Friday, April 26, 2024
HomeKeralaരക്ഷിച്ചത് അതിസാഹസികമായി, നിജില്‍കുമാറിന്റെ കൈയില്‍ പ്രാവിന്റെ ജീവന്‍ സുരക്ഷിതം

രക്ഷിച്ചത് അതിസാഹസികമായി, നിജില്‍കുമാറിന്റെ കൈയില്‍ പ്രാവിന്റെ ജീവന്‍ സുരക്ഷിതം

കോട്ടയം: മനുഷ്യന്റെ മാത്രമല്ല പ്രാവിന്റെ ജീവന്‍ പോലും രക്ഷിക്കാന്‍ കരുതലോടെ പ്രവര്‍ത്തിക്കുന്നതാണ് അഗ്നിരക്ഷാസേനയെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ഇന്നലെ കോട്ടയം നഗരത്തില്‍ കണ്ട കാഴ്ച.

ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന പ്രാവിന്റെ ജീവനാണ് കോട്ടയം അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസിര്‍ നിജില്‍ കുമാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ലോഗോസ് സെന്ററിന് സമീപമുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് മൂന്ന് ദിവസമായി പ്രാവ് കുടുങ്ങിക്കിടക്കുന്നത് കോടതി ജീവനക്കാരന്‍ കണ്ടത്.

ഇദ്ദേഹമാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പ്രവാവ് കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെത്താന്‍ ഏറെ പണിപ്പെട്ടു. എറണാകുളം സ്വദേശിയായ പ്രവാസിയുടെതാണ് ഫ്‌ളാറ്റ്. പക്ഷികള്‍ കയറാതിരിക്കാന്‍ എസിയില്‍ കെട്ടിയ വലയിലാണ് പ്രാവ് കുടുങ്ങിയത്. മുറി അടച്ചിട്ടതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ അഞ്ചാം നിലയിലെ ജനല്‍ക്കമ്ബി മാറ്റി നാലാം നിലയിലേക്ക് ഇറങ്ങാമെന്ന് കണ്ടെത്തുകയായിരുന്നു.

നിജില്‍ കുമാര്‍ ഈ ദൗത്യം ഏറ്റെടുത്തു. അഞ്ചാം നിലയില്‍ നിന്നും വടത്തിലൂടെ നാലാം നിലയിലെത്തി വല കണ്ടിച്ച്‌ പ്രാവിനെ രക്ഷിച്ച്‌ വടത്തിലൂടെ താഴേക്കിറങ്ങി. താഴെയെത്തി പ്രാവിന്റെ കാലില്‍ കുടുങ്ങിയ വല എടുത്ത് കളഞ്ഞ് കോടിമത മൃഗാശുപത്രിയില്‍ എത്തിച്ചു. താഴെ ഇറക്കിയ ഉടന്‍ പ്രാവ് വെള്ളം കുടിച്ചെങ്കിലും പറക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം പ്രാവിനെ വനംവകുപ്പിന് കൈമാറും. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.ഷാബു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് റെജിമോന്‍, പ്രവീണ്‍.പി.പി, ദിനാല്‍, അഭിലാഷ്, രമേശ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അതിസാഹസികമായാണ് പ്രാവിനെ രക്ഷിക്കാന്‍ സാധിച്ചതെന്നും ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തതെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular