Sunday, April 28, 2024
HomeKeralaക്ഷേത്രോത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം പിടിയില്‍

ക്ഷേത്രോത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം പിടിയില്‍

തൃശൂര്‍: കയ്പമംഗലം കൂരി കുഴിയില്‍ കോഴിപറമ്ബില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വര്‍ഷത്തിന് ശേഷം പിടികൂടി.
രണ്ടാം പ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടില്‍ ഗണപതി എന്ന വിജേഷ് (38) ആണ് കണ്ണൂര്‍ ആഴിക്കരയില്‍ നിന്ന് പിടിയിലായത്.

വെളിച്ചപ്പാട് കോഴി പറമ്ബില്‍ ഷൈന്‍ ആണ് ക്ഷേത്രവളപ്പില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട വിജേഷ് കാസര്‍ഗോഡ് ബേക്കലില്‍ അപ്പന്‍ എന്ന പേരില്‍ ഒളിച്ച്‌ താമസിക്കുകയായിരുന്നു. അവിടെ വിവാഹിതനായ ഇയാള്‍ ഒരു കുട്ടിയുടെ പിതാവുമാണ്. നാടുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇയാള്‍ ബേക്കലില്‍ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു.

ആഴിക്കരയിലും മത്സ്യ ബന്ധനം നടത്തിയിരുന്ന ഇയാളെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം നാളുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. മത്സ്യതൊഴിലാളികളുടെയും മീന്‍ വില്‍പനക്കാരുടെയും മറ്റും വേഷത്തില്‍ കടപ്പുറത്ത് തങ്ങിയാണ് പ്രതിയെ കണ്ടെത്തിയത്. വഞ്ചിയുള്‍പ്പെടെ നല്‍കി മത്സ്യ തൊഴിലാളികളും സഹകരിച്ചതായി പൊലീസ് പറഞ്ഞു.

സലീഷ് എന്‍ ശങ്കരന്‍ മതിലകം എസ് ഐയായിരിക്കെ 2007 മാര്‍ച്ച്‌ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ചാമക്കാല കൂരിക്കുഴി ഭാഗങ്ങളിലെ സ്ഥിരം അക്രമി സംഘങ്ങളായ പ്രതികള്‍ ഒരു പ്രകോപനവും കൂടാതെയായിരുന്നു ക്ഷേത്രത്തിനകത്ത് കയറി വെളിച്ചപ്പാടായിരുന്ന ഷൈനിനെ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 6 പ്രതികളില്‍ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു.
കേസിലെ മറ്റു പ്രതികള്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച്‌ വരികയാണ്. സംഭവത്തിന് ശേഷം ഗണപതി ഒളിവില്‍ പോകുകയായിരുന്നു.

ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐമാരായ പി സി സുനില്‍, എ എ മുഹമ്മദ് റാഫി, എ എസ് ഐ സി ആര്‍ പ്രദീപ്, ജി എസ് സി പി ഒ സികെ ബിജു, സി പി ഒ എ ബി നിഷാന്ത് എന്നിവരും ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular