Monday, May 6, 2024
HomeKeralaവനിതാ ഫുട്‌ബോള്‍ ലോകകപ്പ്‌; ഒന്നടിച്ച്‌ മിന്നി

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്‌; ഒന്നടിച്ച്‌ മിന്നി

സിഡ്നി/ഓക്ലൻഡ്: വനിതാ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരുടെ തേരോട്ടത്തോടെ തുടക്കം. ആദ്യമത്സരങ്ങളില്‍ ഓസ്ട്രേലിയ ഒരു ഗോളിന് അയര്‍ലൻഡിനെ മറികടന്നപ്പോള്‍ ഇതേ സ്കോറിന് ന്യൂസിലൻഡ് മുൻ ചാമ്ബ്യൻമാരായ നോര്‍വെയെ ഞെട്ടിച്ചു.

അയര്‍ലൻഡിനെതിരെ സ്റ്റെഫ് കാറ്റ്ലി പെനല്‍റ്റിയിലൂടെ ജയമൊരുക്കി. ഹന്ന വില്‍കിൻസണ്‍ നേടിയ ഗോളിലായിരുന്നു ന്യൂസിലൻഡ് ലോകകപ്പ് ചരിത്രത്തിലെ ആദ്യജയംകുറിച്ചത്.

സിഡ്നി ഒളിമ്ബിക് പാര്‍ക്കിലെത്തിയ 75,784 കാണികള്‍ക്ക് ആവേശം പകര്‍ന്നാണ് ഓസ്ട്രേലിയ–-അയര്‍ലൻഡ് മത്സരം അവസാനിച്ചത്. അയര്‍ലൻഡ് ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. കളി തുടങ്ങുംമുമ്ബ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയേറ്റു. സൂപ്പര്‍താരം സാം കെര്‍ പരിക്കേറ്റ് പുറത്ത്. കെറിന്റെ അഭാവം തുടക്കത്തില്‍ ആതിഥേയരെ ബാധിച്ചു. എളുപ്പത്തില്‍ പന്ത് നീക്കാനായില്ല അവര്‍ക്ക്. ലോകകപ്പിലെ അരങ്ങേറ്റ കളിക്ക് ഇറങ്ങിയ അയര്‍ലൻഡുകാര്‍ പ്രതിരോധംകൊണ്ട് ഓസ്ട്രേലിയൻ മുന്നേറ്റത്തെ ശ്വാസംമുട്ടിച്ചു. ക്യാപ്റ്റൻ കാറ്റി മകാബെ ഓസ്ട്രേലിയയുടെ മധ്യനിര താരമായ ഹയ്ലി റാസോയെ കൃത്യമായി തടഞ്ഞു. പിന്നാലെ കാതറീന ഗോറി മികച്ച അവസരം പാഴാക്കി.

രണ്ടാംപകുതിയുടെ തുടക്കത്തിലാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. റാസോയെ മറീസ ഷെവ ബോക്സില്‍ തള്ളിയിട്ടു. ഓസ്ട്രേലിയക്ക് അനുകൂലമായി പെനല്‍റ്റി. കിക്ക് എടുത്ത കാറ്റ്ലിക്ക് പിഴച്ചില്ല. ആ ഗോളില്‍ ഓസ്ട്രേലിയ ജയം ഉറപ്പാക്കി.
എന്നാല്‍, അയര്‍ലൻഡ് കരുത്തോടെ പൊരുതി. മറുവശത്ത് ഓസ്ട്രേലിയൻ കോച്ച്‌ ടോണി ഗുസ്താവ്സണ്‍ പരിചയസമ്ബന്നയായ ക്ലാരെ പോള്‍കിങ്ഹോണിനെ ഇറക്കിയതോടെ അയര്‍ലൻഡിന് സമ്മര്‍ദമേറി. അവസാനഘട്ടത്തില്‍ മേഗൻ കോണോളിയുടെ ഫ്രീകിക്ക് ബാറിനുമുകളില്‍ പതിച്ചു. തുടര്‍ന്നുള്ള മകാബെയുടെ ശ്രമവും ഗോളിലെത്തിയില്ല. ഓസ്ട്രേലിയൻ ഗോള്‍കീപ്പര്‍ മക്കെൻസി ആര്‍ണോള്‍ഡിന്റെ പ്രകടനവും നിര്‍ണായകമായി. ലൂയിസ് ക്വിന്നിന്റെ ഹെഡര്‍ പുറത്തായി. ഗ്രൂപ്പ് എയില്‍ നൈജീരിയയുമായിട്ടാണ് ഓസ്ട്രേലിയയുടെ അടുത്ത കളി. 27ന് നടക്കുന്ന ഈ കളിയിലും സാം കെറിന് കളിക്കാനാകില്ല. അയര്‍ലൻഡ് 26ന് ക്യാനഡയുമായി ഏറ്റുമുട്ടും.

ഓക്ലൻഡില്‍ ന്യൂസിലൻഡിന്റേത് തകര്‍പ്പൻ കളിയായിരുന്നു. ലോകകപ്പില്‍ ഇതിനുമുമ്ബ് കളിച്ച 15 കളിയില്‍ ഒരുജയംപോലുമില്ലാത്ത ന്യൂസിലൻഡ് ചരിത്രം തിരുത്തി. 1995ലെ ജേതാക്കളായ നോര്‍വെയെ ഒരു ഗോളിന് തീര്‍ത്ത് ഗ്രൂപ്പ് എയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനായി.

കളിയില്‍ നോര്‍വെക്കായിരുന്നു തുടക്കത്തില്‍ ആധിപത്യം. ഫ്രിദ മാനുമിന്റെ ഷോട്ട് ബാറില്‍തട്ടി തെറിക്കുകയായിരുന്നു. സൂപ്പര്‍താരം അദ ഹെഗെര്‍ബെര്‍ഗിന് കിട്ടിയ അവസരം മുതലാക്കാനായില്ല. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ന്യൂസിലൻഡ് ലക്ഷ്യംകണ്ടു. കൃത്യമായ നീക്കങ്ങളിലൂടെ മുന്നേറിയ ന്യൂസിലൻഡ്, വില്‍കിൻസന്റെ ഗോളില്‍ ലീഡ് നേടി. തടയാനുള്ള നോര്‍വെ ഗോള്‍കീപ്പര്‍ ഒറോറ മികാല്‍സെന്റെ ശ്രമം പാഴായി. ഇരുപത്തഞ്ചിന് ഫിലിപ്പീൻസുമായിട്ടാണ് ന്യൂസിലൻഡിന്റെ അടുത്ത കളി. നോര്‍വെ അന്നുതന്നെ സ്വിറ്റ്സര്‍ലൻഡിനെ നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular