Sunday, April 28, 2024
HomeKeralaറെയില്‍വേ മേല്‍പാലം നിര്‍മാണത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

കടുത്തുരുത്തി: വാഹനത്തിരക്കേറിയ കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ റെയില്‍വേ ഗേറ്റിന് മുകളിലൂടെ മേല്‍പാലം വേണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.

ഈ ഭാഗത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനും റെയില്‍വേ മേല്‍പാലം നിര്‍മിക്കുക മാത്രമാണ് ഏക പോം വഴി.എന്നാല്‍ റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്.

റെയില്‍വേ സ്റ്റേഷന് സമീപത്തുതന്നെയാണ് റെയില്‍വേ ഗേറ്റ്. ഇതിനാല്‍ മിക്കപ്പോഴും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിടുന്ന സമയത്തുള്‍പ്പെടെ ഗേറ്റ് അടഞ്ഞുകിടക്കും. പത്ത് മുതല്‍ പതിനഞ്ചു മിനിറ്റു വരെ ഗേറ്റ് അടച്ചിടുന്ന സമയങ്ങളില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഇരുവശത്തും വാഹനങ്ങളുടെ നിര രൂപപ്പെടുന്നതു പതിവ് കാഴ്ചയാണ്.പലപ്പോഴായി പലകാരണങ്ങളാല്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ വൈകുകയാണ്.

റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുടെ മുന്നോടിയായി സര്‍വേ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്ബ് തുടങ്ങിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രാഥമിക വിജ്ഞാപനം മുമ്ബ് പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് സര്‍വേ ആരംഭിച്ചത്. 0.2777 ഹെക്ടര്‍ സ്ഥലമാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കേണ്ടി വരുന്നത്. ആലപ്പുഴ-മധുര സംസ്ഥാന പാതയിലാണ് കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള റീ ഹാബിലിറ്റേഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്റ് (ആര്‍ആര്‍ പാക്കേജ്) പാക്കേജ് മുഖാന്തിരം ഭൂമി ഏറ്റെടുക്കുന്നതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ മുന്പുതന്നെ പറഞ്ഞിരുന്നു. സ്ഥലവില നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് 30.56 കോടി രൂപയുടെ നിര്‍മാണ അനുമതിയാണ് കുറുപ്പന്തറ മേല്‍പാലത്തിനായി നല്‍കിയിട്ടുള്ളത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പുമെന്റ് കോര്‍പറേഷനാണ് മേല്‍പാല നിര്‍മാണത്തിന്റെ ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular