Wednesday, May 1, 2024
HomeIndiaമധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി

ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ മധ്യപ്രദേശില്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി.

നിയമ പ്രകാരം ആരെങ്കിലും മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 60 ദിവസം മുന്‍പ് ജില്ല ഭരണകൂടത്തിന് അപേക്ഷ നല്‍കണം. 10ാം വകുപ്പിലെ ഈ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവര്‍ ചൂണ്ടിക്കാട്ടിയത്.

ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, വിവാഹം അല്ലെങ്കില്‍ മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ മതപരിവര്‍ത്തനത്തനം നടത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായ പൗരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ഹൈകോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. 2021ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.

ഇഷ്ടമുള്ള മതം ആചരിക്കാനും ജാതിയും മതവും പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് നിയമമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മൗലികാവകാശത്തെ ഹനിക്കുന്നത് മാത്രമല്ല, സാമൂഹിക സാഹോദര്യത്തെ തന്നെ ബാധിക്കുന്നതാണ് നിയമം. ഒരു വ്യക്തിക്ക് തന്‍റെ മതവിശ്വാസം വെളിപ്പെടുത്താതിരിക്കാനുള്ള അവകാശമുണ്ട്. സ്വന്തം മതമോ മറ്റൊരു മതത്തിലേക്ക് മാറാനുള്ള ഉദ്ദേശ്യമോ വെളിപ്പെടുത്താന്‍ പൗരന് യാതൊരു ബാധ്യതയുമില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു.

നിയമത്തിലെ 10-ാം വകുപ്പില്‍ പറയുന്ന പ്രകാരം മതം വെളിപ്പെടുത്തുകയോ മതം മാറ്റാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയേക്കാം. മതം മാറുന്നയാളുടെ ജീവന് തന്നെ ഭീഷണിയായി മാറാം. ഇത്തരത്തില്‍ മതം മാറുന്നത് മുന്‍കൂട്ടി അധികൃതരെ അറിയിക്കണമെന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, സുപ്രീംകോടതിയുടേത് ഉള്‍പ്പെടെയുള്ള സമാന കേസുകളിലെ വിധി പരിശോധിച്ച ശേഷമാണ് സ്വന്തം താല്‍പര്യ പ്രകാരം വിവാഹിതരാകുന്നവര്‍ക്കെതിരെ നിയമത്തിലെ 10ാം വകുപ്പ് പ്രയോഗിച്ച്‌ നടപടിയെടുക്കരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular