Friday, May 3, 2024
HomeCinemaകൂമൻ മികച്ച ത്രില്ലർ, ആസിഫിന് ആദ്യ മെഗാഹിറ്റ് വിജയത്തിനു സാധ്യത

കൂമൻ മികച്ച ത്രില്ലർ, ആസിഫിന് ആദ്യ മെഗാഹിറ്റ് വിജയത്തിനു സാധ്യത

‘ദൃശ്യം’ എടുത്ത കാലം മുതൽ ത്രില്ലറുകളുടെ സംവിധായകനായി കീർത്തി നേടിയ ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘കൂമൻ’ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് നായകൻ ആസിഫ് അലിക്കാണ്. അമിതാഭിനയത്തിലേക്കു വഴുതി പോകാതെ നല്ല വേഷങ്ങൾ ചെയ്‌തു വന്ന ആസിഫിനു ആദ്യ മെഗാഹിറ്റ് ആഘോഷിക്കാൻ കഴിയുമെന്ന സൂചനയാണ് ആദ്യ ദിവസങ്ങളിലെ കളക്ഷൻ നൽകുന്നത്. കുറ്റവും ശിക്ഷയും, കൊത്ത് എന്നീ സമീപകാല ചിത്രങ്ങളിലും മതിപ്പുണ്ടാക്കിയ ആസിഫിനു പക്ഷെ ഇപ്പോഴാണ് ബോക്സ് ഓഫീസിന്റെ കനിവു ലഭിക്കുന്നത്.

ജീത്തുവിന്റെ മോഹൻലാൽ ചിത്രമായ ‘ട്വൽത് മാൻ’ എഴുതിയ കെ ആർ കൃഷ്ണകുമാറിന്റെ തൂലികയിൽ നിന്നു തന്നെയാണ് ‘കൂമൻ’ വരുന്നത്. ആദ്യാവസാനം ത്രില്ലർ സ്വഭാവം നിലനിർത്താൻ കഥ അപ്രതീക്ഷിതമായ പല വഴികളിലൂടെയും കൊണ്ട് പോകുന്നുണ്ട്. കഥയിൽ ചോദ്യങ്ങൾ നിരവധി ഉയരുന്നുണ്ട്; പക്ഷെ ഇത്തരമാമൊരു പടത്തിൽ അതൊക്കെ ജനം കാര്യമാക്കാറില്ല എന്നതാണു രീതി. ‘ദൃശ്യ’ത്തിൽ കുറ്റകൃത്യം കുഴിച്ചു മൂടാൻ പഠിപ്പിച്ചു എന്ന ആരോപണം നേരിട്ട ജീത്തു ഇവിടെ പോലീസുകാരൻ നടത്തിയ നിരവധി മോഷണങ്ങൾ നിസാരമാക്കി അയാൾ ആഭിചാര-കൊലക്കേസുകൾ തെളിയിച്ചതിന്റെ പേരിൽ അംഗീകാരം നേടുന്നതായാണ് കഥ അവസാനിപ്പിക്കുന്നത്.

ആഭിചാര കൊലകളുടെ സമകാലീന ബന്ധം ചിത്രത്തിനു കരുത്തു പകരുന്നുണ്ട്. ഇന്നത്തെ കേരള പൊലീസിൽ കാക്കിയിട്ട കുറ്റവാളികൾക്കു ലഭിക്കുന്ന ആദരവും സമകാലീനം തന്നെ.

മേലധികാരിയുടെ ക്രൂരത സഹിക്ക വയ്യാതെ അയാളെ ഒന്നു നാറ്റിക്കാൻ മണിയെന്നൊരു കള്ളനെ കൂട്ടു പിടിച്ചു മോഷണം പഠിക്കുന്ന പോലീസുകാരൻ ഗിരിക്കു പിന്നെ അതൊരു മനോരോഗമായി മാറുമ്പോഴാണ്  ആത്മഹത്യകളെന്നു കരുതപ്പെടുന്ന ചില മരണങ്ങളുടെ സൂചനകൾ തേടി ഇറങ്ങാൻ അവസരം ലഭിക്കുന്നത്. അതോടെ ഗിരിയുടെ ഊർജം ആ വഴിക്കായി. ചിത്രം ആഭിചാര കൊലയുടെ വിശകലനങ്ങളൊക്കെ നിരത്തുന്നുണ്ട്. അതങ്ങിനെ കത്തിക്കയറുമ്പോൾ പ്രതീക്ഷിക്കാവുന്ന അന്ത്യത്തിലേക്കു കഥ നീങ്ങുന്നു.

ഒട്ടു മിക്ക ഫ്രയ്മുകളിലും നിറയുന്നു ആസിഫ്. പേശീബലത്തേക്കാൾ കൂർമബുദ്ധിക്കു പ്രസക്തി നൽകുന്ന പൊലീസുകാരൻ. അനൂപ് മേനന്റെ മനോരോഗ വിദഗ്ദൻ പറയുന്ന മനസികാവസ്ഥയൊക്കെ വെറും തമാശയായി കടന്നു പോകുമ്പോൾ ഞൊടിയിടയിൽ ബുദ്ധിയിൽ ഫ്ലാഷ് അടിക്കുന്ന ഗിരി മോഷ്ടാവിൽ നിന്നു മികച്ച കുറ്റാന്വേഷണ വിദ്ഗ്ധനായി മാറുന്നു. ഏറെ സൂക്ഷമതയോടെ ആസിഫ് ഈ വേഷം ചെയ്തു.

 ആസിഫ് കഴിഞ്ഞാൽ മനസിൽ മായാതെ നിൽക്കുന്നതു ഇടുക്കി ജാഫറാണ്. നിരവധി ചിത്രങ്ങളിൽ നല്ല നല്ല വേഷങ്ങൾ  ചെയ്തു കൊണ്ടിരിക്കുന്ന ജാഫറിന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നാണിത് എന്ന് നിസംശയം പറയാം.

രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങി മറ്റെല്ലാ അഭിനേതാക്കളും നന്നായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular