Tuesday, May 7, 2024
HomeUSAമോദി പുറപ്പെട്ടു; അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് വിസിറ്റിനുണ്ട് സവിശേഷതകളേറെ(എ.എസ്)

മോദി പുറപ്പെട്ടു; അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് വിസിറ്റിനുണ്ട് സവിശേഷതകളേറെ(എ.എസ്)

വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം അത്യാവേശകരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സമൂഹം. 2014ലും 2019ലും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ ആറുതവണ മോദി അമേരിക്കയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആദ്യത്തെ ഒഫീഷ്യല്‍ സ്റ്റേറ്റ് വിസിറ്റാണിതെന്ന പ്രത്യേകതയുണ്ട്.

ഒരു രാഷ്ട്രത്തലവന്റെ ക്ഷണപ്രകാരം ആ രാജ്യത്തേയ്ക്കുള്ള മറ്റൊരു രാഷ്ട്രത്തലവന്റെ ഔപചാരിക സന്ദര്‍ശനത്തെയാണ് ‘സ്റ്റേറ്റ് വിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. നിറഞ്ഞ സൗഹൃദത്തിന്റെയും കരുത്തുറ്റ ഉഭയകക്ഷി ബന്ധത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലമാണ് സ്റ്റേറ്റ് വിസിറ്റ്. സാധാരണയുള്ള സന്ദര്‍ശനത്തേക്കാള്‍ കൂടുതല്‍ ആഡംബരവും ചടങ്ങുകളുടെ ധാരാളിത്തവും സ്റ്റേറ്റ് വിസിറ്റില്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റും പ്രഥമ വനിതയും വൈറ്റ് ഹൗസില്‍ ഒരുക്കുന്ന വിരുന്നാണ് ഈ സന്ദര്‍ശനത്തിന്റെ ഹൈലൈറ്റ്.

അതിനാല്‍ത്തന്നെ ജോ ബൈഡന്റെ ക്ഷണപ്രകാരമുള്ള മോദിയുടെ ഈ യു.എസ് പര്യടനത്തിന് ഏറെ പ്രത്യേകതകളുണ്ട്.  21 മുതല്‍ 24 അദ്ദേഹം യു.എസില്‍് തുടരും. 22 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചരിത്രപരമായ സ്റ്റേറ്റ് ഡിന്നറില്‍ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കുന്നതാണ് ഔദ്യോഗിക സന്ദര്‍ശനത്തിലെ ആകര്‍ഷണീയത.

ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാഷ്ട്രത്തലവനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതാണ് സ്റ്റേറ്റ് വിസിറ്റിന്റെ സുപ്രധാന ഘടകം പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസാണ് ഇതര രാഷ്ട്രതലവന്‍മാരെ ഒഫീഷ്യല്‍ സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും അമേരിക്ക നല്‍കുന്ന ബഹുമാനം കൂടിയാണ് ഈ ക്ഷണം.

ആറ് മാസത്തോളം സമയമെടുത്താണ് വൈറ്റ് ഹൗസ് സ്റ്റേറ്റ് വിസിറ്റ് ആസൂത്രണം ചെയ്യുന്നത്. അത്താഴ വിരുന്നില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ വേണമെന്ന ചര്‍ച്ച പോലും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിക്കും. സ്റ്റേറ്റ് സന്ദര്‍ശനങ്ങള്‍ സാധാരണയായി കുറച്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കും, കൂടാതെ വിപുലമായ ചടങ്ങുകളും ഉള്‍പ്പെടുന്നു.

ഔദ്യോഗിക വിരുന്നിന് പുറമെ, ഈ ചടങ്ങുകളില്‍ നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റം, ബ്ലെയര്‍ ഹൗസ് എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കാനുള്ള ക്ഷണം, വിമാനം ഇറങ്ങിയതിന് ശേഷം ടാര്‍മാക്കില്‍ ഫ്‌ളൈറ്റ്-ലൈന്‍ സ്വാഗതം, 21 ഗണ്‍ സല്യൂട്ട്, അവസാനം ഫ്‌ളാഗ് സ്ട്രീറ്റ് ലൈനിംഗ് ചടങ്ങും ഉള്‍പ്പെടുന്നു.

വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ 7,000ത്തിലധികം ഇന്ത്യന്‍-അമേരിക്കന്‍ പങ്കാളികളുടെ സാന്നിധ്യത്തില്‍ 21 ഗണ്‍ സല്യൂട്ട് നല്‍കി പ്രസിഡന്റ് ബൈഡന്‍ മോദിയെ സ്വാഗതം ചെയ്യുന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ സ്റ്റേറ്റ് വിസിറ്റിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഇരു രാഷ്ട്രത്തലവന്‍മാരും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രതിനിധി ചര്‍ച്ചകള്‍ക്കും സംയുക്ത വാര്‍ത്താ സമ്മേളനത്തിനും നേതൃത്വം നല്‍കും.

യു.എസ് നയതന്ത്ര നയമനുസരിച്ച്, പ്രസിഡന്റിന് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ സ്റ്റേറ്റ് സന്ദര്‍ശനത്തിനായി ക്ഷണിക്കാറുള്ളു. അതായത് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധിക്കുള്ളില്‍ രാജ്യത്ത് ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷണം ലഭിക്കുക ഒരു രാഷ്ട്രത്തലവന് മാത്രമായിരിക്കും. അതിനായി ഇക്കുറി അമേരിക്ക ഇന്ത്യയെ തിരഞ്ഞെടുത്തു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

യു.എസില്‍ ഓഫീഷ്യല്‍ വിസിറ്റ്, ഓഫീഷ്യല്‍ വര്‍ക്കിങ് വിസിറ്റ്, വര്‍ക്കിങ് വിസിറ്റ്, ഗസ്റ്റ് ഓഫ് ഗവണ്‍മെന്റ് വിസിറ്റ് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനം തരം തിരിച്ചിരിക്കുന്നത്. ഓരോ സന്ദര്‍ശനത്തിനും അതിന്റേതായ പ്രോട്ടോക്കോളുകളുണ്ട്. 2014ല്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി അമേരിക്കയില്‍ വര്‍ക്കിംഗ് സന്ദര്‍ശനം നടത്തിയിരുന്നു.

2017ല്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മോദി, 2019ല്‍ ഡൊണാള്‍ഡ് ട്രംപ് ആതിഥേയത്വം വഹിച്ച ഹൗഡി, മോദി പരിപാടിയുടേയും ഭാഗമായി. കുടുതല്‍ സൗഹൃദപരവും ഊഷ്മളതയും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ സ്റ്റേറ്റ് സന്ദര്‍ശനത്തിന് വലിയ പ്രധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഈ സന്ദര്‍ശനം കൂടുതല്‍ വ്യക്തമാക്കുന്നു.

മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് യു.എസ് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രീന്‍ കാര്‍ഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതാണ് അതില്‍ മുഖ്യം. ദീര്‍ഘകാലമായി ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ പ്രഖ്യാപനം സഹായകരമാകും.

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ജൂണ്‍ 21 യു.എന്‍ ആസ്ഥാനത്ത് മോദിനേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങള്‍ക്ക് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരിക്കും പ്രധാനമന്ത്രിയുടെ ഈ അമേരിക്കന്‍ സന്ദര്‍ശനമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അഭിപ്രായപ്പെട്ടത്. ജെറ്റ് വിമാനങ്ങള്‍ മുതല്‍ സെമി കണ്ടക്ടര്‍ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ബൈഡനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് മില്യണോളം വരുന്ന കരാറുകളുടെ പ്രഖ്യാപനവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാവുമെന്നാണ് സൂചന. കൂടുതല്‍ പ്രതിരോധ ഇടപാടുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സുമായി ചേര്‍ന്ന് സ്ട്രൈക്കര്‍ എന്ന് വിളിപ്പേരുള്ള കോമ്പാറ്റ് വാഹനം നിര്‍മിക്കുന്ന പ്രഖ്യാപനവും ഉണ്ടാവും. ഇതിന്റെ വിവരങ്ങള്‍ യുഎസ് ഇന്ത്യക്ക് കൈമാറും.

കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡല്‍ഹിയില്‍ ഉഭയകക്ഷി പ്രതിരോധ ചര്‍ച്ച നടത്തിയതോടെ തന്നെ ഇന്ത്യയില്‍ യുദ്ധവിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ധാരണയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular