Tuesday, May 7, 2024
HomeKeralaക്ഷേമ പെന്‍ഷനില്‍ ആശങ്ക, '47 ലക്ഷത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളെ ബാധിക്കും'

ക്ഷേമ പെന്‍ഷനില്‍ ആശങ്ക, ’47 ലക്ഷത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളെ ബാധിക്കും’

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു പണം സ്വരൂപിക്കാന്‍ 2018 ല്‍ രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനെ സാമ്ബത്തികമായി പിന്തുണയ്ക്കുന്നതില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറിയെന്നും ഇത് ക്ഷേമ പെന്‍ഷന്‍ വിതരണത്തെ തടസ്സപ്പെടുത്തുമെന്നും ആരോപിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ്.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കടമെടുപ്പ്, കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നിര്‍ദേശം മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇൗ സ്ഥാപനത്തെ കയ്യൊഴിയുന്നതെന്ന് നോട്ടിസ് അവതരിപ്പിച്ച്‌ മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അല്ലാതെ കമ്ബനിയുടെ എംഡിയും ജീവനക്കാരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്ബനി സര്‍ക്കാരിന്റേതാണെന്ന് പറയുമ്ബോള്‍ തന്നെ ബജറ്റിലൂടെയും അല്ലാതെയും ഒരു സഹായവും നല്‍കേണ്ടെന്നാണു തീരുമാനിച്ചിരിക്കുന്നത്. ഇത് 47 ലക്ഷത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളെ ബാധിക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ബജറ്റില്‍പ്പെടാതെ കിഫ്ബി വരുത്തുന്ന ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കിഫ്ബി വരുത്തുന്ന എല്ലാ ബാധ്യതകളും സര്‍ക്കാരിന്റെ ബാധ്യതയാണ്. ആദ്യം സിഎജിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അതു തന്നെയാണ് പറയുന്നത്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഏറ്റവും ഗുണം കിട്ടുന്നത് കേരളത്തിനായിരിക്കുമെന്നാണ് മുന്‍ ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 30 ശതമാനത്തിന്റെ വര്‍ധന 10 ശതമാനത്തിലേക്കു താഴ്ന്നു. കെടുകാര്യസ്ഥതയാണ് അപകടകരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ നയിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പെന്‍ഷന്‍ കമ്ബനിയെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും പെന്‍ഷന്‍ വിതരണത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഒന്നാം പിണറായി സര്‍ക്കാര്‍ 35,157 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്. അതിനു തൊട്ടു മുന്‍പുള്ള 5 വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തത് 9,311 കോടി രൂപ മാത്രമാണ്. രണ്ടോ മൂന്നോ മാസം കൂടുമ്ബോള്‍ കൊടുത്തിരുന്ന പെന്‍ഷന്‍ എല്ലാ മാസവും നല്‍കേണ്ടി വരുമ്ബോള്‍ ചില സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതു മറികടക്കാനാണ് പെന്‍ഷന്‍ കമ്ബനി രൂപീകരിച്ചത്. കമ്ബനിയെ ബാധിക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം തടയാനോ ഭാഗികമായി പിടിച്ചുവയ്ക്കാനോ പോലും ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ പാവപ്പെട്ട പെന്‍ഷന്‍കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍. അതേസമയം, സംസ്ഥാന സര്‍ക്കാരിനെ സാരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേന്ദ്രം എടുത്ത കോടികളുടെ വായ്പയെക്കുറിച്ച്‌ മിണ്ടാതെയാണ് ഇവിടുത്തെ ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെ ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തില്‍ നിന്ന് വരുന്ന കത്ത് രഹസ്യമായി സംഘടിപ്പിച്ച്‌ ഇവിടെ കൊണ്ടുവന്ന് വായിച്ച ശേഷം എന്റെ അമ്മാവന്‍ അവിടുന്ന് അയച്ച കത്തെന്ന് പ്രമേയ അവതാരകന്‍ പറയുകയാണ്. നിങ്ങളുടെ അമ്മാവനാണോ കേന്ദ്ര സര്‍ക്കാരെന്നും മാത്യു കുഴല്‍നാടനോട് മന്ത്രി ചോദിച്ചു. പിന്നാലെ അമ്മാവന്‍ എന്ന പരാമര്‍ശം മാറ്റുന്നതായി മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular