Wednesday, May 8, 2024
HomeIndia'മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല' - ശശി തരൂര്‍

‘മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല’ – ശശി തരൂര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ തലേഗാവില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രിൻസിപ്പാലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

സംഭവം അപമാനകരമാണെന്നും മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തില്‍ പ്രവൃത്തിക്കില്ലെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് തരൂര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ഹൈന്ദവതയെ പ്രതിരോധിക്കുകയാണെന്നും സംരക്ഷിക്കുകയാണെന്നും പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇത് അപമാനകരമാണ്. ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഭയവുമില്ലാതെ ഇത്തരം ആക്രമങ്ങള്‍ അഴിച്ചുവിടാൻ ബജ്റംഗ്ദളിന് എങ്ങനെയാണ് ധൈര്യമുണ്ടാകുന്നത്? ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് അവര്‍ പറയുന്നതിന്‍റെ അര്‍ഥമെന്താണ്? മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തില്‍ പ്രവൃത്തിക്കില്ല” ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തലേഗാവ് ദബാഡെയിലെ ഡി,വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനെയാണ് ബജ്റംഗ്ദള്‍, വി.എച്ച്‌.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. സ്കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചുവെന്നും, ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഏതാനും രക്ഷിതാക്കള്‍ സ്കൂളിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹര്‍ ഹര്‍ മഹാദേവ് ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ ആക്രമണം.

അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും താലേഗാവ് എം.ഐ.ഡി.സി പൊലീസ് ഇൻസ്പെക്ടര്‍ രഞ്ജിത് സാവന്ത് പറഞ്ഞു. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോ എന്നും രക്ഷിതാക്കള്‍ ഉന്നയിച്ച മറ്റ് പരാതികളുടെ സത്യാവസ്ഥയും അന്വേഷിച്ച ശേഷമായിരിക്കും മറ്റ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular