Monday, May 6, 2024
HomeKeralaസമരവാഴക്കുലക്ക് ലേലത്തില്‍ കിട്ടിയത് 17,150

സമരവാഴക്കുലക്ക് ലേലത്തില്‍ കിട്ടിയത് 17,150

മംഗലപുരം: കെ-റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി മുരുക്കുംപുഴയില്‍ നടന്ന ലേലത്തില്‍ സമരവാഴക്കുലക്ക് 17,150 രൂപ ലഭിച്ചു.

ആവേശകരമായ കൂട്ടലേലത്തില്‍ മുരുക്കുംപുഴ ചെറുകായല്‍ക്കര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ തുളസി വാഴക്കുല സ്വന്തമാക്കി. മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ലേലം ഉദ്ഘാടനം ചെയ്തു. കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന രക്ഷാധികാരി കേശവ പ്രസാദ് അധ്യക്ഷനായി. സിറാജുദ്ദീൻ കരിച്ചാറ, ജില്ല കണ്‍വീനര്‍ എ. ഷൈജു, അഹമ്മദാലി, ആര്‍. കുമാര്‍, മംഗലപുരം മൻസൂര്‍, ജെ.എ. നൗഫല്‍, ഹാഷിം, നസീറ സുലൈമാൻ, നസീര്‍ തോപ്പുമുക്ക്, ജയമണി എസ്, ശശി പള്ളിപ്പുറം, എസ്.കെ. സുജി, മുഹമ്മദ് ഈസ, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം നട്ട സമരവാഴയുടെ വിളവെടുപ്പും ലേലവുമാണ് നടന്നത്. ലേലത്തുക ആലപ്പുഴ ചെങ്ങന്നൂരില്‍ ഒറ്റമുറി കുടിലിന്റെ അടുപ്പില്‍ കെ-റെയില്‍ മഞ്ഞക്കുറ്റിയിട്ട തങ്കമ്മയുടെ ഭവന നിര്‍മാണ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ റെയില്‍ ജീവനക്കാര്‍ ഇട്ട കുറ്റി പ്രതിഷേധത്തിന്റെ ഭാഗമായി പിഴുതുകളഞ്ഞപ്പോള്‍ സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ മഞ്ഞക്കുറ്റി അതേ അടുപ്പില്‍ തിരികെ സ്ഥാപിക്കുകയും ചെയ്തിരുന്നു. താൻ ജീവനോടെ ഉണ്ടെങ്കില്‍ തങ്കമ്മക്ക് വീട് വെച്ച്‌ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ സ്ഥലം എം.എല്‍.എ നാളിതുവരെ വാക്കുപാലിക്കാൻ തയാറായിട്ടില്ലെന്ന് സമര സമിതി അധികൃതര്‍ ആരോപിച്ചു.

ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിലെ സമര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീട് നിര്‍മാണം ഏറ്റെടുക്കുകയും ജനകീയ കമ്മിറ്റി രൂപവത്കരിച്ച ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തത്. ഭവന നിര്‍മാണ ഫണ്ടിലേക്കാണ് വാഴക്കുലയുടെ ലേലത്തുക കൈമാറുന്നത്. കെ റെയിലിന് വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ സമരവാഴ നട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular