Sunday, May 5, 2024
HomeUSAന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ ജേതാക്കള്‍

ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ കെനിയന്‍ താരങ്ങള്‍ ജേതാക്കള്‍

ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ ഇത്തവണയും കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി. ഓപ്പണ്‍ വിഭാഗത്തില്‍ കെനിയയുടെ ഇവാന്‍സ് ചെചെമ്പെട്ടും , ഷാരോണ്‍ ലോക്കെഡിയും യഥാക്രമം പുരുഷ-വനിതാ ജേതാക്കളായി.

ബ്രസീലിയന്‍ താരം നാസിമെന്റോ ആയിരുന്നു പുരുഷവിഭാഗത്തില്‍ 21 മൈല്‍ വരെ മുന്നിട്ടു നിന്നത്.  നിര്‍ഭാഗ്യവശാല്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു. അതിനുശേഷം മേധാവിത്വം പുലര്‍ത്തിയ 33-കാരനായ ചെമ്പട്ടിന്  പിന്നീട് ആരും തന്നെ ഭീഷണിയായില്ല. രണ്ടു മണിക്കൂര്‍ എട്ടു മിനിറ്റ് 41 സെക്കന്‍ഡിലാണ് ചെമ്പട്ടു 26.2 മൈല്‍ ദൂരം പൂര്‍ത്തിയാക്കിയത്. ആറു മാസങ്ങള്‍ക്കു മുമ്പ് ബോസ്റ്റണ്‍ മാരത്തണിലും അദ്ദേഹം വിജയിയായിരുന്നു.

ചെമ്പട്ടിനേക്കാള്‍ 13 സെക്കന്‍ഡ് പിന്നില്‍ ഫിനിഷ് ചെയ്ത എത്തിയോവയുടെ  ഷുര കിത്താത്ത രണ്ടാം സ്ഥാനവും ( 2:08:54), നെതര്‍ലാന്റിന്റെ അബ്ഡി നജിയി (2:10:31) മൂന്നാം സ്ഥാനവും നേടി. വനിതാവിഭാഗം ജേതാവായ 28 കാരിയായ ലോക്കേഡി അവസാന രണ്ടു മൈല്‍ വരെ ശക്തമായ മത്സരം നേരിട്ട ശേഷമാണ്
2:23:23 എന്ന സമയത്തില്‍ ഫിനിഷ് ലൈന്‍ കടന്നത്. ഇതാദ്യമായാണ് ലോകഡി  ന്യുയോര്‍ക്ക് സിറ്റി  മാരത്തണില്‍ പങ്കെടുക്കുന്നത്.

ഇസ്രായേലിന്റെ ലോന ചെമ്മാട്ട സാല്‍ പീറ്റര്‍ (2:23:30) രണ്ടാം സ്ഥാനവും, ലോക ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ  ജേതാവ് ആയ എത്തിയോപ്പയുടെ  ഗോട്ടിട്രോം ഗബ്രിസാലസ്  (2:23:39) മൂന്നാംസ്ഥാനം കരസ്ഥമാക്കി.

പുരുഷവിഭാഗത്തില്‍ അമേരിക്കയുടെ സ്‌കോട്ട് ഫൗബ്ലി  ഒമ്പതാം സ്ഥാനം നേടിയപ്പോള്‍ മൂന്ന് അമേരിക്കന്‍ വനിതകള്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടി. യഥാക്രമം 7, 8, 10 എന്നീ സ്ഥാനങ്ങളില്‍ എത്തിയ അലിഫൈന. എമ്മാ ബെയ്റ്റസ്, നെല്‍ റോജാസ് എന്നിവരാണ് അവര്‍.

വീല്‍ ചെയര്‍ വിഭാഗത്തില്‍ ഇരുവിഭാഗത്തിലും എത്തിയ മാരത്തോണ്‍ റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടു. 1:25:26 എന്ന പുതിയ സമയത്തോടെ ഒന്നാം സ്ഥാനം നേടിയ സ്വിസ് താരം  മാര്‍സല്‍ ഹഗ്  പുരുഷവിഭാഗത്തില്‍ അഞ്ചാംതവണയും ന്യുയോര്‍ക്ക് സിറ്റി മാരത്തണ്‍ ജേതാവ് ആയി.  2006 ല്‍ ഫ്രണാലി സ്ഥാപിച്ച റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

വനിതാവിഭാഗത്തില്‍ അമേരിക്കയുടെ സൂസന്ന  സ്‌കറാണി  (1:42:43) ടെറ്റിയാനയുടെ 2015ലെ റെക്കോര്‍ഡ് തകര്‍ത്തു ആണ്  ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ഇരുവര്‍ക്കും ജേതാക്കള്‍ക്കുള്ള സമ്മാനത്തുക കൂടാതെ 50,000 ഡോളര്‍ പ്രത്യേക ബോണസും ലഭിച്ചു.

സ്റ്റാറ്റിന്‍ ഐലന്‍ഡില്‍ നിന്നും ആരംഭിച്ചു  ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ബ്രോങ്ക്‌സ്  കടന്ന് മാന്‍ഹാട്ടനിലെ സെന്റര്‍ പാര്‍ക്കിലാണ് ഫിനിഷ് ചെയ്തത്. മാരത്തണില്‍ പങ്കെടുക്കുന്നവരെ  പ്രോത്സാഹിപ്പിക്കുവാന്‍ റോഡിനിരുവശവും പതിനായിരങ്ങള്‍ എത്തിയിരുന്നു. സ്റ്റാറ്റിന്‍ ഐലന്‍ഡിലെ  സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡവും ഉണ്ടായിരുന്നു. മാരത്തണിന്റെ  അന്‍പത്തിയൊന്നാമത് പതിപ്പായ ഇത്തവണ 50000 ല്‍ അധികം പേര് പങ്കെടുത്തു.  കഴിഞ്ഞതവണ ഇത് മുപ്പതിനായിരം പേരിലേക്ക് ചുരുങ്ങിയിരുന്നു.

പതിവിന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ മാറ്റം (താപനില 70 ലെക്ക് ഉയര്‍ന്നത്) മത്സരാര്‍ത്ഥികളെ ബാധിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംഘാടകര്‍ എടുത്തിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ആറ് മാരത്തണുകളില്‍ ഒന്നാണ് ന്യുയോര്‍ക്ക് സിറ്റി മാരത്തണ്‍.  പ്രമുഖ ഗ്ലോബല്‍ ഐടി ബിസിനസ് സംരംഭമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആയിരുന്നു മാരത്തണിന്റെ  പ്രധാന പങ്കാളിയും സ്‌പോണ്‍സറും. ന്യുയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച സുരക്ഷാ സംവിധാനം ആണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് പോലീസ് ഓഫീസര്‍മാരെ  കൂടാതെ ഹെലികോപ്റ്ററുകളും ഉപയോഗിച്ചിരുന്നു.

ഗീവറുഗീസ് ചാക്കോ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular