Wednesday, May 8, 2024
HomeGulfപരിസ്ഥിതിക്ക് പരിക്കില്ല; ഇത് പുതുപുത്തൻ മാതൃക

പരിസ്ഥിതിക്ക് പരിക്കില്ല; ഇത് പുതുപുത്തൻ മാതൃക

ബൂദബി: യു.എ.ഇയുടെ പരിസ്ഥിതിസൗഹൃദ നയത്തിന് കരുത്തുപകര്‍ന്ന് അബൂദബിയില്‍ മൂന്ന് ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു.

ഊര്‍ജ ഉപഭോഗവും കാര്‍ബണ്‍ പുറന്തള്ളലും കുറച്ചുകൊണ്ട് ഭാവിയിലേക്ക് മികച്ച മാതൃകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കെട്ടിടനിര്‍മാണത്തിനുള്ളത്. അബൂദബിയിലെ സുസ്ഥിര നഗരപദ്ധതിയായ മസ്ദര്‍ സിറ്റിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈവര്‍ഷം ആദ്യം കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും. ഏറ്റവും നൂതനമായ സംവിധാനങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചൂട് പ്രകൃതിദത്തമായി തന്നെ കുറച്ചുകൊണ്ടുവരുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.

എൻ.ഇസെഡ്-1 എന്ന പേരിലാണ് ആദ്യ കെട്ടിടം അറിയപ്പെടുക. ഇത് പൂര്‍ണമായും ഓഫിസ് ആവശ്യങ്ങള്‍ക്കുള്ളതായിരിക്കും. എച്ച്‌.ക്യൂ ബില്‍ഡിങ്ങാണ് രണ്ടാമത്തേത്. ഇത് 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കമേഴ്സ്യല്‍ കെട്ടിടമായ എച്ച്‌.ക്യൂവില്‍ ഊര്‍ജലഭ്യതക്കായി 1033 സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമായതിനേക്കാള്‍ ഒമ്ബതു ശതമാനം ഊര്‍ജം ഇതുവഴി ഉല്‍പാദിപ്പിക്കാനാവും. ബാക്കിവരുന്നത് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ ഗ്രഡിലേക്ക് മാറ്റും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 102 ശതമാനം ഊര്‍ജ ഉപയോഗം കുറച്ചാണ് കെട്ടിടത്തിന് ആവശ്യമായി വരുക. 2025ല്‍ പൂര്‍ത്തിയാക്കാൻ ലക്ഷ്യമിടുന്ന മറ്റൊരു കെട്ടിടമായ ലിങ്ക്സ് കോ-ലാബ് എന്ന കെട്ടിടം താമസത്തിനും ജോലിക്കും സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി ഉല്‍പാദിപ്പിക്കുന്ന ഊര്‍ജവും ഉപയോഗശേഷം ബാക്കിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെട്ടിടത്തില്‍ നിന്നുതന്നെ കണ്ടെത്തുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. ഡീസല്‍ ഇന്ധന ഉപയോഗം പൂര്‍ണമായും ഇല്ലാത്ത മാതൃകയാണ് ഇതുവഴി മുന്നോട്ടുവെക്കുന്നത്. 2021ല്‍ പ്രഖ്യാപിച്ച്‌ യു.എ.ഇയുടെ നെറ്റ് സീറോ-2050 പദ്ധതിയുമായി ചേര്‍ന്നാണ് കെട്ടിടത്തിന്‍റെ ആശയം വികസിപ്പിച്ചത്.

ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28)ക്ക് യു.എ.ഇ ആതിഥ്യമരുളുന്ന സാഹചര്യത്തില്‍ കൂടിയാണ് പരിസ്ഥിതി സൗഹൃദപരമായ കെട്ടിടം നിര്‍മിച്ച്‌ മാതൃക കാണിക്കുന്നത് എന്ന സവിശേഷതകൂടിയുണ്ട്. മസ്ദാര്‍ സിറ്റിയില്‍ സമാനമായ പദ്ധതികള്‍ ഭാവിയില്‍ കൂടുതലായി ആലോചിക്കുന്നുണ്ടെന്ന് പദ്ധതിയുടെ എക്സി. ഡയറക്ടര്‍ മുഹമ്മദ് അല്‍ ബറായികി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular