Thursday, May 2, 2024
HomeUSAപിണറായി വിജയന് അമേരിക്കയിലേക്ക് സ്വാഗതം

പിണറായി വിജയന് അമേരിക്കയിലേക്ക് സ്വാഗതം

കേരളമുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് വീണ്ടുംവരുന്നെന്നുള്ള വാര്‍ത്ത സന്തോഷത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുമുന്‍പും അദ്ദേഹം മിനിസോട്ടയിലെ മയോക്‌ളിനിക്കില്‍ വന്നിരുന്നു. ഇവിടുത്തെ ചിത്സകഴിഞ്ഞ്  പോയെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ രോഗമെന്തെന്ന് കേരളത്തിലുള്ളവര്‍ക്കോ അമേരിക്കന്‍ മലയാളികള്‍ക്കോ അറിയില്ല. പല കിംവതന്തികളും ശത്രുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്. മൂലക്കുരവാണന്ന് ചിലര്‍. മൂലക്കുരു ചികിത്സിക്കാന്‍ അമേരിക്കയിലേക്ക് വരേണ്ടതുണ്ടോ? കേരളത്തില്‍തന്നെ അതിനുള്ള ചികിത്സയുണ്ടല്ലോ.  കാന്‍സറാണെന്ന് മറ്റുചിലര്‍, അതാണന്ന് എനിക്കുതോന്നുന്നില്ല. മൂത്രംപോക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വിശ്വാസയോഗ്യമായ അഭിപ്രായം. അദ്ദേഹം സ്‌നക്ഷിയും കെട്ടിക്കൊണ്ടാണത്രെ നടക്കുന്നത്. അത് വളരെ അസ്വാസ്ത്യജനകമായ രോഗമാണ്. പ്രത്യേകിച്ചും കര്‍മ്മനിരതനായ ഒരാളായിരിക്കുമ്പോള്‍. എന്തുരോഗമാണങ്കിലും അദ്ദേഹം സുഹംപ്രാപിച്ച്  തിരികെപോകാന്‍  ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.

കേരള മുഖ്യമന്ത്രി അമേരിക്കയിലേക്ക് വരുന്നു എന്നുള്ളത് ഇവിടെയുള്ള മലയാളികള്‍ക്ക്  അഭിമാനകരവും ആവേശകരവുമാണ്. പക്ഷേ, കേരളത്തിലിരുന്നുകൊണ്ട് അമേരിക്കയെ പഴിക്കുകയും അടുത്തനിമിഷം ഇങ്ങോട്ട് വണ്ടികയറുകയും ചെയ്യുന്നതിലെ അപാകത മനസിലാക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഇവിടെ ജീവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഈനാട് നല്ലതുതന്നെയാണ്. കേരളത്തില്‍ ജീവിക്കാന്‍ വയ്യത്ത അവസ്ഥ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ചതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് നാടുവിടേണ്ടിവന്നത്. താങ്ങളുടെ പാര്‍ട്ടി മാത്രമല്ല ഇങ്ങനെയൊരു ദുരവസ്ഥ സൃഷ്ടിച്ചത്. കേരളം ഭരിച്ച എല്ലാപാര്‍ട്ടിക്കാരും അതിനുത്തരവാദികളാണ്. ജന്മനാട്ടിലേക്ക് ഏതാനും ആഴ്ച്ചകളുടെ സന്ദര്‍ശ്ശനത്തിനുപോലും വരാന്‍ ഞങ്ങള്‍ ഭയപ്പെടുന്നു.

ഇവിടെ ഇരുന്നുകൊണ്ടാണങ്കിലും കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ വായിക്കാറുണ്ട്. ഒരുദിവസം രണ്ട് കൊലപാതകങ്ങളെങ്കിലും അവിടെ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്., കൂടാതെ ബലാല്‍സംഗങ്ങളും. എന്നാല്‍ അമേരിക്കയില്‍ ഇതൊക്കെ നടക്കുന്നില്ലേയെന്ന് താങ്കള്‍ ചോദിച്ചേക്കാം. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം ഒരു വാഴപ്പഴത്തിന്റത്ര വലിപ്പമല്ലേയുള്ളു.   ഇവിടെ കേരളത്തിലെപ്പോലെ നിത്യവും കൊലപാതകഭൃങ്ങള്‍ നടക്കുന്നില്ല. കുടുംബകലഹങ്ങളോ വംശീയ വിദ്വേഷംകൊണ്ടോ ആയിരിക്കും ഇവിടെനടക്കുന്ന കൊലപാതകങ്ങള്‍ അധികവും. ഇവിടെ അഭയാര്‍ഥികളായി കയറിക്കൂടിയ ചില പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണ് ക്രമിനലുകളായി വിലസുന്നത്. ചിലരെയൊക്കെ പോലീസ് ഓണ്‍ദസ്‌പോട്ടില്‍ തന്നെ വെടിവച്ച് കൊല്ലാറുണ്ട്. അതിന്റെപേരില്‍ നിങ്ങളുടെ പാര്‍ട്ടി അനുഭാവികള്‍ അമേരിക്കയെ ചീത്തവിളിക്കാറുമുണ്ട്. ക്രിമിനലുകളെ വച്ചുപൊറിപ്പിക്കാത്തതു കൊണ്ടാണ് ഞങ്ങളൊക്കെസുരക്ഷിതരായി കഴിയുന്നത്.
ഗോവിന്ദ ചാമിക്ക് ജയിലില്‍ സുഹംതന്നെയന്ന് വിശ്വസിക്കുന്നു.

അമേരിക്കയിലും ഗള്‍ഫുരാജ്യങ്ങളിലുമുള്ള മലയാളികളെ നാട്ടില്‍ പണംമുടക്കി വ്യവസായം ചെയ്യാന്‍ താങ്കള്‍ ഉത്‌ബോധിപ്പിച്ചുകൊണടിരിക്കയാണല്ലൊ. അവിടെ പണംമുടക്കിയവരുടെ ഗതിയെന്തായെന്ന്  താങ്കളോട് പ്രത്യേകം പറയേണ്ടതില്ല. ചിലര്‍ കടപൂട്ടി വീണ്ടും ഗള്‍ഫിലേക്ക് വണ്ടികയറി. മറ്റുചിലര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടു. ചിലനിര്‍ഭാഗ്യവാന്മാര്‍ സ്വയം ജീവനൊടുക്കി രക്ഷപെട്ടു. ഇതെല്ലാം താങ്കളുടെ സഖാക്കളുടെ പരാക്രമംകൊണ്ട് സംഭവിച്ചതാണ്. ഇനി താങ്കള്‍ എത്രപ്രലോഭനങ്ങള്‍ നല്‍കിയാലും ആരും അറിഞ്ഞുകൊണ്ട് എരിതീയില്‍ ചാടില്ലെന്ന് ഉറപ്പ്. താങ്കളുടെ സഖാക്കള്‍ സമരംചെയ്ത് ഒരു പാവപ്പെട്ടവന്റെ കടപൂട്ടിച്ച സംഭവം അടുത്തിടയാണ് പത്രത്തില്‍ വായിച്ചത്. നിങ്ങളുടെ പാര്‍ട്ടി കണ്ടുപിടിച്ച നോക്കുകൂലിയെന്ന അത്ഭുതപ്രതിഭാസം ലോകത്തെവിടെയും കാണില്ല. നിത്യസമരവും പണിമുടക്കും ഹര്‍ത്താലും നോക്കുകൂലിയുമുള്ള നാട്ടിലേക്ക് മുതല്‍മുടക്കാന്‍ തലക്കുവെളിവുള്ള ആരെങ്കിലും വരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

താങ്കളുടെ നവകേരളം എന്ന ആശയത്തെ ആവേശപൂര്‍വ്വം പിന്‍താങ്ങിയ വ്യക്തിയാണ് ഈ എഴുത്തുകാരന്‍. കെ റയില്‍ പദ്ധതിയാണ് താങ്കള്‍ നവകേരളംകൊണ്ട് ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസിലായത്. കേരളത്തിന് ഒരുവിധത്തിലും ഉപകാരപ്പെടാത്ത പദ്ധതിയാണ് കെ റയില്‍. ഇപ്പോള്‍തന്നെ കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന സംസ്ഥാനത്തിന് അധികഭാരവുംകൂടി കയറ്റിവെയ്ക്കണോയെന്ന്  ആലോചിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസശമ്പളംകൊടുക്കാന്‍ കടമെടുക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. അടുത്തവര്‍ഷംമുതല്‍ മാസാമാസമുള്ള ശമ്പളം മുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് താങ്കളുടെ ധനകാര്യവകുപ്പുമന്ത്രി പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കുന്നില്ല. അങ്ങനെയുള്ള സര്‍ക്കാരാണ് കെ റയില്‍ നടപ്പാക്കാന്‍ അറുപത്തായ്യായിരംകോടി കടമെടുക്കാന്‍ പോകുന്നത്. ഇത് ഒന്നരലക്ഷം കോടിയിലും രണ്ടിലും തീരത്തില്ലന്ന് കേരളത്തിലെ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ ചരിത്രം നോക്കിയാല്‍ അറിയാം.

നാലുമണിക്കൂര്‍കൊണ്ട് കണ്ണൂരുള്ള രാഷ്ട്രീയക്കാര്‍ക്ക് തിരുവനന്തപുരത്ത് വന്നുപോകാമെന്നല്ലാതെ കെ റയിലുകൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാകത്തില്ല. അതിനുപകരം ഇപ്പോഴുള്ള ഹൈവേകളുടെയും ഇടറോഡുകളുംടെയും വീതികൂട്ടി സഞ്ചാരയോഗ്യമാക്കിയാല്‍ കേരളത്തിലെ ഗതാഗതം സുഗമമായിത്തീരും. തെക്കുമുതല്‍ വടക്കുവരെയുള്ള ജലഗതാഗതം നടപ്പിലാക്കിയാല്‍ ചരക്കുനീക്കവും എളുപ്പമാകും. ഇപ്പോള്‍തന്നെ നിലവിലുള്ള തോടുകളും കായലുകളും വീതിയും ആഴവുംകൂട്ടിയാല്‍ അതുവഴിയുള്ള ചരക്കുനീക്കവും ടൂറിസവും നടക്കും. ഇതൊക്കെയാണ് വികസനംകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കേണ്ടത്.  വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ജോലിനല്‍കുകയും കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കയും ചെയ്താല്‍ നവകേരളമെന്ന താങ്കളുടെ സ്വപ്നം സഫലമാകും. കൂട്ടത്തില്‍  താങ്കളുടെ സഖാക്കളുടെ തോന്ന്യവാസങ്ങള്‍ അവസാനിപ്പിക്കയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular