Monday, May 6, 2024
HomeKeralaതിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് സജീവമാക്കണം: ടീം റീബൗണ്ട്

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് സജീവമാക്കണം: ടീം റീബൗണ്ട്

തിരുവനന്തപുരം: കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലായി ആയിരകണക്കിന് ബാസ്കറ്റ്ബോള്‍ താരങ്ങളുടെ പരിശീലന കളരിയായിരുന്ന തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളുടെ ദുരവസ്ഥ നേരില്‍ കാണുവാനായി മുൻ അന്തര്‍ ദേശീയ, ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി തല താരങ്ങള്‍ സെൻട്രല്‍ സ്റ്റേഡിയം ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ സന്ദര്‍ശനം നടത്തി.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ പോലീസ് സ്റ്റേഡിയത്തില്‍ 29 , 30 തീയതികളില്‍ നടക്കുന്ന കേരളത്തിലെ മുൻകാല ബാസ്കറ്റ്ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ട് തിരുവനന്തപുരം കൂട്ടായ്മ 2023 ല്‍ പങ്കെടുക്കാൻ എത്തിയവരാണ് സന്ദര്‍ശനം നടത്തിയത്.

അറുപതുകളില്‍ മണ്‍കോര്‍ട്ടില്‍ തുന്നികെട്ടിയ വലിയ ലെതര്‍ ബാസ്കറ്റ്ബോള്‍ കൊണ്ടും, എഴുപതുകളില്‍ ടാറിട്ട കോര്‍ട്ടിലും തുടര്‍ന്ന് കോണ്‍ക്രീറ്റ് കോര്‍ട്ടില്‍ റബ്ബര്‍ ബാസ്കറ്റ്ബോളില്‍ പരിശീലനം നടത്തിയതുമെല്ലാം കേരളത്തിലെ അക്കാലത്തെ മികച്ച ടീമുകളായ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, ഏജീസ് ഓഫീസ് എന്നിവയുടെ ദേശീയ, സംസ്ഥാനതല താരങ്ങളായിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തെ മികച്ച ടീമുകളായ കെ എസ് ഇ ബി , കേരള പോലീസ് എന്നീ ടീമുകള്‍ രൂപീകൃതമായത്. ഈ ടീമുകളെല്ലാം സ്ഥിരമായി പരിശീലനം നടത്തിയത് സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു.നിരവധി ദേശീയ,സംസ്ഥാന ചാമ്ബ്യൻഷിപ് മത്സരങ്ങള്‍ക്ക് ഈ ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ വേദിയായിട്ടുണ്ട്. 1978 ലെ സീനിയര്‍ സ്റ്റേറ്റ് ചാമ്ബ്യൻഷിപ്, 1981-ലെ അഖിലേന്ത്യ പോലീസ് ഗെയിംസ്, 1992-ലെ സീനിയര്‍ നാഷണല്‍ ചാമ്ബ്യൻഷിപ്പ്, 1993 ലെ സബ് ജൂനിയര്‍ നാഷണല്‍ ചാമ്ബ്യൻഷിപ്പ് തുടങ്ങിയ അതിന് ഉദാഹരണങ്ങളാണ്. സംസ്ഥാനത്തെ പുരുഷ, വനിതാ വിഭാഗങ്ങളുടെയും, ജൂനിയര്‍ വിഭാഗങ്ങളുടെയും സംസ്ഥാന ടീമുകളുടെ പരിശീലന ക്യാമ്ബുകളുടെ സ്ഥിരം വേദിയായിരുന്നു സെൻട്രല്‍ സ്റ്റേഡിയം.

ഒളിമ്ബ്യൻ സുരേഷ്ബാബു, ജിമ്മി ജോര്‍ജ്, ജോസ് ജോര്‍ജ് തുടങ്ങി നിരവധി അന്തര്‍ ദേശീയ കായിക താരങ്ങളും, വോളിബോള്‍ താരങ്ങളും ഓഫ് സീസണ്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ബാസ്കറ്റ്ബോള്‍ കളിക്കുവാൻ എത്തിയിരുന്നത് സെൻട്രല്‍ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലായിരുന്നു. കേരളത്തെ എല്ലാ ബാസ്കറ്റ്ബോള്‍ താരങ്ങളും 1960 മുതല്‍ 2000 വരെ ഈ ഗ്രൗണ്ടുകളില്‍ കളിച്ചവരാണ് പക്ഷെ കായികരംഗവുമായി ബന്ധപ്പെടാത്ത മറ്റ് പരിപാടികള്‍ക്കായി ഈ കോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയതിലൂടെ ബാസ്കറ്റ്ബോള്‍ താരങ്ങള്‍ക്ക് ഇവിടെ പരിശീലനം അസാധ്യമായി. എല്ലാ വര്‍ഷവും ഒരു മാസത്തിലധികം നീണ്ടു നിന്നിരുന്ന ജില്ലാ ലീഗ് മാമാങ്കം ഒരു ഉത്സവം പോലെയായിരുന്നു അന്നത്തെ കളിക്കാര്‍ ആഘോഷിച്ചിരുന്നത്. പുരുഷ, കോളേജ്, സീനിയര്‍ സ്കൂള്‍ , ജൂനിയര്‍ , മിനി, വനിതാ എന്നി ഏഴു വിഭാഗങ്ങളിലാണ് ലീഗ് മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയിരുന്നത്.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും, ബാസ്കറ്റ്ബോള്‍ പരിശീലനം നടക്കാത്ത മറ്റു സ്കൂളുകളിലെ വിദ്യാര്‍ഥികളുമാണ് സെൻട്രല്‍ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിനെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ചില സ്കൂളുകളിലെങ്കിലും പുതിയ ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പരിശീലനം നല്‍കാൻ പലയിടത്തും പരിശീലകരില്ല. സെൻട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 6 മുതല്‍ 8 മണി വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 മണി വരെയും സ്ഥിരമായി പരിശീലനമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്റ്റേഡിയം ബാസ്കറ്റ്ബോള്‍ കളിക്കാര്‍ക്ക് അന്യമാകുകയാണ്.

തിരുവനന്തപുരത്തെ മുൻ സ്പോര്‍ട്സ് കൗണ്‍സില്‍ ബാസ്കറ്റ്ബോള്‍ പരിശീലകരായിരുന്ന പരേതരായ പി.സി. തോമസ്, ആര്‍. ജെ. ഷേണായ് എന്നിവര്‍ സെൻട്രല്‍സ്റ്റേഡിയം ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലെ നിറ സാന്നിധ്യങ്ങളായിരുന്നു. അവരുടെ കാലശേഷം മുൻ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച്‌ പ്രേംകുമാറിന്റെയും മറ്റ് മുതിര്‍ന്ന ബാസ്കറ്റ്ബാള്‍ കളിക്കാരുടെയും സമ്മര്‍ദ്ദ ഫലമായി രണ്ടു ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളുടെ മുകളില്‍ മേല്‍ക്കൂര സ്ഥാപിച്ചു. തൊട്ടടുത്തുള്ള സെക്രട്ടറിയേറ്റില്‍ കാറ്റു കിട്ടില്ല എന്ന ആശങ്കയൊക്കെ പരിഹരിച്ചാണ് റൂഫ് പണിതത്.

മുകളില്‍ സൂചിപ്പിച്ച പരിശീലകര്‍ക്കുശേഷം സ്റ്റേഡിയത്തില്‍ നിയമിതരായ തിരുവനന്തപുരം സ്വദേശികളല്ലാത്ത സ്പോര്‍ട്സ് കൗണ്‍സില്‍ എൻ.ഐ.എസ് പരിശീലകര്‍ സ്വന്തം ജില്ലകളിലേക്കോ അല്ലെങ്കില്‍ മറ്റു സ്കൂള്‍ /കോളേജ് ടീമുകളിലേക്കോ സ്ഥലം മാറ്റം നേടിയെടുത്ത് പോയതോടുകൂടി സ്റ്റേഡിയത്തെ ആശ്രയിച്ച സര്‍്ക്കാര്‍ സ്കൂളിലെ കുട്ടികള്‍ പരിശീലനം നടത്താനാവാതെ പെരുവഴിയിലായി. നിലവില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ റോളര്‍ സ്കേറ്റിംഗ്, ജിംനാസ്റ്റിക്സ്, റസ്ലിങ്, ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളാണ് പരിശീലനം നടത്തുന്നത്. പക്ഷെ ഏറ്റവും സങ്കടകരമായ അവസ്ഥ അവിടെ കൂടക്കൂടെ നടക്കുന്ന പൊതു യോഗങ്ങള്‍, ഗാനമേള ഉള്‍പ്പെടയുള്ള കലാ പരിപാടികള്‍, ചാനല്‍ ചര്‍ച്ചകള്‍ എന്നിവയാണ്.

ഈ അവസ്ഥ മാറ്റിയെടുക്കാൻ തിരുവനന്തപുരത്തെ മുൻകാല ബാസ്കറ്റ്ബോള്‍ കളിക്കാര്‍ പുതിയതായി നിയമിതനായ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഷറഫ് അലിക്ക് നിവേദനം നല്‍കി. ടീം റീബൗണ്ടിന്റെ തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലേക്ക് അടിയന്തരമായി ഒരു പരിശീലകനെ നിയമിക്കുവാൻ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥന നടത്തി. പരിശീലകനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ പരിശീലകരായി മുതിര്‍ന്ന കളിക്കാരുടെ സേവനം നല്‍കാമെന്നും ടീം റീബൗണ്ട് തിരുവനന്തപുരം പ്രവര്‍ത്തകര്‍ അറിയിച്ചു. കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളെ സ്റ്റേഡിയത്തില്‍ എത്തിച്ച്‌ പരിശീലനം നല്‍കാനാണ് ടീം റീബൗണ്ട് ഉദ്ദേശിക്കുന്നത്.

സ്വന്തമായി ഒരു കെട്ടിടമോ, ഓഫീസോ ഇല്ലാത്ത ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ എല്ലാ പ്രവൃത്തികള്‍ക്കും, ജില്ലയിലെ ബാസ്കറ്റ്ബോള്‍ താരങ്ങളും ബാസ്കറ്റ്ബോള്‍ പ്രേമികളും ഒത്തു കൂടിയിരുന്ന വേദി കൂടിയായിരുന്നു സെൻട്രല്‍ സ്റ്റേഡിയത്തിലെ കോര്‍ട്ട്. ടീം റീബൗണ്ടിന്റെ ആവശ്യപ്രകാരം സെൻട്രല്‍ സ്റ്റേഡിയം ബാസ്കറ്റ്ബോള്‍ കോര്‍ട്ടിനെ വീണ്ടും തിരുവനന്തപുരത്തിന്റെ ബാസ്കറ്റ്ബോള്‍ ഹബ് ആക്കി മാറ്റുവാനുള്ള പ്രവര്‍ത്തികള്‍ക്ക് സിറ്റിയിലെ സ്കൂളുകളില്‍ നിന്നും കൂടുതല്‍ കുട്ടികളെ ഈ പരിശീലന കളരിയിലേക്കു എത്തിച്ചു പരിശീലനം നല്‍കുവാൻ വേണ്ട സഹകരണം നല്‍കാം എന്ന് ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷൻ ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ നിര്‍ധനരായ, ബാസ്കറ്റ്ബോള്‍ കളിയില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റ്, പോഷകാഹാരം തുടങ്ങിയവ ലഭിക്കുവാൻ വേണ്ട സഹായം കൂടി ടീം റീബൗണ്ട് തിരുവനന്തപുരം പ്രവര്‍ത്തകര്‍ നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular