ടുവന്നുള്ളൂ. 10 ഓവര്‍ ആവുമ്ബോഴേക്കും ഹൈദരാബാദ് ആറിനു 89 ലേക്കു കൂപ്പുകുത്തുകയും ചെയ്തു. പിന്നീട് കളിയിലേക്കൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യമായിരുന്നു.

10 ഓവറുകള്‍ക്കു ശേഷമാണ് തന്റെ ഫാസ്റ്റ് ബൗളര്‍മാരെ ഡുപ്ലെസി കൂടുലായി ഉപയോഗിച്ചത്. ആദ്യ 10 ഓവറില്‍ ആറും സ്പിന്നര്‍മാരാണ് കൈകാര്യം ചെയ്തത്. അടുത്ത 10 ഓവറില്‍ വെറും മൂന്നോവറുകള്‍ മാത്രമേ സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടുള്ളൂ. എസ്‌ആര്‍എച്ചിന്റെ എട്ടു വിക്കറ്റുകളില്‍ അഞ്ചും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. സ്വപ്‌നിലും കരണ്‍ ശര്‍മയും രണ്ടു വീതം വീക്കറ്റുകള്‍ പിഴുതപ്പോള്‍ ജാക്ക്‌സ് ഒരു വിക്കറ്റും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular