Thursday, May 2, 2024
HomeUSAമരണ സംഖ്യ 17,000; സിറിയയിൽ ആരും തിരിഞ്ഞു നോക്കാതെ ആശയറ്റു മരണം കാത്തു ആയിരങ്ങൾ

മരണ സംഖ്യ 17,000; സിറിയയിൽ ആരും തിരിഞ്ഞു നോക്കാതെ ആശയറ്റു മരണം കാത്തു ആയിരങ്ങൾ

കടുത്ത തണുപ്പിൽ രക്ഷാമാർഗ്ഗമില്ലാത്ത ആയിരങ്ങൾ. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 17,000 കടന്നപ്പോൾ പ്രധാന ആശങ്ക നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ അശരണരായി കിടക്കുന്നവരെ കുറിച്ചാണ്. ഓരോ നിമിഷം കടന്നു പോകുമ്പോഴും പ്രത്യാശ ഇല്ലാതാവുന്ന അവസ്ഥയാണ്.

തുർക്കിയിലേക്കു സഹായം എത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയുദ്ധം കീറി മുറിച്ച സിറിയയുടെ സ്ഥിതി അതല്ല. ആശുപത്രികൾ വളരെ ചുരുക്കം. നഗരങ്ങൾ യുദ്ധത്തിൽ തന്നെ താറുമാറായിരുന്നു. പതിനായിരക്കണക്കിനു കുട്ടികൾ ഉൾപ്പെടെ സിറിയൻ ജനതയുടെ മുന്നിൽ രണ്ടു ഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വകയില്ലാത്ത അവസ്ഥയിലായിട്ടു വർഷങ്ങളായി എന്നതു ലോകത്തിനു അറിയാത്ത കാര്യമൊന്നുമല്ല.

റഷ്യൻ പട്ടാളവും ഇറാൻ പോരാളികളുമാണ് ഏകാധിപതി ബാഷർ അൽ അസദിനു കാവലായി രാജ്യത്തു കഴിയുന്നത്. അവിടെ യുഎസ്-യുറോപ്യൻ സേനയോ രക്ഷ പ്രവർത്തകരോ എത്തുകയില്ല. ഇന്ത്യയും കൈകഴുകി നിൽപ്പാണ്. അറബ് രാജ്യങ്ങൾ പോലും സഹായവുമായി മുന്നോട്ടു വന്നിട്ടില്ല.

മരം കോച്ചുന്ന തണുപ്പിൽ രക്ഷ കാത്തു കഴിയുന്നവർക്കു ഭക്ഷണമോ വെള്ളമോ തണുപ്പിൽ നിന്നു രക്ഷ നൽകുന്ന വസ്ത്രങ്ങളോ ലഭ്യമല്ല. നിരവധി വിഭാഗങ്ങൾ ഉൾപ്പെട്ട യുദ്ധം ആരംഭിച്ച ശേഷം പിന്നിട്ട 12 വർഷങ്ങളിലും അങ്ങിനെ തന്നെ ആയിരുന്നു.

തുർക്കിയുടെ 10 മേഖലകളിലായി 12,387 പേരുടെ ജഡങ്ങൾ കണ്ടെടുത്തുവെന്നാണ് വ്യാഴാഴ്ച അധികൃതർ പറഞ്ഞത്. സിറിയയിൽ അങ്ങിനെയൊരു ഔദ്യോഗിക കണക്കു തന്നെ ഇല്ല. രാജ്യത്തിൻറെ ഏതാനും ഭാഗങ്ങളിൽ, അറബ് വിപ്ലവത്തിന്റെ ആവേശം ഉൾക്കൊണ്ട് ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളിയുമായി അസദിനെ വെല്ലുവിളിച്ചവരെ പൈശാചികമായി അടിച്ചമർത്തിയ സൈന്യമാണു ഭരിക്കുന്നത്. പന്ത്രണ്ടു വർഷമായി അവരുടെ കാവലിൽ കഴിയുന്ന അസദിന്റെ ശബ്ദം ആരും കേൾക്കാറുമില്ല.

ജനസംഖ്യയുടെ 63% വരുന്ന സുന്നികളെ അടിച്ചൊതുക്കി ന്യൂനപക്ഷ ഷിയാ നേതാവായ അസദ്‌ ഭരിക്കുമ്പോൾ മറ്റു ന്യൂനപക്ഷങ്ങളും അദ്ദേഹത്തിനു കൂട്ടുണ്ട്. മാനുഷികാവസ്ഥ എത്ര ദയനീയമാണെന്നു കുന്നിൽ മുകളിൽ ആയിരം മുറികളുള്ള തഷ്‌രീൻ കൊട്ടാരത്തിൽ കഴിയുന്ന അസദിനു വിഷയമല്ല.

എത്ര വലിയ മാനുഷിക ദുരന്തം ഉണ്ടായാലും രാജ്യം ഭരിക്കുന്നവരുടെ ശബ്ദമാണ് സഹായം എത്തിക്കേണ്ട രാജ്യങ്ങൾ കാത്തിരിക്കുന്നത്. അസദുമായി റഷ്യയ്ക്കല്ലാതെ ആർക്കും ബന്ധമില്ല. സൗദി അറേബ്യയും ജോർദാനും ഉൾപ്പെടെയുള്ള സുന്നി രാജ്യങ്ങൾ അദ്ദേഹത്തെ തുറന്നു തന്നെ എതിർക്കുന്നു. അസദിനു പിൻതുണ ഇറാനും ഇറാക്കിലെ ചില പ്രബല വിഭാഗങ്ങളും അവർക്കെല്ലാം അമേരിക്കൻ വിരുദ്ധതയുടെ പേരു പറഞ്ഞു സഹായം നൽകുന്ന റഷ്യയുമാണ്.

ഭൂകമ്പത്തിൽ തകർന്ന മേഖലകളിൽ യുദ്ധത്തിൽ നിന്നു പലായനം ചെയ്ത ആയിരങ്ങളുണ്ട്. അവരും ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. അവർ താമസിക്കുന്ന ബലമില്ലാത്ത താത്കാലിക കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ തകർന്നടിഞ്ഞത്. ഇവ ഏറിയ കൂറും ഇദ്‌ലിബ്, അലെപ്പോ മേഖലകളിലാണ്. വിമത സാന്നിധ്യമുണ്ടു എന്ന കാരണത്താൽ പട്ടാളം വ്യക്തമായും ലക്‌ഷ്യം വച്ച് ബോംബിട്ടു തകർത്ത ഇടങ്ങളാണ് ഇവയൊക്കെ.

തിങ്കളാഴ്ച ഭൂമികുലുക്കം ഉണ്ടായ ശേഷം ആദ്യമായി വ്യാഴാഴ്ച ആറു യുഎൻ ട്രക്കുകൾ സഹായവുമായി തുർക്കിയിൽ നിന്നു സിറിയയിൽ കടന്നു. നാലു ദിവസം പട്ടിണി കിടന്നവർക്കും ദാഹിച്ചു വലഞ്ഞവർക്കും ഒക്കെ ഈ സഹായം എത്തുമെന്ന് ഒരു ഉറപ്പുമില്ല. ഭക്ഷണം എത്തിക്കാൻ യുഎൻ അംഗീകരിച്ച വടക്കു പടിഞ്ഞാറൻ സിറിയയിലെ ബാബ് അൽ ഹവാ അതിർത്തി പോസ്റ്റിലൂടെയാണ് ഈ ട്രക്കുകൾ കടന്നു പോയതെന്നു റിപ്പോർട്ടുകളിൽ  കാണുന്നു. മറ്റൊരു വഴിയിലൂടെയും സിറിയയിൽ പ്രവേശിക്കാൻ അനുമതിയില്ല. അതൊരു മഹാകാര്യമായി യുഎൻ പറയുന്നുണ്ടെങ്കിലും ഭക്ഷണം  പക്ഷെ ആർക്കാണ് കിട്ടുക എന്ന ചോദ്യം ബാക്കിയാണ്. ദുരന്ത മേഖലകളിൽ സൈന്യം പോലും തിരിഞ്ഞു നോക്കാതെ ആയിരങ്ങൾ കഴിയുന്നുണ്ട്.

കഴിഞ്ഞ വർഷം തുർക്കിയിൽ നിന്ന് ഓരോ മാസവും 600 ട്രക്കുകൾ വീതം സിറിയയിലേക്കു പോയിരുന്നു. ശരാശരി 2.6 മില്യൺ സിറിയക്കാർക്കു ആ സഹായം എത്തിയെന്നാണ് യുഎൻ പറയുന്നത്.

തുർക്കിയിൽ 113,200 രക്ഷാ പ്രവർത്തകർ രംഗത്തുണ്ട്. അതല്ല സിറിയയിലെ സ്ഥിതി. അവിടെ മരിച്ചവരുടെ എണ്ണം 3,162 ആണെന്നു സി എൻ എൻ പറയുന്നു. എന്നാൽ അറബ് മാധ്യമങ്ങൾ പറയുന്നത് ആരും കൃത്യമായ കണക്കെടുത്തിട്ടേയില്ല എന്നാണ്. മരിച്ചവരിൽ 1,900 പേർ അസദിനെ എതിർക്കുന്നവരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണത്രെ. സർക്കാരിനോ പട്ടാളത്തിനോ റഷ്യയ്‌ക്കോ ഒന്നും ഒരു താല്പര്യവുമില്ലാത്ത സ്ഥലങ്ങളാണവ.

വൈറ്റ് ഹെൽമെറ്റ്‌സ് എന്ന സിറിയൻ സന്നദ്ധ സംഘടന അവർക്കു കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂറു കണക്കിനു കുടുംബങ്ങൾ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെന്നു അവർ പറയുന്നു. രക്ഷ വൈകിയാൽ അവർക്കു മരണം മാത്രമേയുള്ളൂ. “ഓരോ സെക്കണ്ടും അവർക്കു പ്രധാനമാണ്.”

Quake victims in Syria dying without food or water

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular