Wednesday, May 1, 2024
HomeIndiaനെഹ്റു പാര്‍ക്ക് പോസ്റ്റ് ഓഫീസ്; ലോകത്തിലെ ഒഴുകുന്ന ഒരേയൊരു തപാല്‍ കേന്ദ്രം

നെഹ്റു പാര്‍ക്ക് പോസ്റ്റ് ഓഫീസ്; ലോകത്തിലെ ഒഴുകുന്ന ഒരേയൊരു തപാല്‍ കേന്ദ്രം

ഭൂമിയിലെ സ്വര്‍ഗമെന്ന് ജവഹര്‍ലാല്‍ നെഹ്റു വിളിച്ച കശ്മീരിലെ മനോഹരമായ ദാല്‍ തടാകത്തില്‍ ഒഴുകുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്.

ലോകത്തിലെതന്നെ ഒഴുകുന്ന ഒരേയൊരു തപാല്‍ കേന്ദ്രം. ഒറ്റക്കാഴ്ചയില്‍ വലിയൊരു ഹൗസ് ബോട്ടാണെന്ന് തോന്നിക്കുന്ന ഈ ജലയാനത്തില്‍ പോസ്റ്റല്‍ വകുപ്പിന്റെ ചുവപ്പും വെള്ളയും ചായവും ഔദ്യോഗിക മുദ്രയും കാണാം, നെഹ്റു പാര്‍ക്ക് പോസ്റ്റ് ഓഫീസ്, ദാല്‍ തടാകം എന്ന ബോര്‍ഡും. ഒരുവശത്ത് മഞ്ഞണിഞ്ഞ മനോഹരമായ ഹിമാലയൻ മലനിരകള്‍, ചുറ്റും നീലത്തടാകം. പ്രകൃതിമനോഹാരിതയിലും ഫ്ളോട്ടിങ് പോസ്റ്റോഫീസ് വേറിട്ടുനില്‍ക്കുന്നു.

കേവലമൊരു പോസ്റ്റ് ഓഫീസുമാത്രമായല്ല ഇത് പ്രവര്‍ത്തിക്കുന്നത്. ലോകമെമ്ബാടുമുളള വിനോദ സഞ്ചാരികള്‍ക്ക് ഇതൊരു സന്ദര്‍ശനകേന്ദ്രമാണ്. ഇവിടെനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന കത്തുകള്‍ അവര്‍ക്കുള്ള സവിശേഷ സമ്മാനമാണെന്ന് അവര്‍ കരുതുന്നു. ആ കത്തുകളില്‍ ദാല്‍തടാകത്തിന്റെ മനോഹാരിതയില്‍ ശിക്കാര തുഴയുന്ന തോണിക്കാരന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്.

2011ല്‍ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും ചേര്‍ന്നാണ് പോസ്റ്റ് ഓഫീസ് കം മ്യൂസിയം ഉദ്ഘാടനം ചെയ്തത്. രണ്ട് ചെറിയ മുറികളാണ് ഇവിടെയുള്ളത്. ഒന്ന് പോസ്റ്റ് ഓഫീസും മറ്റൊന്ന് മ്യൂസിയവും ആയി ഉപയോഗിക്കുന്നു. അപൂര്‍വ സ്റ്റാമ്ബുകളുള്ളതാണ് മ്യൂസിയം. തപാല്‍ സേവനത്തിനു പുറമേ ഇന്റര്‍നാഷണല്‍ ഫോണ്‍കോളുകള്‍ വിളിക്കാനുള്ള സൗകര്യവും ഇന്റര്‍നെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികള്‍ക്ക് ബാങ്കിങ് സേവനവും ഇവിടെനിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഹൗസ്ബോട്ടുകളില്‍ തങ്ങുന്നവര്‍ ഇവിടെവന്ന് പ്രിയപ്പെട്ടവര്‍ക്ക് കത്തുകള്‍ അയക്കുന്നതും പതിവാണ്.

1854ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഡല്‍ഹൗസി പ്രഭുവാണ് ഇന്ത്യയില്‍ പോസ്റ്റല്‍ ശൃംഖല സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ തപാല്‍ ശൃംഖലയാണ് ഇന്ത്യയിലേത്. ഒന്നരലക്ഷത്തിലധികം (2017ലെ കണക്കുപ്രകാരം 1,54,965) തപാല്‍ ഓഫീസുകളും 4.33 ലക്ഷത്തോളം ജീവനക്കാരുമുള്ള വിവരവിനിമയസംവിധാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular