Sunday, May 5, 2024
Homeസിപിഎമ്മിനെ പിന്തുടരുന്ന എം.എന്‍ വിജയന്‍

സിപിഎമ്മിനെ പിന്തുടരുന്ന എം.എന്‍ വിജയന്‍

പ്പോഴപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചിലരുടെ സ്വഭാവം മലയാളികള്‍ പഴഞ്ചൊല്ല് ആയിത്തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഈ സ്വഭാവം ശക്തമായി നടപ്പാക്കുന്ന ഒരു പ്രസ്ഥാനമായി കേരളത്തിലെ സിപിഎമ്മും അവരുടെ പോഷകസംഘടനയായ പുരോഗമന കലാസാഹിത്യ സംഘവും മാറിയിരിക്കുന്നു. പക്ഷേ പൊതുജനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സിപിഎമ്മിന്റെ പൊള്ളത്തരവും കള്ളത്തരവും തുറന്നുകാട്ടുന്നു. മാത്രമല്ല പരിഹസിച്ച്‌ അപഹസിച്ച്‌ നിലംപരിശാക്കുകയും ചെയ്യുന്നു. എം.എന്‍.വിജയന്‍ സ്മൃതിയിലും ഇതു തന്നെയാണ് കേരളം കണ്ടത്.

ഷാജി.എന്‍.കരുണും അശോകന്‍ ചരുവിലും ഭാരവാഹികളായി വന്നതിനുശേഷം പു.ക.സ.യുടെ അന്തസ്സില്ലാത്ത രാഷ്‌ട്രീയം യാതൊരു മറയുമില്ലാതെ പുറത്തുവന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. പു.ക.സ.ക്ക് രാഷ്‌ട്രീയം ഉണ്ടെങ്കിലും നേരത്തെ യാതൊരു തത്വദീക്ഷയും ഇല്ലാതെ സിപിഎമ്മിനെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് പതിവില്ലായിരുന്നു. അടുത്തിടെയായി വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം സിപിഎം ചെയ്ത അല്ലെങ്കില്‍ ചെയ്യുന്ന ന്യായീകരിക്കാന്‍ കഴിയാത്ത എല്ലാ അതിക്രമങ്ങളെയും അഴിമതികളെയും ഒക്കെ ന്യായീകരിക്കാനും പിന്തുണയ്‌ക്കാനും പാര്‍ട്ടിയുടെ പ്രഖ്യാപിത പെയ്ഡ് ന്യായീകരണ തൊഴിലാളികളേക്കാള്‍ മോശമായ രീതിയില്‍ രംഗത്തെത്തുന്നത് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറിയായ അശോകന്‍ ചരുവിലാണ്. നേരത്തെ പിഎസ്‌സി അംഗമായ ചരുവിലിന് ഒരു എഴുത്തച്ഛന്‍ പുരസ്‌കാരം കൂടി നല്‍കി അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ച്‌, ഒതുക്കി ഇരുത്തണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷിക്കുകയാണ്.

ശബരിമല അയ്യപ്പനും തിരുവനന്തപുരത്ത് ശ്രീപത്മനാഭനും ഗുരുവായൂരിലെ കൃഷ്ണനും ദേവി മൂകാംബികയും ഒക്കെ ജീവിതത്തിന്റെ ഭാഗമായ, അല്ലെങ്കില്‍ ജീവിതത്തില്‍ ജീവനേക്കാള്‍ വലുതായി കാണുന്ന ഒരു ജനസമൂഹം ഉണ്ട് കേരളത്തില്‍. മതവിശ്വാസങ്ങള്‍ക്ക് പോലും അപ്പുറത്ത് ഈ ദൈവങ്ങളെ കാണുന്ന ധാരാളം പേരും ഉണ്ട്. അവരുടെയൊക്കെ ഏറ്റവും വലിയ സ്വപ്‌നം ആ വിഗ്രഹത്തില്‍ ഒന്ന് തൊടുക അല്ലെങ്കില്‍ അഭിഷേകം നടത്തുക ഒക്കെയാണ്. അയ്യപ്പസ്വാമിയുടെ അഭിഷേകം നടത്തിയ ഒരുതുള്ളി നെയ്യിനും ഗുരുവായൂരില്‍ ഭഗവാനെ ചൂടിച്ച ഒരു തുളസിക്കതിരിനും പത്മനാഭനെ പൂജിച്ച ഒരു താമര ഇതളിനും മൂകാംബികയില്‍ ദേവിക്ക് നിവേദിച്ച അല്പം ത്രിമധുരവും ഒക്കെ അമൃതിനേക്കാള്‍ വലുതായി കാണുന്നവരാണ് ഭക്തന്മാര്‍. ഒരു സാധാരണ ഭക്തനെന്ന നിലയില്‍ ശബരിമല അയ്യന്റെ വിഗ്രഹത്തില്‍ ഒന്ന് തൊടാനും അദ്ദേഹത്തെ അഭിഷേകം ചെയ്യാനും ഒക്കെ കഴിയുന്ന രീതിയില്‍ അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ആകണമേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നുപറഞ്ഞ സുരേഷ് ഗോപിക്കെതിരെ അശോകന്‍ ചരുവില്‍ ഉയര്‍ത്തിയ ആരോപണം ജാതീയതയുടെയും ബ്രാഹ്മണ്യത്തിന്റെയുമാണ്.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ അല്ല സുരേഷ് ഗോപി ഈ സ്വപ്‌നം പങ്കുവെച്ചത്. തികച്ചും ഭക്തിയുടെയും വിശ്വാസത്തെയും ഇഴപിരിക്കാന്‍ ആകാത്ത മനസ്സിലെ സ്വപ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹം പങ്കുവെച്ചത്. അതുപോലും ബ്രാഹ്മണിക്കല്‍ ഹെജിമണി ആണെന്നും സുരേഷ് ഗോപി ബ്രാഹ്മണ്യത്തിന്റെ ദാസന്‍ ആണെന്നും പ്രചാരണം നടത്താനുള്ള അശോകന്‍ ചരുവിലിന്റെ തത്രപ്പാടും തന്ത്രവും കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. തൃശ്ശൂരില്‍ കാറ്റ് മാറി വീശുകയാണ്. അതിന്റെ തത്രപ്പാടാണ് ചരുവിലിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍. ഒരു മനുഷ്യനെ മനുഷ്യനായി ജാതിയും മതവും ഇല്ലാതെ കാണാന്‍ കഴിയുന്നില്ല പുരോഗമന കലാസാഹിത്യത്തിനും സിപിഎമ്മിനും എങ്കില്‍ നിങ്ങളുടെ രാഷ്‌ട്രീയത്തിന്റെ വിഷം എത്രമാത്രമാണ് എന്ന് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു.

ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് പ്രൊഫ. എം എന്‍ വിജയന്‍ സ്മൃതിയാത്രയിലും ഉണ്ടായത്. മൂന്നാംലോകവാദത്തിന്റെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സിപിഎമ്മില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ് പ്രൊഫ. വിജയനെ. കേരളം മുഴുവന്‍ രാഷ്‌ട്രീയത്തിന് അതീതമായി ആദരവോടെ കണ്ടിരുന്ന ധൈഷണിക പ്രതിഭയായിരുന്നു പ്രൊഫ. വിജയന്‍. എത്ര നല്ല മരം ആണെങ്കിലും മുകളിലേക്ക് ചാഞ്ഞാല്‍ വെട്ടിമാറ്റും എന്നായിരുന്നു അന്ന് വിജയനെ പുറത്താക്കുമ്ബോള്‍ സിപിഎം പറഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴേക്കും പ്രൊഫ. വിജയന്റെ വീട് തിരഞ്ഞ് അവിടെനിന്ന് സ്മൃതിയാത്ര നടത്തി സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ഒരു ഉണര്‍വ് സൃഷ്ടിക്കാന്‍ ആയിരുന്നു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നീക്കം.

എടവിലങ്ങിലെ എം.എന്‍. വിജയന്റെ വസതിയില്‍ നിന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മൃതിയാത്ര പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. ഇടവിലങ്ങിലെ ചന്തയില്‍ നിന്ന് തുടങ്ങും എന്നാണ് പിന്നീട് പോസ്റ്റര്‍ വന്നത്. എന്നാല്‍ ഇങ്ങനെ സ്മൃതിയാത്ര നടത്തുന്നതായി വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായ മകളെയോ വിജയന്‍മാഷുടെ മകനും പ്രമുഖ എഴുത്തുകാരനുമായ വി.എസ്.അനില്‍കുമാറിനെയോ അറിയിച്ചിരുന്നില്ല. അതിനിടെ തീരുമാനത്തിനെതിരെ അനില്‍കുമാര്‍ നേരിട്ട് രംഗത്തുവന്നതോടെ പുരോഗമന കലാസാഹിത്യ സംഘവും സിപിഎമ്മും വെട്ടിലായി. പ്രൊഫസര്‍ എം.എന്‍.വിജയന്റെ മകന്‍ വി.എസ്. അനില്‍കുമാര്‍ പു.ക.സ നേതൃത്വത്തോട് ഉയര്‍ത്തിയ ചോദ്യം ‘എന്താണ് ഞങ്ങള്‍ മറക്കേണ്ടത്’ എന്നതായിരുന്നു. ഞങ്ങള്‍ എന്നാല്‍ വീട്ടുകാര്‍ എന്ന ചുരുക്കരുതെന്നും എം.എന്‍.വിജയന്റെ ചിന്തകള്‍ ശരിയാണെന്ന് കരുതുന്നവര്‍ മുഴുവനാണെന്നും അദ്ദേഹം പ്രതികരണത്തില്‍ പറഞ്ഞു. എം.എന്‍.വിജയന്‍ സ്മൃതി എന്ന പോസ്റ്ററില്‍ അച്ചടിക്കുമ്ബോഴേക്കും ഞങ്ങള്‍ക്ക് ഭയങ്കര ആവേശം ഉണ്ടാകും എന്നാണോ നിങ്ങള്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പേരില്‍ യാത്ര നടത്താനുള്ള തീരുമാനം ധാര്‍മികതയില്ലാത്ത, നൈതികതയില്ലാത്ത സമീപനവും പ്രവൃത്തിയുമായി.

മറവിരോഗം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറക്കാം. പുരയ്‌ക്കുമേല്‍ ചാഞ്ഞ ഒരു പാഴ്മരമല്ല എം.എന്‍.വിജയന്‍ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കായ്ഫലമുള്ള മരങ്ങള്‍ പുരയ്‌ക്കുമേല്‍ ചാഞ്ഞാല്‍ വെട്ടി മാറ്റുകയല്ല, വലിച്ചുകെട്ടി സംരക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എം.എന്‍.വിജയന്‍ നിസ്സാരനാണ്, ബുദ്ധിയില്ലാത്തവനാണ്, പുരയ്‌ക്കുമേല്‍ ചാഞ്ഞ മരം വെട്ടുമാറ്റുക തന്നെ വേണമെന്ന ആഘോഷമാണ് അന്ന് ഉണ്ടായത്. മലപ്പുറം സമ്മേളനത്തിന്റെ ഭാഗമായി ആദ്യം പ്രസംഗം നടത്താന്‍ ക്ഷണം ലഭിച്ച അദ്ദേഹത്തിന്റെ പേര് പിന്നീട് വെട്ടി മാറ്റുകയായിരുന്നു. അതൊരു പരസ്യ ശിക്ഷയായിരുന്നു.

എം.എന്‍. വിജയന്‍ പുരോഗമന കലാസാഹിത്യസംഘം അധ്യക്ഷ സ്ഥാനം രാജിവച്ചു പോകുമ്ബോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചോ? അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായോ? എം.എന്‍.വിജയനെ പാര്‍ട്ടി തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ എന്താണ് ഇപ്പോള്‍ പുരോഗമന കലാസാഹിത്യസംഘത്തിന് വിചിന്തനം ഉണ്ടായതെന്നും അനില്‍കുമാര്‍ ചോദിച്ചു. ഈ പ്രതികരണങ്ങള്‍ പുറത്തുവന്നതോടെ സ്മൃതിയാത്ര എം.എന്‍. വിജയന്റെ വസതിയില്‍ നിന്നും ചന്തയിലേക്ക് മാറ്റുകയും പരിപാടി തന്നെ ഉള്‍വലിയുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. പിണറായി വിജയന്‍ നായകനായുള്ള സിപിഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞാണ് ദേശാഭിമാനി പത്രാധിപ സ്ഥാനവും പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷ സ്ഥാനവും രാജിവെച്ച്‌ എം.എന്‍.

വിജയന്‍ പുറത്തുവന്നത്. തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ അതിനിശിതമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. സംസ്ഥാനത്തുടനീളം പിണറായി വിജയന്റെ സ്വേച്ഛാധിപത്യത്തിനെതിരെ എം.എന്‍.വിജയന്‍ പ്രസംഗിച്ചു. പാഠം എന്ന മാസികയിലൂടെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായ ദാര്‍ശനികവും സൈദ്ധാന്തികവുമായ അപചയവും അതിന്റെ നാനാതലങ്ങളെയും അഴിമതി കാര്‍ന്നുതിന്നതും രേഖകളടക്കം പാഠത്തിലൂടെ പുറത്തുവന്നു.

എം.എന്‍.വിജയനെ അനുകൂലിച്ചിരുന്നവരും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഒക്കെ ചേര്‍ന്ന് രൂപംകൊടുത്ത അധിനിവേശ പ്രതിരോധ സമിതി അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ വിദേശബന്ധത്തെ തുറന്നുകാട്ടി. ജനകീയാസൂത്രണത്തിന്റെ പേരില്‍ നടത്തിക്കൂട്ടിയ വിക്രിയകള്‍ കൂടി അവര്‍ തുറന്നുകാട്ടിയതോടെ പ്രൊഫസര്‍ പൂര്‍ണ്ണമായും സിപിഎമ്മിന്റെ കണ്ണിലെ കരടാവുകയായിരുന്നു. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പ്രൊഫസര്‍ വിജയന്‍. മരണത്തില്‍ പോലും വ്യത്യസ്തത പുലര്‍ത്തിയ ധിഷണാശാലിയോട് മരണത്തിനുശേഷവും പൊറുക്കാന്‍ സിപിഎം തയ്യാറായില്ല. കൊടുങ്ങല്ലൂരില്‍ എം.എന്‍.വിജയന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജില്ലാ നേതാക്കളോ സംസ്ഥാന നേതാക്കളോ മാത്രമല്ല, പാര്‍ട്ടി ഏരിയ സെക്രട്ടറി പോലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയില്ല.

മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ നിര്യാണത്തില്‍ ഒരു അനുശോചന കുറിപ്പ് പോലും പുരോഗമന കലാസാഹിത്യസംഘം പുറപ്പെടുവിച്ചുമില്ല. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഒരു അനുസ്മരണയോഗം സംഘടിപ്പിച്ചതുമില്ല. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അനുശോചനക്കുറിപ്പ് എഴുതിയിരുന്നു, ‘നല്ല കലാലയ അധ്യാപകന്‍’ എന്നായിരുന്നു പിണറായി വിജയന്‍ അനുസ്മരണക്കുറുപ്പില്‍ പ്രൊഫസര്‍ വിജയനെ വിശേഷിപ്പിച്ചത്. ദേശാഭിമാനിയിലും ഇടതുപക്ഷ നേതൃനിരയിലും സൈദ്ധാന്തികവും ആദര്‍ശപരവുമായി അദ്ദേഹം പുലര്‍ത്തിയ അഭിമാനാര്‍ഹമായ പോരാട്ടവും മിന്നല്‍പിണര്‍ പോലെയുള്ള പ്രവര്‍ത്തനവും സാഹിത്യ സാംസ്‌കാരിക രംഗത്തെ നേട്ടങ്ങളും വിസ്മൃതിയിലാക്കിയത് സിപിഎം നേതൃത്വം തന്നെയായിരുന്നു.

ഇപ്പോള്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ പ്രൊഫ.എം.എന്‍ വിജയനെ തേടിയെത്തിയത് ആകസ്മികമാണെന്ന് ആരും കരുതുന്നില്ല. ആശയപരമായും സൈദ്ധാന്തികമായും ദാര്‍ശനികമായും കമ്മ്യൂണിസം എന്ന ചിന്ത ലോകം മുഴുവന്‍ തകര്‍ന്നടിയുമ്ബോള്‍ അധികാരവും അഴിമതിയും സ്വജനപക്ഷപാതവും കരുവന്നൂര്‍ പോലെയുള്ള കൊള്ളയും ആയി കുറച്ചുകാലം കൂടി കേരളത്തില്‍ പിടിച്ചു നിന്നേക്കാം. അത് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലും ചവറ്റുകുനയിലാകും എന്നകാര്യം മറക്കണ്ട. ആ ചവറ് കത്തിക്കാനും പാര്‍ട്ടി സംസ്ഥാന നേതാവിന്റെ മരുമകന് തന്നെ കരാര്‍ കൊടുത്താല്‍ നന്നാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular