Tuesday, May 7, 2024
HomeIndiaമനസുകൊണ്ട്‌ ഞാനൊരു ഇന്ത്യക്കാരി

മനസുകൊണ്ട്‌ ഞാനൊരു ഇന്ത്യക്കാരി

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിനു പിന്നാലെ മഴയില്‍ കുതിര്‍ന്ന്‌ ഡല്‍ഹിയിലെ ജയിലില്‍നിന്ന്‌ നോയിഡ സ്വദേശി സച്ചിന്‍ മീണയും(25) പാകിസ്‌താനി സീമ ഹൈദറും(30) ഇന്നലെ പുറത്തിറങ്ങി.

ഒന്നിച്ച്‌ പുതിയ ജീവിതത്തിനു തുടക്കമിടാന്‍…
ഏഴ്‌ വയസിനു താഴെയുള്ള നാല്‌ കുട്ടികളുമായി നേപ്പാള്‍ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനാണ്‌ സീമ ജൂലൈ നാലിന്‌ അറസ്‌റ്റിലായത്‌. സീമയ്‌ക്ക്‌ അഭയം നല്‍കിയതിന്‌ സച്ചിനും ജയിലിലായി. എന്നാല്‍, പാകിസ്‌താനിലേക്കു മടങ്ങാന്‍ ഇനി ഭയമാണെന്നും ഇന്ത്യ അഭയം നല്‍കണമെന്നുമുള്ള അപേക്ഷയാണ്‌ സീമ യു.പി. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനു മുന്നില്‍ വച്ചിരിക്കുന്നത്‌. “എന്റെ ഭര്‍ത്താവ്‌ ഹിന്ദുവാണ്‌. അതിനാല്‍ ഞാന്‍ ഹിന്ദുവാണ്‌. ഞാന്‍ ഒരു ഇന്ത്യക്കാരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു”- സീമയുടെ വാക്കുകള്‍ ഇങ്ങനെ. പാകിസ്‌താനിലെത്തിയാല്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും ചേര്‍ന്ന്‌ തന്നെ വകവരുത്തുമെന്നും യുവതി പറയുന്നു.

നോയിഡയിലെ പലചരക്കുകടയില്‍ ജീവനക്കാരനായ സച്ചിനും പാകിസ്‌താന്‍ സ്വദേശിയായ സീമ ഹൈദറും പബ്‌ജി ഗെയിമിലൂടെയാണ്‌ പരിചയപ്പെട്ടത്‌. കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലത്ത്‌ പതിവായി പബ്‌ജി ഗെയിം കളിച്ചിരുന്ന ഇരുവരും അടുപ്പത്തിലായതോടെ വിവാഹിതരാകാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ്‌ കാമുകനൊപ്പം ജീവിക്കാനായി നാലുകുട്ടികളെയും കൂട്ടി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്‌.

സീമയുടെ ആദ്യ ഭര്‍ത്താവ്‌ ഗുലാം ഹൈദര്‍ സൗദി അറേബ്യയിലാണ്‌ ജോലിചെയ്യുന്നത്‌. നാലുവര്‍ഷമായി ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും അയാള്‍ പതിവായി ഉപദ്രവിച്ചിരുന്നെന്നും സീമ പോലീസിനു മൊഴി നല്‍കി.
എന്നാല്‍, ഭാര്യയുമായി വീണ്ടും ഒന്നിക്കാന്‍ സഹായിക്കണമെന്ന്‌ ഇന്ത്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിരിക്കുകയാണ്‌ ഗുലാം ഹൈദര്‍. പാകിസ്‌താനിലെ ഖൈര്‍പുര്‍ സ്വദേശിയായ സീമ 12 ലക്ഷം രൂപയ്‌ക്ക്‌ വീടും സ്‌ഥലവും വിറ്റാണ്‌ സച്ചിനെ തേടിയിറങ്ങിയത്‌. സഹോദരന്‍ പാകിസ്‌താന്‍ സൈന്യത്തിലാണെന്നും സീമ പറയുന്നു.

കറാച്ചി വിമാനത്താവളത്തില്‍നിന്ന്‌ ദുബായിലേക്കാണ്‌ സീമ ആദ്യം പോയത്‌. അവിടെനിന്ന്‌ നേപ്പാള്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവിലേക്കു വന്നു. കാഠ്‌മണ്ഡുവില്‍നിന്ന്‌ ഇന്ത്യന്‍ അതിര്‍ത്തിവരെ ബസിലായിരുന്നു യാത്ര. തുടര്‍ന്ന്‌ നാലുകുട്ടികളെയും കൂട്ടി അതിര്‍ത്തി കടന്നു. ഇവിടെനിന്ന്‌ ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടു. യമുന എക്‌സ്പ്രസ്‌വേയില്‍ സച്ചിന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന നോയിഡ രാബുപുരയിലെത്തിയ ഇരുവരും ദമ്ബതിമാരെന്ന വ്യാജേന വാടകവീട്‌ തരപ്പെടുത്തി കഴിയുകയായിരുന്നു.

ഒരുമാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ യുവതി തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകന്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ നേപ്പാളില്‍വച്ച്‌ സീമയും സച്ചിനും വിവാഹിതരായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേസ്‌ തീരുംവരെ താമസസ്‌ഥലം മാറരുതെന്നും ആവശ്യപ്പെടുമ്ബോള്‍ കോടതിയില്‍ ഹാജരാകണമെന്നുമുള്ള വ്യവസ്‌ഥയോടെയാണ്‌ ഇരുവര്‍ക്കും ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular