Wednesday, May 1, 2024
HomeIndiaമണിപ്പൂരില്‍ ആക്രമിക്കപ്പെട്ട കുക്കി ബി.ജെ.പി എം.എല്‍.എയുടെ ഒരുവശം തളര്‍ന്നു; 'ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു,...

മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട കുക്കി ബി.ജെ.പി എം.എല്‍.എയുടെ ഒരുവശം തളര്‍ന്നു; ‘ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു, ചികിത്സക്ക് ഒരു കോടി ചെലവായി, ആരും സഹായിക്കാനില്ല’

ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് നാലിന് ഇംഫാലില്‍ മെയ്തേയി വിഭാഗം വാഹനം തടഞ്ഞ് ആക്രമിച്ച കുക്കി വംശജനായ ബി.ജെ.പി എം.എല്‍.എയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നു.

വുങ്‌സാഗിൻ വാള്‍ട്ടെ എം.എല്‍.എയാണ് ക്രൂരമര്‍ദനത്തിന്റെ ബാക്കിപത്രമായി ഡല്‍ഹി കല്‍ക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ വാടക അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്നത്. 30,000 രൂപ മാസവാടക കൊടുക്കാൻ പോലും തങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ആരുംസഹായിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ മകൻ ജോസഫ് വാള്‍ട്ടെ പറഞ്ഞു. ചികിത്സക്ക് ഒരുകോടിയിലേറെ ഇതിനകം ചെലവായി.

ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ വുങ്‌സാഗിൻ വാല്‍ട്ടെയെ വിമാനമാര്‍ഗം ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ചികിത്സക്ക് ശേഷം രണ്ടാഴ്ച മുമ്ബാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോഴും കിടക്കയില്‍നിന്ന് പരസഹായമില്ലാതെ എഴുന്നേല്‍ക്കാൻ പോലുമാകില്ല. സംസാരിക്കാനും കഴിയുന്നില്ല. കുളി, ഭക്ഷണം കഴിക്കല്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കല്‍ എന്നിവക്കെല്ലാം ഭാര്യ മൊയ്‌നു വാള്‍ട്ടെയോ മകൻ ജോസഫ് വാള്‍ട്ടെയോ സഹായിക്കണം.

മുൻ ഗോത്രവകുപ്പ് മന്ത്രി കൂടിയാണ് ഫെര്‍സാള്‍ ജില്ലയിലെ തൻലോണില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ വുങ്‌സാഗിൻ വാള്‍ട്ടെ. മേയ് നാലിന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വിളിച്ച യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് മെയ്തേയ് വിഭാഗം അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ വാള്‍ട്ടെയുടെ മുഖത്തിന്റെ പകുതി ചതഞ്ഞിരുന്നു. ഇടത് കണ്ണിന് കേടുപാടുകള്‍ സംഭവിച്ചു. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ അദ്ദേഹത്തിന് ഫീഡിങ് ട്യൂബിലൂടെ കുഴമ്ബുരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഫീഡിങ് ട്യൂബും മറ്റും നീക്കം ചെയ്‌തെങ്കിലും ഇടതുവശം തളര്‍ന്ന നിലയിലാണ്.

മുഖത്തിന്റെയും തലയോട്ടിയുടെയും ഇടതുഭാഗം തിരിച്ചറിയാനാകാത്ത വിധത്തില്‍ തകര്‍ന്നിരുന്നതായും മകൻ ജോസഫ് പറയുന്നു. മണിക്കൂറുകളോളം കട്ടിലില്‍ ഒരേ കിടപ്പ് കിടക്കുന്ന വാള്‍ട്ടെ, ഇടക്ക് ഒന്ന് എഴുന്നേല്‍ക്കാനും മറുവശത്തേക്ക് തിരിഞ്ഞ് കിടക്കാനും മകനോട് ആംഗ്യഭാഷയില്‍ സഹായം തേടുകയാണ് ചെയ്യുന്നത്.

“പിതാവിന് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. ആശുപത്രിയില്‍ മൂന്ന് മാസത്തോളം കിടന്നു. മുഖത്തിന്റെ രൂപം ശരിയാക്കാൻ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി. ടൈറ്റാനിയം പ്ലേറ്റ് വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിക്ക് ക്ഷതമേറ്റതിനാല്‍ ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറും ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണം. ദിവസം അര ഡസനിലധികം മരുന്നുകള്‍ കഴിക്കണം. ഈ അവസ്ഥയില്‍ അച്ഛനെ കാണുന്നത് വേദനാജനകമാണ്” -ജോസഫ് പറഞ്ഞു.

വുങ്‌സാഗിൻ വാല്‍ട്ടെയുടെ ആശുപത്രി ബില്ല് ഒരു കോടി കവിഞ്ഞതായി വാള്‍ട്ടെയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളാരും വാള്‍ട്ടെയെ സന്ദര്‍ശിച്ചിട്ടില്ല. ഭര്‍ത്താവിന്റെ പാര്‍ട്ടിക്കാരായ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ തങ്ങെള വഞ്ചിച്ചതായി എം.എല്‍.എയുടെ കുടുംബം പറയുന്നു. “സംസ്ഥാന സര്‍ക്കാരില്‍നിന്ന് സാമ്ബത്തികമായോ അല്ലാതെയോ ഒരു സഹായവും ഉണ്ടായിട്ടില്ല. മേയ് അഞ്ചിന് എന്റെ ഭര്‍ത്താവ് ഐ.സി.യുവില്‍ ആയിരിക്കുമ്ബോള്‍ ഒരിക്കല്‍ മാത്രമാണ് മുഖ്യമന്ത്രി ബിരേൻ സിങ് വിളിച്ചത്. വിഷമിക്കേണ്ടെന്നും ഭര്‍ത്താവിന് സുഖമാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതിന് ശേഷം ഫോണില്‍ പോലും ബിരേൻ സിങ് വിളിച്ചിട്ടില്ല’ -ഭാര്യ മൊയ്‌നു മൊയ്‌നു വാള്‍ട്ടെ ‘ദി പ്രിന്റി’നോട് പറഞ്ഞു.

30,000 രൂപ മാസ വാടകയ്‌ക്ക് കല്‍ക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റിലാണ് വുങ്‌സാഗിൻ വാല്‍ട്ടെയും കുടുംബവും ഇപ്പോള്‍ കഴിയുന്ന്. ബി.ജെ.പിക്കാരോ മണിപ്പൂര്‍ സര്‍ക്കാര്‍ പ്രതിനിധികളോ വാള്‍ട്ടെയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്ന ശേഷമാണ് മണിപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ടി ബസന്തകുമാര്‍ സിങ്ങും സംസ്ഥാന ബി.ജെ.പി അധ്യക്ഷ ശാരദാദേവിയും അദ്ദേഹത്തെ കാണാൻ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഏതാനും കുക്കി എം.എല്‍.എമാരും ഒരു കേന്ദ്രമന്ത്രിയും ചില ബിജെപി നേതാക്കളും ആശുപത്രിയില്‍ വന്നിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല.

‘മണിപ്പൂരിലേക്ക് മടങ്ങുന്നത് ഇനി സുരക്ഷിതമല്ല. നമ്മള്‍ എവിടെ പോകും? നിലവിലുള്ള സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഇംഫാലിലേക്ക് മടങ്ങാൻ കഴിയില്ല’ -ഭാര്യ മൊയ്‌നു വാള്‍ട്ടെ പറഞ്ഞു. കാര്യങ്ങള്‍ ഇത്ര പെട്ടെന്ന് വഷളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മണിപ്പൂരില്‍ ഭരണവിഭജനം ഉണ്ടാകുന്നത് വരെ അങ്ങോട്ട് പോകാനാവില്ല – ഇവര്‍ പറയുന്നു.

അച്ഛൻ ആക്രമിക്കപ്പെട്ട ദിവസം ഒറ്റരാത്രികൊണ്ട് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതായി ഉടുതുണിയുമായി ഇംഫാലിലെ വീടുവിട്ടിറങ്ങേണ്ടി വന്ന ജോസഫ് പറയുന്നു. “എന്റെ അമ്മാവന്റെ വീട് കൊള്ളയടിക്കപ്പെട്ടു. ഞങ്ങള്‍ ഒരു പേടിസ്വപ്നം പോലെയാണ് ജീവിക്കുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി ഓരോ മാസവും ലക്ഷത്തിലേറെ രൂപ വേണം. അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രതീക്ഷ. എന്നാല്‍ അതിന് സമയമെടുക്കും’ -ജോസഫ് ദി പ്രിന്റിനോട് പറഞ്ഞു. ജോസഫിന്റെമൂന്ന് മക്കളെയും ഡല്‍ഹിയിലെ സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ത്തിരിക്കുകയാണ്.

“ഞങ്ങള്‍ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. എന്റെ ഭര്‍ത്താവിനൊപ്പം മണിപ്പൂരിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നാളുകളില്‍ ഞാൻ സ്വപ്നം കാണുന്നത് അതുമാത്രമാണ്. പൊതുപ്രവര്‍ത്തനരംഗത്തില്‍ സജീവമായിരുന്ന അദ്ദേഹം 27 വര്‍ഷമായി ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മൂന്നുമാസമായി കിടന്ന കിടപ്പില്‍ തന്നെയാണ്’ -മൊയ്‌നു പറയുന്നു

80 ദിവസം പിന്നിട്ട മണിപ്പൂരിലെ വംശീയ സംഘട്ടനത്തില്‍ ഇതുവരെ 150 പേരെങ്കിലും കൊല്ലപ്പെട്ടു. 40,000ത്തിലേറെ പേര്‍ പലായനം ചെയ്തു. സുരക്ഷാ സേനയും വിവധ സംഘടനകളും നടത്തുന്ന ദുരിതാശ്വാസ ക്യാമ്ബുകളിലാണ് ആളുകള്‍ കഴിയുന്നത്. ഇരുവിഭാഗത്തിലുംപെട്ട നിരവധി പേരുടെ സ്വത്തുവകകളാണ് നശിപ്പിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular