Saturday, May 4, 2024
HomeKeralaക്ഷേത്രങ്ങള്‍ കമ്മ്യുണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുക ലക്ഷ്യം; കുമ്മനം രാജശേഖരന്‍

ക്ഷേത്രങ്ങള്‍ കമ്മ്യുണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുക ലക്ഷ്യം; കുമ്മനം രാജശേഖരന്‍

ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വന്ന് പാര്‍ട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറിന് പിന്നിലുളളത്.

തീവ്രവാദ പ്രസ്ഥാനമാണെന്ന് വരുത്തിത്തീര്‍ത്ത് ആര്‍.എസ്.എസിനെ ക്ഷേത്രങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി തുടച്ചു നീക്കുകയും ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ വരുതിയിലാക്കി കമ്മ്യുണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോര്‍ഡിന്റെ ലക്ഷ്യം.
ക്ഷേത്രാചാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ വിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനം ആര്‍.എസ്.എസ് നടത്തുന്നതായി ദേവസ്വം ബോര്‍ഡ് യുക്തി ഭദ്രമായി തെളിയിച്ചിട്ടില്ല. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും ആചാരസംരക്ഷണത്തിനും ഒട്ടേറെ ത്യാഗം സഹിച്ചിട്ടുളളവരാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. അന്യാധീനപ്പെട്ടു പോയ ദേവസ്വം ഭൂമി വീണ്ടെടുക്കാനും ജീര്‍ണ്ണോദ്ധാരണം നടത്തി നവീകരിക്കാനും എക്കാലവും മുൻപന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1983ല്‍ നിലക്കല്‍ പള്ളിയറക്കാവ് തച്ചുതകര്‍ത്തപ്പോള്‍ ക്ഷേത്ര സംരക്ഷണച്ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഉള്‍പ്പടെയുള്ള അധികാരികള്‍ ആര്‍എസ്‌എസ് കാര്യാലയത്തില്‍ വന്നതും ബോര്‍ഡിനു വേണ്ടി പ്രവര്‍ത്തകര്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചതും മറക്കാൻ സമയമായിട്ടില്ല. .പോലീസുകാര്‍ പണിമുടക്കിയപ്പോള്‍ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സേവന സന്നദ്ധരായി പെട്ടെന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡിന് തുണയായെത്തിയത് ഇപ്പോഴത്തെ ദേവസ്വം അധികാരികള്‍ക്ക് അറിവുണ്ടാവില്ല. വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലെ നാണയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു പോയപ്പോഴും ഏറ്റുമാനൂരപ്പന്റെ തങ്കവിഗ്രഹം മോഷണം പോയപ്പോഴും പുതിയകാവ് ക്ഷേത്ര മൈതാനം അന്യാധീനപ്പെട്ടപ്പോഴും ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ വെടിവെപ്പ് ഉണ്ടായപ്പോഴും ബോര്‍ഡിനൊപ്പം നിന്ന് പോരാടാൻ ആര്‍ എസ് എസ് ഉണ്ടായിരുന്നു. അങ്ങനെ “എത്ര എത്ര സന്ദര്‍ഭങ്ങള്‍”.

ഔദാര്യമോ സൗജന്യമോ, മുൻഗണനയോ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ന് കിട്ടണമെന്ന ഉദ്ദേശത്തോടെയല്ല മേല്‍ വിവരിച്ച സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രങ്ങളുടെയും താല്‍പ്പര്യത്തിന് വിരുദ്ധമായി ആര്‍.എസ്.എസ് ഒന്നും ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ, ആയുധ പരിശീലനം നടത്തുന്നു എന്ന പച്ച നുണ പറഞ്ഞ് ആര്‍.എസ്.എസിനെ വേട്ടയാടുന്നത് രാഷ്ടീയ ലക്ഷ്യം വച്ചു കൊണ്ടാണ്.
ആര്‍.എസ്.എസ് ക്ഷേത്രങ്ങള്‍ക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണക്കിലെടുക്കാനോ മനസ്സിലാക്കാനോ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. നന്ദി വേണ്ടാ. നിന്ദ എന്തിനാണ് ? സ്വന്തം രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.

ആര്‍.എസ്.എസിനെ ഉന്മൂലനം ചെയ്തുവെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് സ്വാര്‍ത്ഥ രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനും അഴിമതി നടത്താനും സാധിക്കു എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനാധാരം.
ചിത്രങ്ങളും ഏകവര്‍ണ്ണമുളള കൊടിതോരണങ്ങളും ക്ഷേത്രങ്ങളില്‍ പാടില്ലെന്നാണ് പുതിയ നിയമം. ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങാണ് കൊടിയേറ്റ്. എകവര്‍ണ്ണത്തിലുളളതാണ് പല ക്ഷേത്രങ്ങളിലേയും ധ്വജം. ശബരിമല, ശിവഗിരി, പഴനി തീര്‍ത്ഥാടകര്‍ യാത്രാമദ്ധ്യേ ഏക വര്‍ണ്ണമുളള കൊടികളുമായാണ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറ്. കാവിയോടാണ് എതിര്‍പ്പെങ്കില്‍ സന്യാസിമാര്‍ക്കും വിലക്ക് വരും. നിറങ്ങളോടുളള ദേവസ്വം ബോര്‍ഡിന്റെ വിരോധം ബഹുസ്വരതയും ആചാരവൈവിധ്യവുമുളള ഹിന്ദു സമുഹത്തിന്റെ വിശാല കാഴ്ചപ്പാടിന് വിരുദ്ധമാണ്.

ക്ഷേത്രപരിസരത്ത് മറ്റ് പ്രവര്‍ത്തനമൊന്നും പാടില്ലന്നാണ് ബോര്‍ഡ് അനുശാസിക്കുന്നത്. ഇതു മൂലം ദേവസ്വം ജീവനക്കാരുടെ യൂണിയൻ പ്രവര്‍ത്തനം മാത്രമല്ല ഗീതാജ്ഞാന യജ്ഞം, സപ്താഹയജ്ഞം, തുടങ്ങി ഭക്ത ജന കൂട്ടായ്മയിലൂടെ നടത്തി വരുന്ന പല ആധ്യാത്മിക, ധാര്‍മ്മിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടി വരും. ഓരോ ക്ഷേത്രത്തിലും അതിന്റെതായ ചരിത്രപരവും ആചാരപരവുമായ സവിശേഷതകളിലൂടെ നില നിന്നു വരുന്ന ഭക്ത ജനസംരംഭങ്ങളും കൂട്ടായ്മകളും ഉണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാലുളള ഭവിഷ്യത്ത് വളരെ വലുതാണ്.

ആയുധ പരിശീലനത്തെ എതിര്‍ക്കുന്നത് ആയുധത്തോടുള്ള അസഹിഷ്ണുത കൊണ്ടാണെങ്കില്‍ വെളിച്ചപ്പാടിനെയും ആയുധധാരികളായ ദേവീദേവന്മാരെയും ക്ഷേത്ര മതിലിന് പുറത്താക്കേണ്ടി വരും. പുതിയ സര്‍ക്കുലര്‍ പ്രകാരം ആയുധപൂജ, വേലകളി തുടങ്ങിയവയ്‌ക്കെതിരെയും നടപടി സ്വീകരിക്കാനിടയുണ്ട്. കളരിയും വ്യായാമശാലകളും യോഗവിദ്യാപീoങ്ങളുo ഗ്രന്ഥശാലയുമെല്ലാമടങ്ങുന്ന സാമൂഹ്യ ജീവിത കേന്ദ്ര ബിന്ദുക്കളാണ് ക്ഷേത്രങ്ങള്‍ .പണം കായ്‌ക്കുന്ന മരമായി ക്ഷേത്രത്തെ കാണുന്നവരുടെ നോട്ടം കാണിക്കവഞ്ചിയില്‍ മാത്രമായിരിക്കും. ധര്‍മ്മം., പൈതൃകം, സംസ്ക്കാരം, പാരമ്ബര്യം, കല, സാഹിത്യം തുടങ്ങി ബഹുമുഖങ്ങളായ ജീവിത മേഖലകളെ സ്പര്‍ശിക്കുന്നതാണ് ക്ഷേത്രാചാരങ്ങള്‍.

ഉത്സവനോട്ടീസുകളില്‍ മഹാന്മാക്കളുടെ ഉദ്ധരണികളോ ചിത്രങ്ങളോ പാടില്ലന്ന നിബന്ധന ദുരുദ്ദേശ്യപരമാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, ചട്ടമ്ബിസ്വാമികള്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഉദ്ധരണികളും ക്ഷേത്രവിരുദ്ധമാണോ?. ഭാവിയില്‍ ക്ഷേത്ര പ്രസിദ്ധീകരണങ്ങളെയെല്ലാം പാര്‍ട്ടി സാഹിത്യങ്ങളാക്കി മാറ്റുക എന്ന ദീര്‍ഘകാല ലക്ഷ്യം ബോര്‍ഡ് അധികാരികള്‍ക്കുണ്ടെന്ന് വ്യക്തം.

നാമജപഘോഷത്തോടും ദേവസ്വം ബോര്‍ഡിന് എതിര്‍പ്പാണ്. പ്രതിഷേധ സൂചകമായി നാമം ജപിക്കാൻ പാടില്ലത്രേ. നാമം ജപിക്കുക എന്നത് ഭക്തന്റെ ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനത്തിനുളള അവകാശവുമാണ്. നാമം ജപിക്കുന്നത് ഏത് കാര്യസാധ്യത്തിനുമാകാം. അതൊരു വഴിപാടാണ്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് സല്‍ബുദ്ധിയുണ്ടാവാനും നാമം ജപിക്കാം. ഭക്തന്റെ ഉള്ളില്‍ ദുഃഖമോ അസ്വസ്ഥതയോ പ്രതിഷേധമോ ഉണ്ടാകുമ്ബോഴാണ് ഭഗവാനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്. അതും പാടില്ല എന്നു പറഞ്ഞാല്‍ ക്ഷേത്രങ്ങളുടെ അടിസ്ഥാന തത്ത്വത്തെ ധ്വംസിക്കുകയാവും ഫലം.
ക്ഷേത്ര വിരുദ്ധമായതും ഭക്ത ജനങ്ങളുടെ താല്പര്യങ്ങളെ നിഷേധിക്കുന്നതുമായ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍ പിൻവലിക്കണം. അബദ്ധജടിലമായ പ്രസ്തുത സര്‍ക്കുലറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം എ.കെ.ജി സെന്റര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കികൊണ്ടുളളതാവാം അടുത്ത സര്‍ക്കുലര്‍.

രാഷ്‌ട്രീയ വേര്‍തിരുവുകള്‍ക്ക് അതീതമായി ക്ഷേത്ര താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചും എല്ലാവരേയും ഉള്‍ക്കൊണ്ടും വിശാലവും സമഗ്രവുമായ സമീപനമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടാകേണ്ടത്. അതുവഴി ശാന്തവും ഭക്തി നിര്‍ഭരവുമായ സമാധാനാന്തരീക്ഷം ക്ഷേത്രങ്ങളില്‍ ഉണ്ടാകുന്നതിന് ദേവസ്വം ബോര്‍ഡ് അടിയന്തിര നടപടികള്‍ കൈകൊളളണമെന്നഭ്യര്‍ത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular