Thursday, May 2, 2024
HomeUSAഇസ്രായേല്‍ കരയുദ്ധത്തിന് തയാറെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി പുടിൻ

ഇസ്രായേല്‍ കരയുദ്ധത്തിന് തയാറെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി പുടിൻ

വാഷിങ്ടണ്‍: ഇസ്രായേല്‍ കരയുദ്ധത്തിന് തയാറെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദമിര്‍ പുടിൻ.

സംഘര്‍ഷം മിഡില്‍ ഈസ്റ്റിന് പുറത്തേക്ക് വ്യാപിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. രക്തചൊരിച്ചിലുണ്ടാക്കുന്ന ഈ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സംഘര്‍ഷം ഇനിയും രൂക്ഷമാവുകയാണെങ്കില്‍ അത്യന്തം വിനാശകരവും ഗുരുതരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. മിഡില്‍ ഈസ്റ്റിന് അപ്പുറത്തേക്കും സംഘര്‍ഷം വ്യാപിച്ചേക്കാമെന്നും പുടിൻ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ക്ക് സാധാരണക്കാര്‍ ഉത്തരവാദികളല്ലെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് നെതന്യാഹുവിന്റെ പരാമര്‍ശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂര്‍ണമായും തകര്‍ക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവര്‍ത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിര്‍ത്തി കരയുദ്ധത്തിന്റെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. എപ്പോള്‍ കരയുദ്ധം നടത്തണമെന്നതില്‍ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, യു.എസ് അഭ്യര്‍ഥന പ്രകാരം ഗസ്സക്കു മേലുള്ള കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രായേല്‍ സമ്മതിച്ചതായി യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് യു.എസ് അഭ്യര്‍ഥിച്ചത്. സിറിയയുമായും ഇറാനുമായും സംഘര്‍ഷം മുന്നില്‍ കണ്ടാണ് ഈ മുൻകരുതലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, ഇസ്രായേല്‍ വീണ്ടും സിറിയയില്‍ വ്യോമാക്രമണം നടത്തി. അലപ്പോ വിമാനത്താവള റണ്‍വേ വീണ്ടും തകര്‍ന്നതായും എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായും സിറിയൻ ഗതാഗത മന്ത്രാലയ വക്താവ് സുലൈമാൻ ഖലീല്‍ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇസ്രായേല്‍ സിറിയയെ ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 344 കുട്ടികള്‍ ഉള്‍പ്പെടെ ഗസ്സയില്‍ ബുധനാഴ്ച 756 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവര്‍ 6546 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular