Monday, May 6, 2024
HomeUSAപുതിയ സർവേയിൽ കാത്തി ഹോക്കലിനു വ്യക്തമായ മുൻ‌തൂക്കം

പുതിയ സർവേയിൽ കാത്തി ഹോക്കലിനു വ്യക്തമായ മുൻ‌തൂക്കം

ന്യു യോർക്ക് സംസ്ഥാന ഭരണം നിലനിർത്താൻ കഴിയുമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കു പ്രതീക്ഷ നൽകി ഗവർണർ കാത്തി ഹോക്കൽ പുതിയ സർവേയിൽ മുന്നിലെത്തി. ഉറച്ച ഡെമോക്രാറ്റിക്  കോട്ടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ലീ സെൽഡിൻ പോളിംഗിൽ മുന്നേറിയതു ഡെമോക്രാറ്റുകൾക്കു കനത്ത ആശങ്ക ഉയർത്തിയിരുന്നു.

ചൊവാഴ്ച എമേഴ്സൺ കോളജ്-ദ ഹിൽ സർവ്വേ നൽകുന്ന കണക്കനുസരിച്ചു ഹോക്കൽ 52% പിന്തുണ നേടി. സെൽഡിനു 44%. മൂന്നു ശതമാനം വോട്ടർമാർ മാത്രമേ തീരുമാനിച്ചില്ല എന്ന് പറഞ്ഞുള്ളൂ. പോളിംഗിൽ  അൻപതു കടക്കുന്ന സ്ഥാനാർഥിക്കു ഏറെക്കുറെ വിജയം ഉറപ്പിക്കാൻ കഴിയും എന്നാണ് സാധാരണ നിഗമനം.

തീരുമാനം എടുക്കാത്ത വോട്ടർമാക്കിടയിൽ തന്നെ ഹോക്കലിനു 54% പിന്തുണയുണ്ട്. സെൽഡിനു 45%.

ഗർഭഛിദ്ര അവകാശം പോലുള്ള വിഷയങ്ങളാണ് ഹോക്കൽ പ്രചാരണത്തിൽ ഉപയോഗിച്ചത്. സെൽഡിൻ ആവട്ടെ, കുറ്റകൃത്യങ്ങളിലുള്ള വർധന പ്രധാന വിഷയമാക്കി. എന്നാൽ തോക്കു നിയന്ത്രണത്തിനുള്ള നീക്കങ്ങളെ സെൽഡിൻ എതിർത്തതും 2020 തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന അദ്ദേഹത്തിന്റെ നിലപാടും തിരിച്ചടിക്കാൻ ഹോക്കൽ ആയുധമാക്കി.

ഇരുവരും തമ്മിലുള്ള ടെലിവിഷൻ സംവാദത്തിനു മുൻപ് ഇതേ ഗ്രൂപ് നടത്തിയ സർവേയിൽ ഹോക്കൽ 50% നേടിയപ്പോൾ സെൽഡിനു 44% ആണു ലഭിച്ചത്. സംവാദത്തോടെ ഹോക്കലിനോടു മതിപ്പു കൂടിയെന്ന് 26% പേർ പുതിയ സർവേയിൽ പറഞ്ഞു. 41% പേർക്കു സെൽഡിനോട് മതിപ്പു കൂടി. മതിപ്പു കുറഞ്ഞവർ 25% മാത്രം. ഹോക്കലിനോട് 35% പേർക്ക് മതിപ്പു കുറഞ്ഞു.

അതേ സമയം, 39% പറഞ്ഞത് അഭിപ്രായങ്ങളിൽ മാറ്റമൊന്നും ഇല്ല എന്നാണ്. എന്നാൽ എമേഴ്സൺ കോളജ് പോളിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്‌പെൻസർ കിംബാൾ പറയുന്നത് അവരിൽ 70% ഹോക്കലിനെ പിന്തുണയ്ക്കുന്നു എന്നാണ്. സെൽഡിന്റെ പിന്തുണ ഈ വിഭാഗത്തിൽ 26% മാത്രം.

ന്യു യോർക്കിലെ പുരുഷ വോട്ടർമാർ ഇരു സ്ഥാനാത്ഥികൾക്കും 48% വീതം പിന്തുണ നൽകുമ്പോൾ സ്ത്രീകളിൽ 56% ആണ് ഹോക്കലിന്റെ കൂടെ. സെൽഡിനു സ്ത്രീകളിൽ 40% പിന്തുണ മാത്രം.

കുറ്റകൃത്യങ്ങളുടെ പേരിൽ ആക്രമണം നേരിട്ട ഹോക്കൽ ഏറ്റവും പുതിയ പരസ്യത്തിൽ പറയുന്നത് ജന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതു വരെ തനിക്കു വിശ്രമം ഇല്ല എന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular