Saturday, May 4, 2024
HomeKeralaസ്വതന്ത്രഭാരതം' കാഹളം മുഴങ്ങിയത്‌ ഇവിടെ

സ്വതന്ത്രഭാരതം’ കാഹളം മുഴങ്ങിയത്‌ ഇവിടെ

നടുവണ്ണൂര്‍> സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്ന നാളുകളില്‍ ‘സ്വതന്ത്രഭാരതം’ പത്രത്തിന് അച്ചുനിരത്തിയ കഥയുണ്ട് നന്താനശേരി ഇല്ലത്തിന് പറയാന്‍.

ബ്രാഹ്മണര്‍ മാത്രം കുളിച്ചിരുന്ന അമ്ബലക്കുളത്തില്‍ ഹരിജന്‍ ബാലന്മാരെ കുളിപ്പിച്ചും പന്തിഭോജനം നടത്തിയും വിപ്ലവത്തിന്‌ തിരികൊളുത്തിയ ചരിത്രമുറങ്ങുന്നുണ്ട്‌ ഈ അകത്തളങ്ങളില്‍. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ദേശത്തെ സ്വാതന്ത്ര്യബോധത്തിലേക്ക്‌ നയിച്ച പോരാളികളുടെ ജന്മഗൃഹമാണ്‌ പൊളിച്ചുനീക്കുന്നത്‌.

നന്താനശേരി ഇല്ലം പൊളിച്ചു തുടങ്ങിയപ്പോള്‍

സ്വാതന്ത്ര്യസമര പോരാട്ടം തീക്ഷ്‌ണമായ കാലം. ഉപ്പുസത്യഗ്രഹ ജാഥയ്ക്ക് നടുവണ്ണൂരില്‍ സ്വീകരണം ഏര്‍പ്പാടാക്കുന്നു. നേതൃത്വം അംശം അധികാരിയായ നന്താനശേരി ഇല്ലത്ത് പരമേശ്വരന്‍ മൂസ്സതിനും സഹോദരന്‍ ഗണപതിമൂസ്സതിനും. ബ്രിട്ടീഷുകാരുടെ കിരാതവാഴ്ചയ്ക്ക് പിന്തുണ നല്‍കുന്ന അധികാരിമാരില്‍നിന്ന്‌ വേറിട്ട നിലപാടായിരുന്നു ഇവിടെ.അധികാരിയായിരിക്കെ സത്യഗ്രഹികളെ സ്വീകരിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി പരമേശ്വരന്‍ മൂസതിനെ ആറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലിട്ടു. ജയില്‍വാസത്തിന്‌ പിന്നാലെ അധികാരിസ്ഥാനത്തുനിന്ന് നീക്കി. മദിരാശി ഹൈക്കോടതിയില്‍നിന്ന്‌ അപ്പീലില്‍, അനുകൂലവിധി നേടിയെങ്കിലും അംശാധികാരിപ്പണി ഉപേക്ഷിച്ച്‌ സ്വാതന്ത്ര്യ സമരപ്പോരാളിയായി. സഹോദരന്‍ ഗണപതി മൂസത്‌ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു പൊലീസ് മര്‍ദനത്തിനിരയായി.

ഗണപതി മൂസത്, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ലഭിച്ച താമ്രപത്രം

സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നു നടുവണ്ണൂര്‍. നടുവണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് 1942ലെ ക്വിറ്റിന്ത്യാസമരത്തില്‍ അഗ്നിക്കിരയായി. സമരങ്ങളുടെ ആസൂത്രണ കേന്ദ്രമായത്‌ നന്താനശേരി ഇല്ലമാണ്‌. സ്വതന്ത്രഭാരതം പത്രത്തിന്റെ പകര്‍പ്പെടുത്ത് പലയിടങ്ങളിലും എത്തിച്ചത് ഇവിടെ നിന്നാണ്. കുറുമ്ബ്രനാട് താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കേന്ദ്രവുമായിരുന്നു ഈ വീട്. കെ കേളപ്പന്‍, മൊയ്യാരത്ത് ശങ്കരന്‍, സി കെ ഗോവിന്ദന്‍ നായര്‍, വിഷ്ണുഭാരതീയന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍ തുടങ്ങിയവരൊക്കെ ഇവിടെയെത്തി. 1972ല്‍ പരമേശ്വരന്‍ മൂസ്സതിന് രാജ്യം താമ്രപത്രം നല്‍കി.

വൈക്കം സത്യഗ്രഹത്തിന്റെ അലയൊലി നാടെങ്ങുമുണ്ടായ കാലത്താണ് അമ്ബലക്കുളത്തില്‍ ഹരിജന്‍ ബാലന്മാരെ കുളിപ്പിച്ചത്‌. അമ്ബലത്തില്‍ പന്തിഭോജനവും നടത്തി. ഇങ്ങനെ സാമൂഹ്യമുന്നേറ്റത്തിന്റെ ചാലക ശക്തിയായ ഇല്ലമാണ്‌ ഓര്‍മയാവുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular