Saturday, May 4, 2024
HomeIndiaലക്ഷ്യംവച്ചത്‌ പള്ളി; പാളിയത് ബിജെപിയുടെ ഗൂഢനീക്കം

ലക്ഷ്യംവച്ചത്‌ പള്ളി; പാളിയത് ബിജെപിയുടെ ഗൂഢനീക്കം

ന്യൂഡല്‍ഹി> വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ബിജെപിയുടെ തച്ചുതകര്‍ക്കല്‍ നടപടിക്കിടെ ഇടിച്ചുനിരത്താന്‍ ലക്ഷ്യവച്ചത് ഇവിടെയുള്ള മുസ്ലിംപള്ളിയും.

പള്ളിയുടെ ഗേറ്റും മതിലും തകര്‍ത്തുമുന്നേറുന്നതിനിടെയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എത്തി ബുള്‍ഡോസറുകള്‍ തടഞ്ഞത്.

പൊളിക്കല്‍ തടഞ്ഞ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ രണ്ടുമണിക്കൂര്‍ നടപടി തുടര്‍ന്നത് ഈ ഗൂഢലക്ഷ്യം വ്യക്തമാക്കുന്നു. 10.45നാണ് സ്റ്റേ ഉത്തരവ് കോടതി നല്‍കിയത്. വൈകാതെ ഉത്തരവ് സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും അഭിഭാഷകര്‍ അഭ്യര്‍ഥിച്ചു. ഉടന്‍, ചീഫ് ജസ്റ്റിസ് എന്‍ വി രമണ അടിയന്തരനിര്‍ദേശം നല്‍കി. എന്നാല്‍, ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന സാങ്കേതികത്വം പറഞ്ഞ് പൊളിക്കല്‍ തുടരുകയാണെന്ന് ബൃന്ദ കാരാട്ടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനും ചീഫ് ജസ്റ്റിനെ അറിയിച്ചു.

‘ദയവായി സന്ദേശം കൈമാറാന്‍ സെക്രട്ടറി ജനറലിനോട് പറയൂ, മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു, നടക്കുന്നത് ശരിയല്ല, നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ്’–- ജമാഅത്ത് ഉലമ ഡല്‍ഹി ഘടകത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ജമാഅത്ത് ഉലമ അല്‍ ഹിന്ദിനുവേണ്ടി ഹാജരായ കപില്‍ സിബലും ആശങ്ക അറിയിച്ചു.

അതേസമയം, അപ്ലോഡ് ചെയ്ത ഉത്തരവിന്റെ പകര്‍പ്പുമായി ജഹാംഗിര്‍പുര്‍ ലക്ഷ്യമാക്കി ബൃന്ദ കാരാട്ട് വാഹനത്തില്‍ പാഞ്ഞെത്തി. പകര്‍പ്പ് ഔദ്യോഗിക രേഖയായി പരിഗണിക്കാമെന്നും അധികൃതര്‍ നിരാകരിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നും ബൃന്ദയ്ക്ക് നിയമോപദേശവും ലഭിച്ചു. അപ്പോഴേക്കും ബുള്‍ഡോസറുകള്‍ മുസ്ലിംപള്ളിയുടെ ഗേറ്റും അനുബന്ധമായി സ്ഥാപിച്ച ചെറുഭിത്തിയും തകര്‍ത്തുകഴിഞ്ഞിരുന്നു. പഴക്കമുള്ള പള്ളിക്കെട്ടിടത്തിന്റെ ഘടനയ്ക്ക് യന്ത്രക്കൈ കൊണ്ടുള്ള അടിയേറ്റ് കാര്യമായ തകരാറുണ്ടായെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. ഉത്തരവ് എത്താന്‍ ഇനിയും വൈകിയിരുന്നെങ്കില്‍ പള്ളി പൊളിക്കുകയെന്ന അജന്‍ഡ ബിജെപി ഭരണത്തിലുള്ള കോര്‍പറേഷന്‍ നടപ്പാക്കുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular