Saturday, May 4, 2024
HomeUSAകര്‍മ്മനിരതനായി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി

കര്‍മ്മനിരതനായി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി

സാക്രമെന്റോ (കാലിഫോര്‍ണിയ):   ‘കംഫര്‍ട്ട് സോണില്‍ നിന്നും വിജയം വരുന്നില്ല; അര്‍പ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു’. ഈ ഉദ്ധരണിയില്‍ മനസ്സുറപ്പിച്ച് കര്‍മ്മത്തില്‍ ശ്രദ്ധയൂന്നി വിജയത്തിന്റെ പടികള്‍ ചവുട്ടി കയറി മുന്നേറുന്ന ഒരു സ്ഥിരോത്സാഹിയാണ് സിജില്‍ പാലക്കലോടി. കഴിഞ്ഞ 14 വര്‍ഷമായി കാലിഫോര്‍ണിയായുടെ കാപ്പിറ്റല്‍ സിറ്റിയായ സാക്രമെന്റോയില്‍ സ്ഥിരതാമസമാക്കിയ സിജിലിനെ അറിയാത്ത മലയാളികള്‍ ആ സിറ്റിയില്‍ തുലോം വിരളമാണ്.  സാക്രമെന്റോ റീജിയണല്‍ മലയാളീ അസ്സോസ്സിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വിജയപ്രദമായി പൂര്‍ത്തീകരിച്ച് ട്രസ്റ്റീ ബോര്‍ഡ് അംഗമായി തുടരുന്ന സിജില്‍ ‘മലയാളി മനസ്സ്’  എന്ന മലയാളം വാരികയുടെ പത്രാധിപര്‍ ആയിരുന്നു.

കാലിഫോര്‍ണിയയ്ക്കു  താമസം മാറുന്നതിനു മുമ്പായി സൗത്ത് ഫ്‌ലോറിഡയിലെ ഏതാനും വര്‍ഷത്തെ ജീവിതത്തിനിടയില്‍  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ്, നാഷണല്‍ ജോയിന്റ് ട്രഷറര്‍,  സൗത്ത് ഫ്‌ലോറിഡ നവകേരള അസ്സോസ്സിയേഷന്‍ ജോയിന്റ് സെക്രട്ടറി  എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ ജ്വരം സിരകളിലൂടെ പായുന്നതിനാല്‍ വിവിധ സംഘടനകളെ നയിക്കുന്നതിനുള്ള പാടവം തന്റെ കര്‍മ്മങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജില്‍. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ് നാഷണല്‍ പ്രസിഡന്റ്, ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് സാക്രമെന്റോ ട്രഷറര്‍, സീറോ മലബാര്‍ ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി നിരവധി സംഘടനകളില്‍ വിവിധ ഔദ്യോഗിക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ സംഘടനാ നേതൃത്വ പാടവവും കര്‍മ്മ നിരതയും നന്നായി  അറിയാവുന്ന സാക്രമെന്റോ റീജിയണല്‍ അസ്സോസ്സിയേഷന്‍ ഓഫ് മലയാളീസ് (SARGAM-സര്‍ഗം) അംഗങ്ങളാണ് സിജിലിനെ  ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്ത് എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മലയാളി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയും സിജിലിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഇത്രയും പ്രവര്‍ത്തന പരിചയവും അര്‍പ്പണബോധവുമുള്ള അദ്ദേഹം ഫോമയുടെ പുരോഗതിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഫോമായുടെ പ്രാരംഭ കാലം മുതല്‍ സജീവ സാന്നിദ്ധ്യമായി നില്‍ക്കുന്ന സിജില്‍ ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ നാഷണല്‍ കമ്മറ്റി മെമ്പറായും കാന്‍കൂണ്‍ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജിയണ്‍ കോഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍ ഫിനാന്‍സ് ഓഫീസറായും ഓഡിറ്ററായും പ്രവര്‍ത്തിപരിചയമുള്ള സൗമ്യനായ സിജില്‍ ഫിനാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. ഔദ്യോഗിക ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും സംഘടനാ പ്രവര്‍ത്തനത്തിലായാലും സദാ കര്‍മ്മനിരതനും സ്ഥിരോത്സാഹിയും കഠിനാദ്ധ്വാനിയുമാണ്  സിജില്‍.

‘ഫോമാ ഫാമിലി ടീം’  സ്ഥാനാര്‍ഥികളായ ജെയിംസ് ഇല്ലിക്കല്‍ (പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍ (ജനറല്‍ സെക്രട്ടറി), ജോഫ്റിന്‍ ജോസ് (ട്രഷറര്‍), ബിജു ചാക്കോ (ജോയിന്റ് സെക്രട്ടറി), ബബ്ലൂ ചാക്കോ (ജോയിന്റ് ട്രഷറര്‍) എന്നിവരോടൊത്ത്  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സിജില്‍ എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും ആവശ്യപ്പെടുന്ന ഒരു കാര്യമേയുള്ളു:

‘നിങ്ങളുടെ ഒരു വിലയേറിയ വോട്ടല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടു ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതിലും അപ്പുറം എന്റെ കഴിവും സമയവും അദ്ധ്വാനവും ഫോമായുടെ പുരോഗതിക്കായി സമര്‍പ്പിക്കുന്നതിന് എനിക്ക് അതിയായ സന്തോഷമേയുള്ളൂ.  സമീപ ഭാവിയില്‍  ഫോമായുടെ ഒരു ഔദ്യോഗിക സ്ഥാനത്തേക്കും ഞാന്‍ മത്സരിക്കുന്നതല്ല. ഞങ്ങളുടെ ‘ഫാമിലി ടീം’ സ്ഥാനാര്‍ഥികളെ മുഴുവന്‍ ഒറ്റകെട്ടായി വിജയിപ്പിച്ച് ഫോമായില്‍ ഒരു കുടുംബ അന്തരീക്ഷം വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ എല്ലാവരും സഹായിക്കണം.’ സിജില്‍ എല്ലാ ഫോമാ പ്രതിനിധികളോടുമായി അഭ്യര്‍ത്ഥിക്കുന്നു.

കര്‍മ്മനിരതനായി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular