Monday, May 6, 2024
HomeKeralaമണിപ്പൂര്‍ വിഷയം ഇരുസഭകളും ചര്‍ച്ച ചെയ്യണം, വീണ്ടും പ്രതിപക്ഷ നോട്ടീസ്, സമ്മതിച്ച്‌ കേന്ദ്രം

മണിപ്പൂര്‍ വിഷയം ഇരുസഭകളും ചര്‍ച്ച ചെയ്യണം, വീണ്ടും പ്രതിപക്ഷ നോട്ടീസ്, സമ്മതിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലും മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നോട്ടീസ്.

ഇരുസഭകളും നിര്‍ത്തിവെച്ച്‌ ചര്‍ച്ചകള്‍ നടത്തണമെന്നാണ് ആവശ്യം. ലോക്‌സഭയിലും, രാജ്യസഭയിലും പ്രത്യേകം നോട്ടീസ് നല്‍കിയിട്ടുണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം ഇരുസഭകളിലും ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ എംപി മാണിക്കം ടാഗോറും സഭ നിര്‍ത്തിവെച്ച്‌ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി, രാജീവ് ശുക്ല, എഎപി എംപി സഞ്ജയ് സിംഗ്, ആര്‍ജെഡി എംപി മനോജ് കുമാര്‍, ഇരുസഭകളിലുമായി മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.അതേസമയം വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങി.

സഭയില്‍ ആദ്യം മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായില്ല. ആദ്യ ദിനത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കുറച്ച്‌ നേരം മാത്രമാണ് ലോക്‌സഭയിലുണ്ടായിരുന്നത്. ഇതോടെ പ്രതിപക്ഷ ബഹളമായിരുന്നു ഇരുസഭകളിലും. ലോക്‌സഭയും, രാജ്യസഭയും പലതവണ നിര്‍ത്തിവെക്കുകയും ചെയ്തു. അന്തരിച്ച്‌ ബിജെപി എംപി ഹാര്‍ദ്വാര്‍ ദുബെയോടുള്ള ആദരസൂചകമായി രാജ്യസഭയില്‍ ആരംഭിച്ച ആദ്യ മണിക്കൂറില്‍ നിര്‍ത്തിവെച്ചു. ഉച്ചയ്ക്കാണ് ബാക്കി നടപടികള്‍ ആരംഭിച്ചത്.

രാജ്യസഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം നോട്ടീസ് നല്‍കി. എട്ട് അടിയന്തര പ്രമേയ നോട്ടീസുകളാണ് പ്രതിപക്ഷം നല്‍കിയത്. ഇതുപ്രകാരം സഭ നിര്‍ത്തിവെച്ച്‌ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. സഭാ നേതാവ് പിയൂഷ് ഗോയല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഈ നോട്ടീസ് അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷത്തോട് പറഞ്ഞു. ഹ്രസ്വ നേര ചര്‍ച്ചകള്‍ക്കാണ് സഭാ അധ്യക്ഷന്‍ അനുമതി നല്‍കിയത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രി നേരത്തെ തന്നെ സഭയില്‍ നിന്ന് പോയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പരാമര്‍ശം നടത്തട്ടെ. അതിന് ശേഷം ചര്‍ച്ചകള്‍ ആരഭിക്കാമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തെ മൃദുവാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചര്‍ച്ചയില്‍ വെള്ളം ചേര്‍ക്കാനാണ് ഹ്രസ്വനേരത്തേക്ക് മാത്രം സമയം അനുവദിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അങ്ങനെ വരുമ്ബോള്‍ സര്‍ക്കാരിന് ചര്‍ച്ചയില്‍ മറുപടി പറയേണ്ടി വരില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയനും മോദിക്കും, സര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇതോട സഭ രണ്ട് മണി വരെ പിരിഞ്ഞു. വീണ്ടും സഭ ചേര്‍ന്നതോടെ രാജ്യസഭാ ചെയര്‍മാന്‍, മന്ത്രി അനുരാഗ് താക്കൂറനെ സിനിമാറ്റോഗ്രാഫ് ബില്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഖാര്‍ഗെ വീണ്ടും സംസാരിച്ചു. അതിന് ശേഷമാണ് രാജ്യസഭ ആദ്യ ദിനത്തേക്ക് പിരിഞ്ഞത്.

വിദ്യാസാഗർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular