Monday, May 6, 2024
HomeUSAന്യു യോർക്ക് ക്വീൻസിനെ  ത്രിവർണങ്ങളിൽ മുക്കിയ ഇന്ത്യ ഡേ പരേഡ് 

ന്യു യോർക്ക് ക്വീൻസിനെ  ത്രിവർണങ്ങളിൽ മുക്കിയ ഇന്ത്യ ഡേ പരേഡ് 

ന്യൂയോര്‍ക്ക്: ന്യു യോർക്ക് നഗരത്തിലെ ഏറ്റവും വൈവിധ്യമാർന്ന കൗണ്ടിയായ ക്വീൻസിലെ ഹിൽസൈഡ് അവന്യുവിനെ ത്രിവർണങ്ങളിൽ മുക്കിയ എട്ടാമത്   ഇന്ത്യ ഡേ  പരേഡ്, ഇന്ത്യയുടെ 75-മത് സ്വാതന്ത്യദിന വാർഷികത്തിനു ദേശഭക്തിനിറവിൽ  അഭിവാദ്യമേകി. കടുത്ത ചൂടിനെ അവഗണിച്ച് ഭാരത് മാതാ കീ  ജയ് വിളിച്ച്  അണിനിരന്ന വൻജനാവലി,  സ്വാതന്ത്യ്രത്തിന്റെ   വിജയപതാകയുമായി ഇന്ത്യൻ പൈതൃകത്തിന്റെ അഭിമാനം ഉദ്ഘോഷിച്ചപ്പോൾ പാതക്കിരുവശവും ഇന്ത്യാക്കാരും അമേരിക്കക്കാരും  ആശംസകളുമായി അണിനിരന്നു.

ഒട്ടേറെ ഫ്ളോട്ടുകള്‍ക്കൊപ്പം ഇരുപതിലേറെ  സംഘടനകളും സ്ഥാപനങ്ങളും ബാനറുകളുമായി മാര്‍ച്ച്  ചെയ്തപ്പോൾ ത്രിവർണ   പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച വനിതകളുടെ വലിയ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

സംഘാടകരായ ഫ്ലോറൽ പാർക്ക് – ബെൽറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസിയേഷൻ്റെ  (FBIMA)  നേതൃത്വം ഇത്തവണ മലയാളികൾക്കായതിനാൽ പരേഡിലെ മലയാളികളുടെ പ്രാതിനിധ്യവും കൂടിയതായി കാണപ്പെട്ടു. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ ഓവര്സീസ്  കോൺഗ്രസ് തുടങ്ങിയവ ആകർഷകമായ ഫ്ളോട്ടുകളുമായി പങ്കെടുത്ത്  പ്രശംസ പിടിച്ചു പറ്റി. ത്രിവർണ  വേഷമണിഞ്ഞ വനിതകൾക്കൊപ്പം  ഭാരതാംബയുടെ വേഷമിട്ട വനിതയും കൂടി ആയപ്പോൾ  നഴ്‌സസ് അസോസിയേഷൻ ഫ്ലോട്ട് ഏറ്റവും ആകർഷകമായി. അസോസിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ചെയർമാൻ  സുബാഷ് കപാഡിയ, സ്ഥാപക  നേതാവ് ഹേമന്ത് ഷാ, പരേഡ്  കമ്മിറ്റി ചെയർ ഡെൻസിൽ ജോർജ്, തുടങ്ങിയവർ പരേഡിന് മുന്നിൽ അണിനിരന്നു. ബോളിവുഡിലെ ചെറുകിട നടിയെങ്കിലും മികച്ച ഗായികയായ കനിഷ്കാ  സോണി ആയിരുന്നു ഗ്രാൻഡ് മാർഷൽ.

യു.എസ്. കോൺഗ്രസ്സ് ഡിസ്ട്രിക്ട് 4-ൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന ന്യു യോർക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യക്കാരനായ സെനറ്റർ കെവിൻ തോമസ് പരേഡിൽ പങ്കു ചേർന്നത് ആവേശമായി.  മറ്റു സ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കാണുവാനും വോട്ട് അഭ്യർഥിക്കുവാനുമുള്ള അവസരമായി പരേഡിൽ പങ്കെടുത്തു. അതിൽ നാസ്സോ കൗണ്ടി ഡിസ്ട്രിക്ട് 13-ൽ നിന്നും ലെജിസ്ലേറ്റർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളിയായ  ബിജു ചാക്കോ,  ക്വീൻസിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടിൽ നിന്ന്  ന്യു യോർക്ക് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന  ജെയിംസ് ചോ എന്നിവരും ഉൾപ്പെടും.   ലൻഡ് ലീ ആണ്  ഡിസ്ട്രിക്ട് 23 ലെ  ആദ്യ ടെം  കൗൺസിലർ.

പ്രസിഡന്റ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ  ഫോമാ,  ജനറൽ സെക്രട്ടറി ഡോ. കലാ ഷഹിയുടെ നേതൃത്വത്തിൽ  ഫൊക്കാനാ,  ഇൻറർനാഷനൽ പ്രസിഡന്റ്  തോമസ് മൊട്ടക്കലിന്റെ നേതൃത്വത്തിൽ  വേൾഡ് മലയാളീ കൗൺസിൽ (ഗ്ലോബൽ), ഡോ. അന്നാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്‌സസ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള  എക്കോ,  ലീല മാരേട്ടിന്റെ നേതൃത്വത്തിൽ  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്,  ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്,  പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക തുടങ്ങിയ വിവിധ മലയാളീ സംഘടനകളുടെ ഫ്ളോട്ടുകൾ പരേഡിന് നിറപ്പകിട്ടാർന്നു.

 

ഉത്തർ പ്രദേശ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ജെയിൻ ടെമ്പിൾ  ഓഫ് ന്യൂയോർക്ക്, ക്വീൻസ് വില്ലേജ് റിപ്പബ്ലിക്കൻ ക്ലബ്ബ്, തുടങ്ങി നിരവധി മറ്റ് സംഘടനകളുടെ അംഗങ്ങളും പരേഡിൽ പങ്കെടുത്തവരിൽപ്പെടുന്നു.  കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ, സീറോ മലബാർ ചർച്ച്, ഡ്രം ബീറ്റ്‌സ് ഓഫ് ലോങ്ങ് ഐലൻഡ് എന്നീ ചെണ്ട ടീമുകളുടെ  ചെണ്ട മേളത്തിന്റെ അകമ്പടി   ഉല്ലാസപ്രദമായിരുന്നു.  മർച്ചന്റ്‌സ് അസോസിയേഷന്റെ ബാനറിനു  പിന്നിൽ ഒട്ടേറെ നേതാക്കൾ അണിനിരന്നു, തൊട്ടു പിറകിൽ ബൈക്കുകളിൽ ഒരു പറ്റം  യുവാക്കൾ. ഇത്തവണ ന്യു യോർക്ക് പൊലീസിലെ ദേശി ഓഫീസർമാരുടെ സംഘടനയും  അശ്വാരൂഢരായ പോലീസും ഇല്ലാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.

മോരും സോഫ്റ്റ് ഡ്രിങ്കും വിതരണം ചെയ്യാന്‍ ഹില്‍സൈഡിലെ കടകള്‍ വന്നത് പ്രശംസിക്കപ്പെട്ടു. പതിവ് പോലെ ക്വീൻസ്  റിപ്പബ്ലിക്കൻ കമ്മിറ്റി ഊർജ്വസലരായി പരേഡിൽ പങ്കെടുത്തു. ട്രംപിനെ അനുകൂലിക്കുന്ന  പതാകയും അവർ വഹിച്ചിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ലാറ്റിൽ ലീല മാരേട്ടിനു    പുറമെ   ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം,  പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗിൽസിയൻ ,  തുടങ്ങി വിവിധ നേതാക്കള്‍   അണിനിരന്നു. ഫൊക്കാനയുടെ ഫ്‌ളോട്ടില്‍ ജനറൽ സെക്രട്ടറി ഡോ. കല ഷഹിക്കു പുറമെ  മുൻ പ്രസിഡന്റ്  പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, തുടങ്ങി   ഒട്ടേറെ പേര്‍. ഫോമയുടെ ഫ്ലോട്ടിൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിനു പുറമെ   മുൻ ട്രഷറര്‍ ഷിനു ജോസഫ്, മുൻ ട്രഷററും  പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ  തോമസ് ടി ഉമ്മന്‍, തുടങ്ങി വിവിധ നേതാക്കൾ അണിനിരന്നു.

ഹില്‍സൈഡ് അവന്യുവില്‍ 263-ാം സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച പ്രകടനം 246-ാം സ്ട്രീറ്റില്‍ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് സ്‌കൂളിലാണ് സമാപിച്ചത്. സ്‌കൂളിലെ ഓഡിറ്റോറിയത്തിലായിരുന്നു യോഗവും കലാപരിപാടികളും. നേരത്തെ, 263 സ്ട്രീറ്റിലെ പടവന്‍- ഫെല്ലര്‍ പാര്‍ക്കിലെ  ഓപ്പൺ സ്റ്റേജില്‍  ആയിരുന്നു മീറ്റിംഗും കലാപരിപാടികളും. നട്ടുച്ചയിലെ യാത്രാദൂരം കുറക്കാനും മികച്ച ഓഡിറ്റോറിയത്തിനുമായാണ് പുതിയ മാറ്റമെങ്കിലും പഴയ  ഓപ്പൺ എയർ സ്റ്റേഡിയമായിരുന്നു നല്ലതെന്നു തോന്നി. പഴയ സ്ഥലത്തു  വിശാലമായ ടെന്റും, സ്റ്റാളുകളും എല്ലാമുണ്ടായിരുന്നപ്പോൾ ഇവിടെ പൊതുവെ  ശുഷ്കമായി അനുഭവപ്പെട്ടു .

യോഗത്തിനു തുടക്കം കുറിച്ച്  കഴിഞ്ഞ തവണത്തെപ്പോലെ  ഓർത്തഡോക്സ് സഭയിലെ ഫാ. ജോണ്‍ തോമസ് പ്രാര്‍ത്ഥന ചൊല്ലി. പ്രത്യേകം ഒരു മതവിഭാഗത്തിന്റേതല്ലാതെ സര്‍വേശ്വരനോടുള്ള അഭിസംബോധനയില്‍ രണ്ടു രാജ്യങ്ങളിലും അഭിവൃദ്ധിയും സമാധാനവും ഉണ്ടാകാനും വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.

 

പൊതുസമ്മേളനത്തിൽ ധാരാളം പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്തു. ന്യൂയോർക്ക് മേയർ എറിക്ക്  ആഡംസിന്റെ സാന്നിദ്ധ്യം   പ്രത്യേക ഉണർവ്വ് നൽകി.  മെർച്ചന്റ്സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് മേയറെ സദസ്സിനു പരിചയപ്പെടുത്തുകയും ഇന്ത്യ ഡേ പരേഡിന്റെ  പേരിലുള്ള സ്നേഹോപകരമായി പ്ലാക്‌ മേയർക്ക് സമ്മാനിക്കുകയും ചെയ്തു. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും  പ്രതീകമായി പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജ്   ഇന്ത്യൻ പതാകയും   അമേരിക്കൻ പതാകയും ചേർത്ത് മേയർക്ക് സമ്മാനിച്ചതും വേറിട്ടൊരനുഭവമായിരുന്നു.

പരേഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനവും മേയർ നിർവഹിച്ചു. ന്യൂയോർക്ക് അസ്സെംബ്ലിയിലെ ആദ്യ ഇന്ത്യൻ വനിതയാ  ജെന്നിഫർ രാജ്‌കുമാർ മേയറിന്  ഇന്ത്യൻ ജനതയോടുള്ള പ്രത്യേക മമതയും താൽപ്പര്യവും ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി ദിനത്തിൽ    സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ച  മേയർക്ക് അവർ നന്ദി പറഞ്ഞു.   സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെയാണ് ഇത് സ്വീകരിച്ചത്. വിവിധ ഡാൻസ് അക്കാദമികളിലെ കുട്ടികൾ നടത്തിയ ഡാൻസുകളും, ഗാനങ്ങളും, പ്രകടനങ്ങളും  മനോഹരമായി. ഇന്ത്യൻ നേഴ്‌സസ് അസ്സോസ്സിയേഷൻ അംഗങ്ങളുടെ ദേശഭക്തി ഡാൻസും നേഴ്സുമാരുടെ മക്കളുടെ പ്രത്യേക ഡാൻസ് പരിപാടിയും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.

FBIMA -യുടെ   ബോർഡ് അംഗം മാത്യു തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ   ഡോ. ഉജ്വല ഷാ (വൈസ്  പ്രസിഡൻറ്),  കിരിത് പഞ്ചമിയ (ട്രഷറർ), ജെയ്‌സൺ ജോസഫ് (പബ്ലിക് റിലേഷൻസ്), അശോക് ജെയിൻ, ആശ മാമ്പള്ളി, ജോർജ് സി. പറമ്പിൽ, കളത്തിൽ വർഗ്ഗീസ്, വി. എം. ചാക്കോ,  ബീനാ സഭാപതി, ഏലിയാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരേഡിന്റെ നടത്തിപ്പിന് പ്രത്യേക നേതൃത്വം നൽകി.

(മാത്യുക്കുട്ടി ഈശോയുടെ റിപ്പോർട്ടും ഷാജി എണ്ണശേരിലിന്റെ  ചിത്രങ്ങളും ഉൾപ്പടെ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular