Sunday, May 5, 2024
HomeUSAവിദ്വേഷ ഭാഷണം തടയാൻ സുപ്രീം കോടതി ഉത്തരവ്

വിദ്വേഷ ഭാഷണം തടയാൻ സുപ്രീം കോടതി ഉത്തരവ്

ഹൈന്ദവ മത സമ്മേളനങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതു നിയന്ത്രിക്കാൻ ബി ജെ പി ഭരിക്കുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾ വേണ്ട നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതി താക്കീതു നൽകി. ബുധനാഴ്ച്ച റൂർക്കിയിൽ നടത്തുന്ന ധരം സൻസദ് സമ്മേളനത്തിൽ അത്തരം പ്രസംഗം തടയാൻ എന്തു  ചെയ്തുവെന്നു കോടതി ഉത്തരാഖണ്ഡ് സർക്കാരിനോടു  ചോദിച്ചു.

“വിദ്വേഷ ഭാഷണം തടഞ്ഞില്ലെങ്കിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ ഈ കോടതി വിളിച്ചു വരുത്തും,” ജസ്റ്റിസ് ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

മുൻകരുതൽ എടുത്തുവെന്നു സർക്കാരുകൾ ഉറപ്പു നൽകുന്നുണ്ട്. എന്നാൽ വിദ്വേഷ ഭാഷണം ആവർത്തിക്കുന്നു.

ഏപ്രിലിൽ ഹിമാചലിൽ നടന്ന സമ്മേളനത്തിൽ അതുണ്ടായി എന്ന് ഹർജിക്കാരായ മാധ്യമ പ്രവർത്തകൻ കുർബാൻ അലിയും മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശും ചൂണ്ടിക്കാട്ടിയിരുന്നു. ഹരിദ്വാർ സമ്മേളനത്തിൽ പങ്കെടുത്ത യതി നരസിംഗാനന്ദ് അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകൾ കൂടി ലംഘിച്ചു മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തു.

“വിദ്വേഷ ഭാഷണത്തിനു എതിരെ സുപ്രീം കോടതി ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് നടപ്പാക്കണം,” കോടതി പറഞ്ഞു.

ഇത്തരം സമ്മേളനങ്ങൾ നേരത്തെ ഒരുക്കം നടത്തുന്നവയാണ്; അതു കൊണ്ട് അവയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടില്ല എന്നു കോടതി പറഞ്ഞു.

ജനുവരിയിൽ ആഗ്രയിൽ നടത്താനിരുന്ന ധരം സൻസദ് യു പി സർക്കാർ തടഞ്ഞിരുന്നു.

മുസ്‌ലിം സമുദായവും വിദ്വേഷഭാഷണം നടത്തുന്നു എന്ന ഉത്തരാഖണ്ഡ് സർക്കാർ അഭിഭാഷകന്റെ ആരോപണത്തിനു ഖൻവിൽക്കർ പ്രതികരിച്ചു: “എന്തു തരം വാദമാണിത്? കോടതിയിൽ വാദിക്കേണ്ടത് ഇങ്ങനെയല്ല.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular