Monday, May 6, 2024
HomeUSAപാർക്‌ലാൻഡ് കൊലയാളിക്കു വധശിക്ഷ നൽകാത്തതിൽ പ്രതിഷേധം

പാർക്‌ലാൻഡ് കൊലയാളിക്കു വധശിക്ഷ നൽകാത്തതിൽ പ്രതിഷേധം

ഫ്ളോറിഡയിലെ പാർക്‌ലാൻഡിൽ 14 സ്കൂൾ കുട്ടികളെയും മൂന്ന് അധ്യാപകരെയും വെടിവച്ചു കൊന്ന നിക്കോളാസ് ക്രൂസിന് (24) വധ ശിക്ഷ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം. മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ കൂട്ടക്കൊല നടത്തിയ മുൻ വിദ്യാർത്ഥി 2021ൽ  കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ജൂറി അയാൾക്കു ശുപാർശ ചെയ്‌തതു ജീവപര്യന്തം തടവാണ്. ജഡ്‌ജ്‌ എലിസബത്ത് ഷെറെർ നവംബർ 1 നു വിധി പ്രഖ്യാപിക്കും.

വധശിക്ഷ നൽകേണ്ട കുറ്റമാണെങ്കിലും പ്രതിഭാഗം ഉന്നയിച്ച ചില വാദങ്ങളിൽ കഴമ്പുണ്ടെന്നു ജൂറി ചൂണ്ടിക്കാട്ടി. വാദങ്ങൾ ഇവയായിരുന്നു: ലഹരി മരുന്നും മദ്യവും നിരന്തരം ഉപയോഗിച്ചിരുന്ന ഒരു അഭിസാരികയുടെ മകനായാണ് ക്രൂസ് ജനിച്ചത്. ജനിക്കുമ്പോഴേ തലച്ചോറിനു തകരാർ ഉണ്ടായിരുന്നു. പിന്നീട് ഫ്ളോറിഡയിലെ ഒരു കുടുംബം അഞ്ചു വയസിൽ അയാളെ എടുത്തു വളർത്തി. അഞ്ചു വയസിൽ പിതാവിന്റെ  മരണം കാണേണ്ടി വന്നു.

എന്നാൽ വധശിക്ഷ തന്നെ നൽകണമെന്നു വാദിച്ച പ്രോസിക്യൂഷൻ ആ വാദങ്ങളെ ഖണ്ഡിച്ചു. കൂട്ടക്കൊല നടത്തിയ രീതി മരണ ശിക്ഷ അർഹിക്കുന്നു. കുട്ടികളിൽ പലരെയും ക്രൂസ് ഒന്നിലേറെ തവണ വെടിവച്ചു. ഇത്തരം കൂട്ടക്കൊലകളിൽ പ്രതികൾ അവലംബിച്ച രീതികൾ അയാൾ വിശദമായി പഠിച്ചിരുന്നു.

അക്കാര്യം ജയിലിൽ തന്നെ കണ്ട മനോചികിത്സാ വിദഗ്ധനോട് അയാൾ പറഞ്ഞതിന്റെ തെളിവും പ്രോസിക്യൂഷൻ ഹാജരാക്കി. പൊലീസിന്റെ പ്രതികരണത്തിന് എത്ര സമയമെടുക്കും, എന്തെല്ലാം ആയുധങ്ങൾ വേണം, എങ്ങിനെ രംഗത്തു നിന്ന് രക്ഷപെടും തുടങ്ങി എല്ലാ കാര്യങ്ങളും ആലോചിച്ചു ആസൂത്രണം ചെയ്തിരുന്നു.

ആറു മിനിറ്റു കൊണ്ട് 17 പേരെ കൊലപ്പെടുത്തിയ ശേഷം അയാൾ അടുത്ത ഷോപ്പിംഗ് മാളിൽ കയറി ശാന്തനായി ദാഹം തീർത്തു. പിന്നെ നടന്നു പോകുമ്പോൾ സ്കൂളിൽ നിന്നു രണ്ടു മൈൽ അകലെ വച്ച് പൊലീസ് പിടികൂടി.

പ്രതിയുടെ വാദങ്ങൾ ഉയർത്തിപ്പിടിച്ച ജൂറിക്കെതിരെ മരിച്ചവരുടെ മാതാപിതാക്കൾ ആഞ്ഞടിച്ചു. “അവൻ മൃഗമാണ്, അവൻ മരണം അർഹിക്കുന്നു,” കൊല്ലപ്പെട്ട അധ്യാപകൻ സ്കോട്ട് ബിഗലിന്റെ പിതാവ് മൈക്ക് ഷുൾമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. “അവൻ മാസങ്ങളോളം ആസൂത്രണം ചെയ്തു നടപ്പാക്കിയ കൂട്ടക്കൊലയാണിത്.”

കൊല്ലപ്പെട്ട അലിസ എന്ന കുട്ടിയുടെ പിതാവ് ഡോക്ടർ ഇയാൻ അല്ഹദേഫ് പറഞ്ഞു: “ജൂറിയോടു വെറുപ്പാണ് തോന്നുന്നത്. 17 പേരെ കൊന്നവനു മരണശിക്ഷ നൽകാതിരിക്കുക. ഇതൊരു കീഴ്വഴക്കമാവും. കൂട്ടക്കൊല നടത്തിയാലും ജീവപര്യന്തം കൊണ്ടു രക്ഷപെടാം.

“ആ മൃഗം ജയിലിൽ ഓരോ ദിവസവും ദുരിതം അനുഭവിക്കട്ടെ. അവൻ വേഗത്തിൽ മരിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular