Monday, May 6, 2024
HomeKeralaജി 20 ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം സജ്ജം; എഐ ക്യാമറകള്‍, ഡ്രോണുകള്‍ തുടങ്ങി പഴുതടച്ച സുരക്ഷ

ജി 20 ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം സജ്ജം; എഐ ക്യാമറകള്‍, ഡ്രോണുകള്‍ തുടങ്ങി പഴുതടച്ച സുരക്ഷ

ല്‍ഹി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്.

സെപ്തംബര്‍ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിൻറെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ 300 ട്രെയിനുകള്‍ റദ്ദാക്കി. 36 ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും.

ലോകനേതാക്കള്‍ തങ്ങുന്ന ഹോട്ടലുകളിലും അവരുടെ സഞ്ചാരപാതയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡുകള്‍ നവീകരിച്ചും പാതയോരങ്ങളില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചും മോടി കൂട്ടി. സമ്മേളന പ്രതിനിധികളുടെ സഞ്ചാരപാതയ്ക്കു പുറത്തുവരെയുള്ള ചേരികള്‍ കെട്ടിമറയ്ക്കാനും അധികൃതര്‍ മറന്നില്ല.

വഴിവക്കിലെ അനധികൃത കൈയേറ്റങ്ങള്‍ നേരത്തെ ഒഴിപ്പിച്ച ഡിഡിഎ അധികൃതര്‍ ഫ്ളൈ ഓവറുകള്‍ക്കു താഴെ കഴിയുന്നവരെയും അവിടെനിന്നു നീക്കി. തുഗ്ലക് ബാഗ്, മെഹറോളി പ്രദേശത്തെ അനധികൃത ചേരികള്‍ ഒഴിപ്പിച്ചു. ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ചേരികളും നീല ഷീറ്റുകള്‍കൊണ്ടു മറച്ചിട്ടുണ്ട്. നോയിഡ സെക്‌ടര്‍ 16ല്‍ കടകളും ചേരികളും ഇത്തരത്തില്‍ മറച്ചു.

എഐ കാമറകള്‍, സോഫ്റ്റ്‌വേര്‍ അലാറങ്ങള്‍, ഡ്രോണുകള്‍ എന്നിവയിലൂടെ ഓരോ ചലനങ്ങളും നിരീക്ഷിക്കും. ലോകനേതാക്കളും പ്രതിനിധികളും തങ്ങുന്ന ഹോട്ടലിലും വിവിധ സമ്മേളനസ്ഥലങ്ങളിലും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാൻഡോകളെയും ആര്‍മി സ്നൈപ്പര്‍ സംഘത്തെയും വിന്യസിക്കും.

ഡല്‍ഹി നഗരത്തില്‍ കുരങ്ങുശല്യം രൂക്ഷമാണ്. ജി 20വേദികളായ പഞ്ച നക്ഷത്രഹോട്ടല്‍ പരിസരങ്ങളില്‍നിന്ന് കുരങ്ങുകളെ ഓടിക്കാൻ ലംഗൂറുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലംഗൂറുകളെ കണ്ടാല്‍ സാധാരണ കുരങ്ങുകള്‍ ഓടിയൊളിക്കാറുണ്ട്. ലംഗൂറുകളുടെ ശബ്‌ദം അനുകരിക്കുന്ന 40 പേരെ വിവിധ സ്ഥലങ്ങളിലായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷൻ അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദിയുടെ മുഹമ്മദ് ബിൻ സല്‍മാൻ എന്നീ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular