Sunday, May 5, 2024
HomeGulfപ്രപഞ്ചസത്യങ്ങളിലേക്ക് വാതായനങ്ങള്‍ തുറന്ന് ബഹിരാകാശ മേള

പ്രപഞ്ചസത്യങ്ങളിലേക്ക് വാതായനങ്ങള്‍ തുറന്ന് ബഹിരാകാശ മേള

റിയാദ് : പ്രപഞ്ചസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ബഹിരാകാശ മേള വിജ്ഞാന കുതുകികളെ ആകര്‍ഷിക്കുന്നു. ‘മനുഷ്യനും ബഹിരാകാശവും’ പ്രമേയത്തില്‍ റിയാദ് കിങ് ഒയാസിസില്‍ നടക്കുന്ന മേള ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും അതിെന്‍റ കണ്ടെത്തലുകളെക്കുറിച്ചും ആഴത്തിലുള്ള അറിവുകളാണ് പകര്‍ന്നുനല്‍കുന്നത്.

മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ധാരണയില്‍ മാറ്റം വരുത്തിയ കണ്ടുപിടിത്തങ്ങളെ പ്രതിപാദിക്കുകയും ചെയ്യുന്നു.

ബഹിരാകാശ അത്ഭുതങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ശാസ്ത്രവിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാണ് ഇവയില്‍ പലതും. വിജ്ഞാനവും വിനോദവും നിറഞ്ഞ തത്സമയ അനുഭവങ്ങളുടെ ഏഴു കേന്ദ്രങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ‘ചൊവ്വയിലെ നടത്തം’ പോലുള്ള വിനോദ വിദ്യാഭ്യാസ പരിപാടികള്‍ ഏറെ കൗതുകകരം കൂടിയാണ്.

യഥാര്‍ഥ ലോകത്ത് നിലയുറപ്പിച്ച്‌ ഏഴു വ്യത്യസ്ത മേഖലകളിലൂടെ ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മേളയുടെ ഡയറക്ടര്‍ ഹൈഫ അല്‍ ഇദ്‌രീസി പറഞ്ഞു. ഏഴു വ്യത്യസ്ത സോണുകളുടെ അനുഭവം സംവേദനാത്മകവും വിദ്യാഭ്യാസപരവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പേടകം, സീറോ ഗ്രാവിറ്റി, സിമുലേറ്ററുകള്‍ വഴിയുള്ള ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെട്ട ചലനാത്മക പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരവാസികളുടെയും സന്ദര്‍ശകരുടെയും ശാസ്ത്രീയവും സാംസ്കാരികവുമായ ജീവിതത്തെ സമ്ബന്നമാക്കുന്നതിനൊപ്പം ശാസ്ത്രീയ അറിവും വിനോദവും ഇടകലര്‍ന്ന പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിയാദ് റോയല്‍ കമീഷന്‍ ലൈഫ്‌സ്‌റ്റൈല്‍ വിഭാഗത്തിന്റെ സൂപ്പര്‍വൈസര്‍ ഖാലിദ് അല്‍ ഹസാനി പറഞ്ഞു. രാജ്യത്തിന്റെ ‘വിഷന്‍ 2030’ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയം, സൗദി സ്‌പേസ് കമീഷന്‍, കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കിങ് സല്‍മാന്‍ സയന്‍സ് ഒയാസിസ് എന്നിവയുമായി സഹകരിച്ച്‌ റിയാദ് റോയല്‍ കമീഷനാണ് മേള സംഘടിപ്പിക്കുന്നത്. മേള ഫെബ്രുവരി 28 വരെ നീളും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. riyadhspacefair.com എന്ന സൈറ്റില്‍നിന്ന് പ്രവേശന ടിക്കറ്റ് നേടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular