Sunday, May 5, 2024
HomeGulfലോകകപ്പിന് 23000ത്തിലധികം സുരക്ഷാജീവനക്കാര്‍

ലോകകപ്പിന് 23000ത്തിലധികം സുരക്ഷാജീവനക്കാര്‍

ദോഹ: നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ സുഗമമായ നടത്തിപ്പില്‍ 23,000ത്തിലധികം സുരക്ഷാജീവനക്കാര്‍ പങ്കാളികളാകുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്.സി).

ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി സുരക്ഷയൊരുക്കുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിലും സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും വര്‍ക്കേഴ്സ് വെല്‍ഫെയര്‍ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലേബര്‍ റൈറ്റ്സ് ചെയര്‍പേഴ്സനുമായ മഹമൂദ് ഖുതുബ് വ്യക്തമാക്കി. സെന്‍റര്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സും ദി ഇന്‍റര്‍നാഷനല്‍ കോഡ് ഓഫ് കണ്ടക്‌ട് അസോസിയേഷനും സംഘടിപ്പിച്ച മനുഷ്യാവകാശ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ ലോകകപ്പിന്‍റെ ലെഗസി പദ്ധതികള്‍ വിശദീകരിച്ച മഹ്മൂദ് ഖുതുബ്, ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ പങ്കാളികളായ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച്‌ എസ്.സിയുടെ മുന്‍ഗണനാ വിഷയങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടി.

മെഗാ സ്പോര്‍ട്ടിങ് ഇവന്റ്സ്, പ്രൈവറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്: ഫിഫ വേള്‍ഡ് കപ്പ് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികളിലെ പുരോഗതിയും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു.

നിര്‍മാണ മേഖലയില്‍ മാത്രമായിരുന്ന ഈ നിര്‍ണായക ചുവടുവെപ്പുകള്‍ ടൂര്‍ണമെന്‍റിന്‍റെ മറ്റു മേഖലകളിലും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിത്തുടങ്ങിയതായും ഖുതുബ് സൂചിപ്പിച്ചു.

ലോകകപ്പിന്‍റെ ഭാഗമാകുന്ന സുരക്ഷാജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുമെന്നും കൂളിങ് വെസ്റ്റ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവര്‍ക്ക് നല്‍കുമെന്നും ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി ഖത്തര്‍ തൊഴില്‍മന്ത്രാലയവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എസ്.സി പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular