Wednesday, May 22, 2024
HomeIndiaസിദ്ധുവിനെ ഒഴിവാക്കിയത് അമരീന്ദറിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ; രാജി ഹൈക്കമാൻഡിന്റെ തിരക്കഥയെന്ന് സൂചന

സിദ്ധുവിനെ ഒഴിവാക്കിയത് അമരീന്ദറിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ; രാജി ഹൈക്കമാൻഡിന്റെ തിരക്കഥയെന്ന് സൂചന

ന്യൂഡൽഹി; പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ അമരീന്ദറിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ പണിപ്പെട്ട് കോൺഗ്രസ്. അമരീന്ദർ ബിജെപിയിലേക്കോ ആം ആദ്മി പാർട്ടിയിലേക്കോ ചേരുമെന്ന അഭ്യൂഹങ്ങൾ സജീവമായതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ധു രാജിവെച്ചത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന.

സിദ്ധുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുളള രാജി ആവശ്യപ്പെട്ടതോടെ താൻ അപമാനിതനായെന്ന് അമരീന്ദർ പറഞ്ഞിരുന്നു. സിദ്ധുവിനെതിരെ പാക് ബന്ധം പോലും അമരീന്ദർ ഉന്നയിച്ചു. പഞ്ചാബിന്റെ അതിർത്തികൾ സുരക്ഷിതമാക്കാൻ സിദ്ധുവിന് കഴിയില്ലെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും അമരീന്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ അമരീന്ദറിനെ കേൾക്കാൻ ഹൈക്കമാൻഡ് തയ്യാറായില്ല. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സമയത്തും സിദ്ധുവിന് പരിഗണന ലഭിച്ചു. സിദ്ധുവിന്റെ വിശ്വസ്തനായ ചരൺജീത് സിംഗ് ഛന്നി മുഖ്യമന്ത്രി പദത്തിലെത്തിയതും അമരീന്ദറിനെ ചൊടിപ്പിച്ചു. ഇതിനൊടുവിലാണ് പാർട്ടി മാറ്റമെന്ന അവസാന തീരുമാനത്തിലേക്ക് അമരീന്ദർ എത്തിയത്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചതോടെയാണ് സിദ്ധുവിന്റെ രാജിയിലേക്ക് എത്തിയതെന്നാണ് വിവരം.

പഞ്ചാബിലെ മുതിർന്ന നേതാവായ അമരീന്ദർ ബിജെപിയിലെത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്ന് പാർട്ടി ഹൈക്കമാൻഡിന് അറിയാം. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇക്കുറി സജീവസാന്നിദ്ധ്യമാകാൻ ഒരുങ്ങുന്ന ആം ആദ്മി പാർട്ടിക്കും അമരീന്ദറിന്റെ സാന്നിദ്ധ്യം കരുത്ത് പകരും. മാത്രമല്ല അമരീന്ദറിന് രക്തസാക്ഷി പരിവേഷം കിട്ടുന്നത് പാർട്ടിയെ ദോഷമായി ബാധിക്കുമെന്നും ഹൈക്കമാൻഡ് വിലയിരുത്തി.

എല്ലാം ഞാൻ നേരത്തെ പറഞ്ഞതാണല്ലോയെന്ന മറുപടിയാണ് സിദ്ധുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദറിന്റെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. അതിർത്തി സംസ്ഥാനമായ പഞ്ചാബിന് യോജിക്കുന്ന വ്യക്തിയല്ല സിദ്ധുവെന്നും അമരീന്ദർ ട്വിറ്ററിൽ പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെയും അമരീന്ദർ കാണാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് പ്രചരിച്ചത്. എന്നാൽ ഇത് അമരീന്ദറിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് നിഷേധിച്ചു. അദ്ദേഹം ഡൽഹിയിലെത്തുന്നത് കുറച്ച് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്നായിരുന്നു രവീൺ തുക്രാലിന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular