Thursday, May 2, 2024
Homeസമുദ്രത്തിനടിയില്‍ നിന്ന് ശബ്ദം, ഓരോ 30 മിനിറ്റിലും ആവര്‍ത്തിക്കുന്നുവെന്ന്; ടൈറ്റന് വേണ്ടി തെരച്ചില്‍ തുടരുന്നു

സമുദ്രത്തിനടിയില്‍ നിന്ന് ശബ്ദം, ഓരോ 30 മിനിറ്റിലും ആവര്‍ത്തിക്കുന്നുവെന്ന്; ടൈറ്റന് വേണ്ടി തെരച്ചില്‍ തുടരുന്നു

ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രക്കിടെ അന്‍റ്ലാന്‍റിക്കില്‍ കാണാതായ ചെറു മുങ്ങിക്കപ്പല്‍ ‘ടൈറ്റന്’ വേണ്ടിയുള്ള തെരച്ചില്‍ തുടരവേ സമുദ്രത്തില്‍ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞു.

കനേഡിയൻ പി-3 എയര്‍ക്രാഫ്റ്റാണ് ‘ഇടിക്കുന്ന ശബ്ദം’ തിരിച്ചറിഞ്ഞത്. ഓരോ 30 മിനിറ്റ് ഇടവേളയിലായി ഈ ശബ്ദം കേട്ടതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം കേട്ട ഭാഗത്തേക്ക് തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ശബ്ദം കേട്ടത് സ്ഥിരീകരിച്ച യു.എസ് കോസ്റ്റ് ഗാര്‍ഡ് തെരച്ചിലില്‍ ഇതുവരെ ശുഭകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. റോബോട്ടിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ ശ്രമം തുടരുകയാണ്. പി-3 എയര്‍ക്രാഫ്റ്റ് തിരിച്ചറിഞ്ഞ ശബ്ദം നേവി വിദഗ്ധര്‍ക്ക് വിശദമായ അവലോകനത്തിനായി കൈമാറിയിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് നോര്‍തേണ്‍ കമാൻഡ് വ്യക്തമാക്കി.

ശബ്ദം കേട്ട ഭാഗത്ത് എത്രയും വേഗം തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് സമുദ്ര വിദഗ്ധൻ ഡേവിഡ് ഗാലോ അഭിപ്രായപ്പെട്ടു. സമയമാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. റോബോട്ടുകളും മുങ്ങിക്കപ്പലുകളും ഉപയോഗിച്ച്‌ ശബ്ദം വന്ന കേന്ദ്രം കണ്ടെത്തണം. കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുള്ള അഞ്ചുപേരിലൊരാളായ സമുദ്രഗവേഷകൻ പോള്‍ ഹെൻട്രി നാര്‍ജിയോലെറ്റ് എന്‍റെ സുഹൃത്താണ്. ഓരോ 30 മിനിറ്റിലും കേള്‍ക്കുന്ന ഈ ഇടി ശബ്ദം പോലെ എന്തെങ്കിലുമൊന്ന് ചെയ്യാൻ സാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം -ഗാലോ പറഞ്ഞു.

കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് സെന്റ്ജോണ്‍സ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അത്‍ലാന്റിക്കിന്റെ അടിത്തിട്ടിലുള്ള ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കാണാൻ ഞായറാഴ്ച രാവിലെ പുറപ്പെട്ട് 45 മിനിറ്റിനുശേഷം അന്തര്‍വാഹിനിയുമായുള്ള ബന്ധം അറ്റു. പോളാര്‍ പ്രിൻസ് എന്ന കപ്പലാണ് അന്തര്‍വാഹിനിയെ നിയന്ത്രിച്ചിരുന്നത്.

6.7 മീറ്റര്‍ നീളമുള്ള ടൈറ്റൻ അന്തര്‍വാഹിനിക്ക് 4000 മീറ്റര്‍ ആഴത്തിലെത്താനാകും. അഞ്ച് പേര്‍ക്ക് 96 മണിക്കൂര്‍ വരെ ഇതില്‍ കഴിയാം. മണിക്കൂറില്‍ മൂന്നര മൈലാണ് വേഗത. ടൈറ്റാനിക് കാണാൻ എട്ട് ദിവസത്തെ യാത്രക്ക് ഒരാള്‍ക്ക് രണ്ടര ലക്ഷം ഡോളറാണ് (2.05 കോടിരൂപ) ഈടാക്കുന്നത്. കപ്പല്‍ കിടക്കുന്ന സ്ഥലത്തേക്ക് എത്താനും തിരിച്ചുവരാനും ഏകദേശം എട്ട് മണിക്കൂറാണ് വേണ്ടി വരുന്നത്. 2021ല്‍ കമ്ബനി ആദ്യ ദൗത്യം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular