Wednesday, May 1, 2024
HomeIndiaചന്ദ്രനോടടുത്ത് ചന്ദ്രയാന്‍; അവസാന ഭ്രമണപഥം ഉയര്‍ത്തലും വിജയകരം

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍; അവസാന ഭ്രമണപഥം ഉയര്‍ത്തലും വിജയകരം

ബംഗളൂരു: രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം.

ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറത്തു കടക്കുന്നതിനുള്ള അവസാനത്തെ ഭ്രമണപഥം വികസിപ്പിക്കലാണിത്.

ഇതിലൂടെ 1,27,609 കി.മീ.x 236 കി.മീ. ഭ്രമണപഥത്തില്‍ പേടകം എത്തിയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭൂമിക്ക് 236 കി.മീ. അടുത്തും 1,27,609 കി.മീ. അകലെയുമാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണിത്. നിരീക്ഷണത്തിനുശേഷമേ പേടകം എത്തിയ ഭ്രമണപഥം സംബന്ധിച്ച്‌ ഉറപ്പിച്ചുപറയാനാകൂവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ബംഗളൂരുവിലെ സാറ്റലൈറ്റ് സെന്‍ററാണ് ഭ്രമണപഥം ഉയര്‍ത്തലിന് മേല്‍നോട്ടം വഹിച്ചത്. ഒരുതവണ കൂടി ഭൂമിയെ ചുറ്റിയശേഷം ആഗസ്റ്റ് ഒന്നിന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും. രാത്രി 12നും ഒരുമണിക്കും ഇടയിലായിരിക്കുമിത്. അഞ്ചാം തീയതി പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിനുള്ളിലാകും.

140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളുമായി ചന്ദ്രയാൻ-3 ജൂലൈ 14നാണ് ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപണ വാഹനമായ എല്‍.വി.എം-3 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. ആഗസ്റ്റ് 23നാണ് ദൗത്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular