Thursday, May 2, 2024
HomeKeralaകുട്ടിയെ വിട്ടുകിട്ടണമെന്ന് ഹര്‍ജി: കുട്ടിക്കു അഭിഭാഷകനെ നിയോഗിക്കണമെന്ന് ഹൈക്കോടതി

കുട്ടിയെ വിട്ടുകിട്ടണമെന്ന് ഹര്‍ജി: കുട്ടിക്കു അഭിഭാഷകനെ നിയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോഴിക്കോട് കുടുംബക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ കുട്ടിക്കു വേണ്ടി കുടുംബക്കോടതിയില്‍ സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടാണ് അഭിഭാഷകനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.

കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവു നല്‍കിയത്. ഹര്‍ജികള്‍ മൂന്നുമാസത്തിനകം കോഴിക്കോട് കുടുംബക്കോടതി തീര്‍പ്പാക്കാനും ഉത്തരവില്‍ പറയുന്നു.

മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. എട്ടര വയസുള്ള കുട്ടിയെ വിട്ടുകിട്ടാന്‍ പിതാവ് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പിന്നീട് ഇതില്‍ നടപടികള്‍ക്ക് മുതിര്‍ന്നില്ല. എന്നാല്‍ കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മ ഇതില്‍ ഉപഹര്‍ജി നല്‍കി. തുടര്‍ന്നു വാദം കേട്ട കുടുംബക്കോടതി കുട്ടിയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടു.

ഹര്‍ജിയില്‍ തുടര്‍ നടപടിക്ക് മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാന്‍ കുടുംബക്കോടതിക്ക് കഴിയുമോയെന്ന വിഷയമാണ് ഹൈക്കോടതി പരിഗണിച്ചത്. അമ്മയുടെ മാതാപിതാക്കള്‍ക്കെതിരെ പോക്‌സോ കേസ് നിലവിലുള്ളതും ഡിവിഷന്‍ ബെഞ്ചില്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് ഈ വിഷയത്തില്‍ കുട്ടിയുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ കുട്ടിയെ പ്രതിനിധീകരിച്ച്‌ ഒരു അഭിഭാഷകനെ വയ്ക്കുന്നത് ഉചിതമാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നത്.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ ഭാഗമായ വിക്ടിം റൈറ്റ്‌സ് സെന്‍ററിലെ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററായ അഡ്വ. പാര്‍വതി മേനോനാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. പലപ്പോഴും ഇത്തരം തര്‍ക്കങ്ങളില്‍ കുട്ടി ആര്‍ക്കൊപ്പമാണോ നില്‍ക്കുന്നത് അവരുടെ അഭിഭാഷകനാവും കുട്ടിയുടെ കാര്യങ്ങള്‍ കോടതിയില്‍ പറയുന്നത്. ഇതു കുട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നതാവണമെന്നില്ല.

കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്കുവേണ്ടി അഭിഭാഷകനെ നിയോഗിക്കുന്ന പദ്ധതി നിലവിലുണ്ടെന്നും പാര്‍വതി മേനോന്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ ഈ വസ്തുതകളെല്ലാം ഉള്‍ക്കൊള്ളിച്ച്‌ കുട്ടികള്‍ക്കായി സ്വതന്ത്ര അഭിഭാഷകനെ വയ്ക്കുന്ന ഒരു പദ്ധതി എന്ന ആശയം അഡ്വ. പാര്‍വതി നേരത്തെ മുന്നോട്ടു വച്ചിരുന്നു. ആ നിര്‍ദേശം ഈ കേസില്‍ നടപ്പാക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular