Tuesday, April 30, 2024
HomeGulfപറന്നിറങ്ങാനൊരുങ്ങി ഓള്‍ഡ് എയര്‍പോര്‍ട്ട്

പറന്നിറങ്ങാനൊരുങ്ങി ഓള്‍ഡ് എയര്‍പോര്‍ട്ട്

ദോഹ: ലോകകപ്പിനായി പുതുമോടിയോടെ സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം (ഓള്‍ഡ് എയര്‍പോര്‍ട്ട്) വ്യാഴാഴ്ച മുതല്‍ സജീവമാകും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 13 എയര്‍ലൈന്‍സുകള്‍ നാളെ മുതല്‍ ഡി.ഐ.എയിലേക്കായിരിക്കും സര്‍വിസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ് അറിയിച്ചു. എയര്‍ അറേബ്യ, എയര്‍ കൈറോ, ബദ്ര്‍ എയര്‍ലൈന്‍സ്, ഇത്യോപ്യന്‍ എയര്‍ലൈന്‍സ്, ഇതിഹാസ് എയര്‍വേസ്, ഫ്ലൈ ദുബൈ, ഹിമാലയ എയര്‍ലൈന്‍സ്, ജസീറ എയര്‍വേസ്, നേപ്പാള്‍ എയര്‍ലൈന്‍സ്, പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ്, സലാം എയര്‍, ടാര്‍കോ ഏവിയേഷന്‍ എന്നിവയുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി കൂടുതല്‍ സൗകര്യങ്ങളോടെ സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കായിരിക്കും. ലോകകപ്പ് വേദികളില്‍നിന്ന് 30 മിനിറ്റ് മാത്രം യാത്രാ ദൂരെയാണ് വിമാനത്താവളം.

ആഗമന, നിര്‍ഗമന ടെര്‍മിനലുകളില്‍ നിശ്ചിത ഫീസോടൈ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും. പ്രാര്‍ഥന മുറി, ഹൈ സ്പീഡ് വൈഫൈ, ഉരീദു-വൊഡാഫോണ്‍ കിയോസ്കുകള്‍, എ.ടി.എം, കറന്‍സി വിനിമയ സേവനം തുടങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകകപ്പിന് വിവിധ രാജ്യങ്ങളില്‍നിന്നായി ദശലക്ഷം കാണികള്‍ ഒഴുകിയെത്തവേ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയോടെയാണ് ഓള്‍ഡ് എയര്‍പോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

പുറപ്പെടല്‍ ടെര്‍മിനല്‍

ഡി റിങ് റോഡ്, അല്‍ മാര്‍ സ്ട്രീറ്റ് ജങ്ഷന് അരികിലായാണ് ഓള്‍ഡ് എയര്‍പോര്‍ട്ടിലെ പുറപ്പെടല്‍ ടെര്‍മിനല്‍ സ്ഥിതിചെയ്യുന്നത്. മണിക്കൂറില്‍ 2,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയിലാണ് ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത്. 83 ചെക്കിങ് ഡെസ്കുകളും 52 ഇമിഗ്രേഷന്‍ കൗണ്ടറും 22 ബോര്‍ഡിങ് ഗേറ്റുകളും ഉള്‍പ്പെടുന്നതാണ് പുറപ്പെടല്‍ ടെര്‍മിനല്‍. റെഡ് ലൈനിലെ അല്‍ മതാര്‍ ഖദീം മെട്രോ സ്റ്റേഷനുമായി പുറപ്പെടല്‍ ടെര്‍മിനല്‍ ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ആഗമന ടെര്‍മിനല്‍

സി റിങ് റോഡിലെ റാസ് അബു അബൂദിലാണ് വിമാനത്താവളത്തിലെ ആഗമന ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 2000 യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുണ്ട്.

52 ഇമിഗ്രേഷന്‍ കൗണ്ടറുകളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഗോള്‍ഡ് ലൈനിലെ നാഷനല്‍ മ്യൂസിയം മെട്രോ സ്റ്റേഷനിലേക്ക് ടെര്‍മിനലില്‍നിന്നും 800 മീറ്റര്‍ ദൂരം. ബസ്, ലിമോസിന്‍, ടാക്സി യാത്രാസൗകര്യങ്ങളും ലഭ്യമാണ്.

പാര്‍ക്കിങ് നിരക്ക്

• ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 10 റിയാല്‍ (ആദ്യ അഞ്ചു മണിക്കൂര്‍ വരെ)

• ശേഷമുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാല്‍ വീതം (24 മണിക്കൂര്‍ വരെ)

• 24 മണിക്കൂറിന് 145 റിയാല്‍

•പണമായും കാര്‍ഡായും പാര്‍ക്കിങ് തുക അടക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular