Thursday, May 2, 2024
HomeIndiaപ്രളയഭീതിയില്‍ ഉത്തരേന്ത്യ; യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

പ്രളയഭീതിയില്‍ ഉത്തരേന്ത്യ; യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അപകട രേഖയായ 205.33 കടന്ന് 206.44 ആയി. കനത്ത മഴയെത്തുടര്‍ന്ന് ഹരിയാനയിലെ തടയണ തുറന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

പഴയ യമുന പാലം അടച്ചു. ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ 27000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു. ഹിമാചല്‍പ്രദേശില്‍ ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ അഞ്ചുപേര്‍ മരിച്ചു. ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴയുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഷിംലയില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്നു പേരെ കാണാതായി. നിരവധി വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി. ഇവിടെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും തുടരുകയാണ്. ജമ്മുവില്‍ മഴ കനത്തതിനാല്‍ അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു.

ഗുജറാത്തില്‍ സൗരാഷ്ട്ര, കച്ച്‌ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രാജ്‌കോട്ടിലും മറ്റ് പലയിടങ്ങളിലും പ്രളയസമാന അവസ്ഥയെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. മഹാരാഷ്ട്രയിലും പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിതല അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. താനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രികാല പെട്രോളിങ് നടത്താനും നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular